കൊച്ചി: പൗരസമൂഹത്തിനെതിരെയും മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെതിരെയും അനധികൃതമായി രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് മുതിര്‍ന്ന മാധ്യപ്രവര്‍ത്തകന്‍ ശശി കുമാര്‍. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് കേന്ദ്രത്തിന് ഇപ്പോള്‍ ഒരു ‘രാഷ്ട്രീയം കലര്‍ന്ന ഫാഷനായി’ മാറിയെന്നും ശശികുമാര്‍ ഹരജിയില്‍ പറഞ്ഞു.
ആക്ടിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവര്‍ത്തകരായ സിദ്ദീഖ് കാപ്പന്‍, വിനോദ് ദുവ, സിനിമാ സംവിധായിക ഐഷ സുല്‍ത്താന എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പരാമര്‍ശിച്ചായിരുന്നു ശശി കുമാറിന്റെ ഹരജി.
ഇത്തരം നടപടികള്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. കാളീശ്വരം രാജ്, നിഷ രാജന്‍ ഷോങ്കര്‍, തുളസി എ. രാജ് എന്നിവര്‍ മുഖേനയാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.
2016 മുതല്‍ രാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുന്നതില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2016ല്‍ 35 കേസുകളാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2019 ആയപ്പോഴേക്കും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 93 ആയി ഉയര്‍ന്നു. ഈ 93 കേസുകളില്‍ 17 ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ശിക്ഷാ നിരക്കും വളരെ കുറവാണ്. 3.3 ശതമാനമാണ് ശിക്ഷാ നിരക്ക്,’ ശശികുമാര്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.