ഹൈദരാബാദ്: തെലങ്കാനയില്‍ മദര്‍തെരേസയുടെ പേരിലുള്ള സ്‌കൂള്‍ തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ തകര്‍ക്കാനിടയായ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കാവി വസ്ത്രം ധരിച്ച് സ്‌കൂളിലേക്ക് വന്ന വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ എതിര്‍ത്തു എന്ന് കാണിച്ചാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. അതേ സമയം സ്‌കൂള്‍ തകര്‍ത്ത തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ക്കെതിരെ ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ല.
രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 153(എ) പ്രകാരം ഒരു മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക, സെക്ഷന്‍ 295(എ) പ്രകാരം മതവികാരം വ്രണപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടുത്തി കൊണ്ടാണ് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ദണ്ടേപള്ളി പൊലീസ് കേസെടുത്തത്.
യൂണിഫോമിന് പകരം കാവി വസ്ത്രം ധരിച്ചുവന്ന വിദ്യാര്‍ത്ഥികളോട് സ്‌കൂള്‍ അധികൃതര്‍ വിശദീകരണം തേടിയിരുന്നു. ഇതിന്റെ പേരിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തീവ്രഹിന്ദുത്വ സംഘടനയായ ഹനുമാന്‍ സ്വാമീസിന്റെ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചു തകര്‍ക്കുകയും സ്‌കൂളിന് മുമ്പിലുള്ള മദര്‍തെരേസയുടെ രൂപം എറിഞ്ഞുടക്കുകയും ചെയ്തത്. സ്‌കൂള്‍ അധികൃതരെ കൊണ്ട് ജയ്ശ്രീറാം വിളിപ്പിക്കുകയും മലയാളിയായ വൈദികന് ഉള്‍പ്പടെ മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.
രണ്ടുദിവസം മുമ്പാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ യൂണിഫോമിന് പകരം കാവിവസ്ത്രം ധരിച്ചുകൊണ്ട് വിദ്യാലയത്തിലെത്തിയത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രക്ഷിതാക്കളെ കൊണ്ടുവരാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ബ്ലെസ്ഡ് മദര്‍ തെരേസ ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് ബുധനാഴ്ച പി.ടി.ഐയോട് പറഞ്ഞത്.
ഇതിനു പിന്നാലെയാണ് ഒരുകൂട്ടം തീവ്രഹിന്ദുത്വര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്‌കൂളിലേക്ക് തള്ളിക്കയറിയത്. പ്രകോപിതരായ ചിലര്‍ സ്‌കൂള്‍ ജനാലകള്‍ എറിഞ്ഞു നശിപ്പിക്കുകയും സ്‌കൂളിന് മുന്നിലുള്ള മദര്‍തെരേസയുടെ രൂപം എറിഞ്ഞു തര്‍ക്കുകയുമായിരുന്നു.
Content Highlight: In Telangana, the police have registered a case against the school authorities in the incident where the activists of the extremist Hindu organization destroyed the school