| Tuesday, 19th November 2024, 6:55 pm

സുഡാനില്‍ 14-49 വയസ്സുവരെ പ്രായമുള്ള സ്ത്രീകളില്‍ ചേലാകര്‍മം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സ്ത്രീകള്‍ വ്യാപകമായി ചേലാകര്‍മത്തിന് വിധേയരാകുന്നതായി റിപ്പോര്‍ട്ട്. യൂണിസെഫിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 14 മുതല്‍ 49 വയസ് വരെ പ്രായമുള്ള സുഡാനീസ് സ്ത്രീകളില്‍ 87%പേരും ചേലകര്‍മത്തിന് വിധേയരായിട്ടുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മറ്റൊരു ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ ഇത് 34.1% ആണ്. എന്നാല്‍ സുഡാനിലും ചാഡിലും ചേലാകര്‍മ്മം അഥവാ എഫ്.ജി.എം female genital mutilation നിയമവിരുദ്ധമായിരിക്കെ ഇതിന് വിധേയരാകുന്നവരുടെ നിരക്ക് ഉയരുന്നത് ആശങ്കാജനകമാണ്.

ചാഡില്‍ എഫ്.ജി.എം നിമയവിരുദ്ധമായതിനാല്‍ തന്നെ വളരെ രഹസ്യമായാണ് ഈ പ്രവര്‍ത്തി നടത്തുന്നതെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കുട്ടികളെ കൂടാതെ വിവാഹിതരായ സ്ത്രീകളും പ്രസവശേഷം മറ്റൊരു തരത്തിലുള്ള എഫ്.ജി.എമ്മിന് വിധേയരാകുന്നുണ്ടെന്നും ഗാര്‍ഡിയന്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്നവരിലെ ഈ പ്രക്രിയ സുഡാനില്‍ ആദല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

സ്ത്രീകളിലെ ജനനേന്ദ്രിയം മുറിച്ചു കളയുന്ന ചേലാകര്‍മ്മം എന്ന പ്രക്രിയ വളരെ വേദനാജനകമായ ഒരു പ്രവര്‍ത്തിയാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഈ പ്രവര്‍ത്തനത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഇത് പലപ്പോഴും അണുവിമുക്തമാക്കാത്ത ഉപകരണങ്ങള്‍ ഉപയോഗിച്ചും വൃത്തിഹീനമായ സ്ഥലത്ത് വെച്ചും മെഡിക്കല്‍ യോഗ്യതകളില്ലാത്ത ആളുകളാലാണ്  നിര്‍വ്വഹിക്കപ്പെടുന്നത്.

2020ല്‍ സുഡാനില്‍ എഫ്.ജി.എം നിയമവിരുദ്ധമാക്കുന്നതിന് മുമ്പ്, ചാഡിലെ സുഡാനീസ് അഭയാര്‍ത്ഥികള്‍ അവരുടെ പെണ്‍മക്കളെ ചേലകര്‍മത്തിന് വിധേയമാക്കാനായി മാത്രം സുഡാനിലേക്ക് കൊണ്ടുപോവുകയും അത് പൂര്‍ത്തിയായതിന് ശേഷം അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മടങ്ങുകയും ചെയ്തിരുന്നെന്ന് യു.എന്‍ അഭയാര്‍ത്ഥി ഏജന്‍സിയായ യു.എന്‍.എച്ച്.സി.ആറിലെ സ്റ്റാഫ് അംഗം പറഞ്ഞു.

‘ചാഡില്‍ എഫ്.ജി.എം നിയന്ത്രിക്കുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു, കാരണം പല സമൂഹങ്ങളും ഇത് ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നായിരുന്നു വിശ്വസിച്ചിരുന്നത്. ഇത് നിയമപരമായി നിരോധിക്കപ്പെട്ടതാണ്. എന്നാല്‍ ഇപ്പോഴും ഇത് രഹസ്യമായി ചെയ്യുന്നവര്‍ ധാരാളമുണ്ട്.

പലപ്പോഴും വിവിധ ആരോഗ്യപ്രശ്നങ്ങള്‍ കാരണം സ്ത്രീകള്‍ ആശുപത്രികളില്‍ എത്തുമ്പോഴാണ് എഫ്.ജി.എമ്മിന്റെ നിരവധി കേസുകള്‍ കണ്ടെത്തുന്നത്. പലപ്പോഴും എഫ്.ജി.എമ്മിനിടെയുണ്ടാകുന്ന മുറിവുകള്‍ വഴി രക്തസ്രാവം പോലുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്,’ മറ്റൊരു സാമൂഹിക പ്രവര്‍ത്തകന്‍ ഗാര്‍ഡിയനോട് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ന് ജീവിച്ചിരിക്കുന്ന 200 മില്യണ്‍ പെണ്‍കുട്ടികളും സ്ത്രീകളും ഏതെങ്കിലും തരത്തിലുള്ള എഫ്.ജി.എമ്മിന് വിധേയരായിട്ടുണ്ട്.

ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും 30 രാജ്യങ്ങളില്‍ ഇത് കൂടുതലായും നടക്കുന്നുണ്ടെങ്കിലും ഏഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെ ചില രാജ്യങ്ങളിലും എഫ്.ജി.എം പ്രയോഗത്തിലുണ്ട്.

എന്തുകൊണ്ട് എഫ്.ജി.എം

സാമൂഹത്തിന് വേണ്ടി പെണ്‍കുട്ടിയെ പാകപ്പെടുത്തല്‍, മതപരമായ കാരണങ്ങള്‍, ശുചിത്വത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍, സ്ത്രീയുടെ കന്യകത്വം സംരക്ഷിക്കുക, സ്ത്രീയെ വിവാഹയോഗ്യയാക്കി തീര്‍ക്കുക, പുരുഷന്റെ ലൈംഗിക സുഖം വര്‍ധിപ്പിക്കുക എന്നിവയാണ് എഫ്.ജിഎം നടത്തുന്നതിനുള്ള ഏറ്റവും പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ചില സംസ്‌കാരങ്ങളില്‍ എഫ്.ജി.എം പ്രായപൂര്‍ത്തിയാകാനുള്ള ഒരു ചടങ്ങായും വിവാഹം കഴിക്കുന്നതിന് മുമ്പുള്ള പ്രധാന വ്യവസ്ഥയായും കണക്കാക്കുന്നുണ്ട്.

Content Highlight: In Sudan, female genital mutilation is reported to be on the rise among women aged 14-49 years

We use cookies to give you the best possible experience. Learn more