| Saturday, 10th July 2021, 12:17 pm

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് സര്‍ക്കാരിന് 'രാഷ്ട്രീയം കലര്‍ന്ന ഫാഷനായി' മാറിയിരിക്കുന്നു; സുപ്രീം കോടതിയെ സമീപിച്ച് മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പൗരസമൂഹത്തിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയും അനധികൃതമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ ശശി കുമാര്‍. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് കേന്ദ്രത്തിന് ഇപ്പോള്‍ ഒരു ‘രാഷ്ട്രീയം കലര്‍ന്ന ഫാഷനായി’ മാറിയെന്നും ശശികുമാര്‍ ഹരജിയില്‍ പറഞ്ഞു.

ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പരാമര്‍ശിച്ചായിരുന്നു ശശി കുമാറിന്റെ ഹരജി.

ഇത്തരം നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കാളീശ്വരം രാജ്, നിഷ രാജന്‍ ഷോങ്കര്‍, തുളസി എ. രാജ് എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

2016 മുതല്‍ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നതില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016ല്‍ 35 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2019 ആയപ്പോഴേക്കും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 93 ആയി ഉയര്‍ന്നു. ഈ 93 കേസുകളില്‍ 17 ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ശിക്ഷാ നിരക്കും വളരെ കുറവാണ്. 3.3 ശതമാനമാണ് ശിക്ഷാ നിരക്ക്,’ ശശികുമാര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.

2019ല്‍ 21 ഓളം കേസുകള്‍ തെളിവുകളുടെ അഭാവം കാരണം അവസാനിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകള്‍ വ്യാജമാണെന്നും ആറ് കേസുകള്‍ സിവില്‍ തര്‍ക്കങ്ങളാണെന്ന് കണ്ടെത്തിയതായും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 124 എ യുടെ ഉപയോഗം പരിശോധിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തിമാക്കിയിരുന്നു. ഇതും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ നിയമം രാജ്യദ്രോഹക്കുറ്റം ഉപയോഗിക്കരുതെന്ന് 2010ലെ എസ് ഖുഷ്ബൂ വി കാനിയമ്മാള്‍ വിധിന്യായത്തില്‍ കോടതി തന്നെ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

അക്രമം, പൊതുക്രമം, രാജ്യസുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമ വ്യവസ്ഥിതിയില്‍ മറ്റു നിയമങ്ങള്‍ ഉണ്ടെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: In Supreme Court, Sashi Kumar says sedition law used against people in a ‘politicised fashion’

We use cookies to give you the best possible experience. Learn more