ചെന്നൈ; സവര്‍ണമേധാവികളടെ വിലക്ക് മറികടന്ന് തെരുവിലൂടെ ചെരുപ്പിട്ട് നടന്ന് ദളിതരുടെ ചെറുത്ത് നില്‍പ്പ്. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ രാജാവൂര്‍ ഗ്രാമത്തിലെ കമ്പളനായ്ക്കര്‍ തെരുവിലൂടെയാണ് പട്ടികജാതി വിഭാഗത്തില്‍ പെട്ട 60 പേര്‍ വിലക്ക് മറികടന്ന് ചെരുപ്പിട്ട് നടന്നത്.
ദേവത കോപിക്കുമെന്ന കാരണം പറഞ്ഞ് ദളിതര്‍ക്ക് ഈ തെരുവിലൂടെ ചെരുപ്പിട്ട് നടക്കുന്നതിന് വിലക്കുണ്ടായിരുന്നു. തെരുവിലൂടെ സൈക്കിളില്‍ സഞ്ചരിക്കുന്നതിനും ഇവിടെ ദളിതര്‍ക്ക് വിലക്കുണ്ടായിരുന്നു. ഈ വിലക്കിനെ മറിടകടന്നാണ് കഴിഞ്ഞ ദിവസം സി.പി.ഐ.എം, വി.സി.കെ, എ.ടി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് പാദരക്ഷകള്‍ ധരിച്ച് തെരുവിലൂടെ നടന്നത്.
കമ്പളനായ്ക്കര്‍ തെരുവില്‍ താമസിക്കുന്ന അരുന്തതിയാര്‍ വിഭാഗത്തില്‍ പെട്ട ദളിതര്‍ക്കും, മറ്റു പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കുമായിരുന്നു ഈ തെരുവില്‍ ചെരുപ്പിട്ട് നടക്കുന്നതിന് വിലക്കുണ്ടായിരുന്നത്. ദളിതര്‍ ചെരുപ്പിട്ട് നടന്നാല്‍ ദേവത കോപിക്കുമെന്നും മൂന്ന് മാസത്തിനകം അവര്‍ കൊല്ലപ്പെടുമെന്നുമായിരുന്നു വിലക്കിന് കാരണമായി പ്രദേശത്തെ സവര്‍ണ വിഭാഗക്കാര്‍ പ്രചരിപ്പിച്ചിരുന്നു. ദളിത് വിഭാഗത്തില്‍ പെട്ട ചിലര്‍ ഇത് വിശ്വസിക്കുകയും ചെയ്തിരുന്നു.
ഈ വിലക്ക് വലിയ രീതിയില്‍ വാര്‍ത്തയായി പ്രചരിച്ചതോടെയാണ് വിവിധ ദളിത് സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടത്. ഇത്തരം സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം ചെരുപ്പിട്ട് പ്രതിഷേധിച്ചത്.
തലമുറകളായി തങ്ങള്‍ ഈ വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ഗ്രാമവാസിയായ മരുകാനന്ദം എന്ന വ്യക്തിയെ ഉദ്ധരിച്ച് കൊണ്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച രാവിലെ അറുപതോളം ആളുകള്‍ തെരുവിലൂടെ പാദരക്ഷകള്‍ ധരിച്ചു നടന്നിരുന്നു എന്ന് തമിഴ്‌നാട് അണ്‍ ടച്ചിബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട് സെക്രട്ടറി സി.കെ.കനകരാജ് പറഞ്ഞു. പൊലീസ് പദയാത്ര നടത്താന്‍ അനുമതി തന്നിരുന്നില്ലെന്നും എന്നാല്‍ തങ്ങളുടെ ഈ പ്രവര്‍ത്തി കൂടുതല്‍ പേര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണെന്നിം അദ്ദേഹം പറഞ്ഞു.
content highlights: In Tamil Nadu, Dalits wear sandals on the streets, defying the ban