| Wednesday, 14th February 2024, 5:07 pm

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, അതിര്‍ത്തി നിര്‍ണയം; കേന്ദ്രത്തിന്റെ രണ്ട് പ്രധാന നയങ്ങള്‍ക്കെതിരെ പ്രമേയം അവതരിപ്പിച്ച് തമിഴ്നാട് നിയമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പുതിയ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള അതിര്‍ത്തി നിര്‍ണയത്തിനെതിരെയും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തിനെതിരെയും പ്രമേയം അവതരിപ്പിച്ച് തമിഴ്നാട് നിയമസഭ. മുഖ്യമന്ത്രി എം.കെ സ്റ്റാലിനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായകമായ രണ്ട് നയങ്ങള്‍ക്കെതിരെ സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

ഫലപ്രദമായി ജനസംഖ്യ നിയന്ത്രിക്കുന്ന തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും എന്നാല്‍ അതില്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന സമീപനവുമാണ് കേന്ദ്രത്തിന്റേതെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഈ ഘടകങ്ങളൊന്നും പരിഗണിക്കാതെ അതിര്‍ത്തി നിര്‍ണയം നടത്തിയാല്‍ തമിഴ്നാടിനും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും അവരുടെ അധികാരങ്ങളും അവകാശങ്ങളും നഷ്ടപ്പെടുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

1971ല്‍ ബിഹാറിലെയും തമിഴ്നാടിന്റെയും ജനസംഖ്യ കണക്ക് സമാനമായിരുന്നെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ‘കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ബിഹാറിലെ ജനസംഖ്യ തമിഴ്നാടിനെക്കാള്‍ ഒന്നര മടങ്ങ് വര്‍ധിച്ചു. നിലവില്‍ 39 എം.പിമാര്‍ ഉണ്ടായിട്ടും ഞങ്ങള്‍ക്ക് കേന്ദ്രത്തോട് യാചിക്കേണ്ട സ്ഥിതിയാണ്. വീണ്ടും എണ്ണം കുറഞ്ഞാല്‍ പിന്നീട് എന്തായിരിക്കും സ്ഥിതി’, സ്റ്റാലിന്‍ പറഞ്ഞു.

കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നയത്തെയും സഭയില്‍ സ്റ്റാലിന്‍ എതിര്‍ത്തു. ഇന്ത്യയെ പോലെ വിശാലവും വൈവിധ്യപൂര്‍ണ്ണവുമായ ഒരു രാജ്യത്ത് ജനകേന്ദ്രീകൃതമായ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് തദ്ദേശസ്ഥാപനങ്ങളിലേക്കും സംസ്ഥാന അസംബ്ലികളിലേക്കും പാര്‍ലമെന്റിലേക്കും വ്യത്യസ്ത സമയങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. അതിനാല്‍ തന്നെ കേന്ദ്ര നയം അപ്രായോഗികമാണെന്നും ജനാധിപത്യത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഡി.എം.കെയുടെ സഖ്യകക്ഷികള്‍ പ്രമേയത്തെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് നടത്താന്‍ വലിയ തുക ചിലവാകുമെന്ന കേന്ദ്രത്തിന്റെ വാദം തെറ്റാണെന്നും ബജറ്റിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ചെലവാകുന്നുള്ളുവെന്നും കോണ്‍ഗ്രസ് നേതാവ് സല്‍വപെരുന്തഗൈ പറഞ്ഞു.

അടുത്തിടെ ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിച്ച എ.ഐ.എ.ഡി.എം.കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ചു. അതിര്‍ത്തി നിര്‍ണയത്തിനെതിരായ പ്രമേയത്തെ ബി.ജെ.പി എം.എല്‍.എ വനതി ശ്രീനിവാസന്‍ പിന്തുണച്ചെങ്കിലും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയത്തെ അവര്‍ എതിര്‍ത്തു. ക്ഷേമ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന പെരുമാറ്റചട്ടങ്ങളെ മറികടക്കാന്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്ക് സാധിക്കുെമെന്ന് അവര്‍ അവകാശപ്പെട്ടു.

Content Highlight: In Tamil Nadu Assembly, A Challenge To Delimitation, ‘One Nation One Poll’

Latest Stories

We use cookies to give you the best possible experience. Learn more