| Saturday, 4th January 2025, 4:11 pm

തെലങ്കാനയില്‍ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച സംഭവം; വാര്‍ഡനുള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയിലെ എഞ്ചിനീയറിങ് കോളേജിന്റെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പെടെ അറസ്റ്റില്‍. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. വാര്‍ഡന്‍ അടക്കം ഏഴ് പേരാണ് അറസ്റ്റിലായത്.

ബുധനാഴ്ച ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മേഡ്ചലിലെ സി.എം.ആര്‍ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം നടന്നത്.

അറസ്റ്റിലായതിന് പിന്നാലെ പ്രതികളില്‍ നിന്ന് 12 മൊബൈല്‍ ഫോണ്‍ കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു. വിരലടയാളം ഉള്‍പ്പെടെയുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഫോറന്‍സിക് ലാബിലേക്ക് അയച്ചതായും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.

ഹോസ്റ്റലില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണില്‍ നിന്ന് വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡനെ വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.

പിന്നാലെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാത്രി ആരംഭിച്ച പ്രതിഷേധം വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ഡനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

മാനേജ്‌മെന്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കോളേജ് മൂന്ന് ദിവസത്തേക്ക് അടച്ചുപൂട്ടി. വിദ്യാര്‍ത്ഥികള്‍ വീട്ടിലേക്ക് മടങ്ങണമെന്ന് മാനേജ്‌മെന്റ് നിര്‍ദേശം നല്‍കിയതായും വിവരമുണ്ട്.

അതേസമയം കോളേജ് മാനേജ്‌മെന്റിനെതിരെയും പൊലീസ് കേസെടുത്തതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് നടപടി.

Content Highlight: In Telangana, a hidden camera was installed in a hostel toilet; 7 people including the warden were arrested

We use cookies to give you the best possible experience. Learn more