| Thursday, 16th May 2019, 10:51 am

പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ ഫലപ്രഖ്യാപനത്തിനു മുമ്പ് പ്രഖ്യാപിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും ഗുലാം നബി ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: പ്രധാനമന്ത്രി പദം ലഭിച്ചില്ലെങ്കിലും കോണ്‍ഗ്രസിന് പ്രശ്‌നമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സഖ്യകക്ഷികള്‍ക്കുള്ള സന്ദേശമാണ് ഗുലാം നബി ആസാദിന്റെ ഈ പ്രസ്താവനയെ കണക്കാുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിര്‍ത്താന്‍ കോണ്‍ഗ്രസ് നേരത്തെ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തോട് തനിക്ക് താല്‍പര്യമില്ലെന്ന് രാഹുല്‍ ഗാന്ധി പലവട്ടം പറഞ്ഞതാണ്.

എന്‍.ഡി.എയെ അധികാരത്തില്‍ നിന്നും പുറത്താക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ലക്ഷ്യം. ‘നമ്മള്‍ അവസാന ഘട്ട തെരഞ്ഞെടുപ്പിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയതില്‍ നിന്നും എനിക്കു മനസിലായത് ബി.ജെ.പിയോ എന്‍.ഡി.എയോ അധികാരത്തില്‍ തിരിച്ചെത്താന്‍ പോകുന്നില്ലയെന്നാണ്. നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം എന്‍.ഡി.എ ഇതര സര്‍ക്കാറായിരിക്കും കേന്ദ്രത്തിലുണ്ടാവുക.’ അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയുടെ യഥാര്‍ത്ഥ രൂപം തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്. 2014ല്‍ അധികാരത്തിലെത്തിയശേഷം അവര്‍ വിദ്വേഷം പടര്‍ത്തുകയും ഭിന്നിപ്പുണ്ടാക്കുകയുമാണ് ചെയ്തത്. മുതലാളിത്ത നയങ്ങളാണ് അവര്‍ പിന്തുടരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പന്നര്‍ക്ക് അനുകൂലമായ നയങ്ങള്‍ മാത്രമാണ് ബി.ജെ.പി സര്‍ക്കാര്‍ പിന്തുടര്‍ന്നത്.

ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്, എ.എ.പി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുലിനെ പിന്തുണച്ചിരുന്നു. എന്നാല്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി.എസ്.പി നേതാവ് മായാവതി തുടങ്ങിയവര്‍ ഇതിനെതിരെ എതിര്‍ത്തിരുന്നു.

We use cookies to give you the best possible experience. Learn more