ലങ്കയിലേത് അവരുടെ ആഭ്യന്തര കാര്യം; വിഷയത്തില്‍ നിലപാടില്ലെന്ന് ഇന്ത്യ
national news
ലങ്കയിലേത് അവരുടെ ആഭ്യന്തര കാര്യം; വിഷയത്തില്‍ നിലപാടില്ലെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th July 2022, 11:41 pm

ന്യൂദല്‍ഹി: ജനകീയ പ്രക്ഷോഭം നടക്കുന്ന ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയുടെയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയുടെയും വസതികളില്‍ പ്രതിഷേധം നടത്തിയപ്പോള്‍ കൊളംബോയിലേക്ക് ദല്‍ഹിയില്‍ നിന്ന് സൈന്യത്തെ അയച്ചെന്ന വാര്‍ത്ത ഇന്ത്യന്‍ ഹൈക്കമീഷന്‍ നിഷേധിച്ചു.

ശ്രീലങ്കയിലേക്ക് ഇന്ത്യ സൈന്യത്തെ അയച്ചുവെന്ന് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണ്. ഇപ്പോള്‍ നടക്കുന്നത് ലങ്കയിലെ ആഭ്യന്തര കാര്യമാണ്. ഈ റിപ്പോര്‍ട്ടുകളും അത്തരം വീക്ഷണങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലന്ന് ഇന്ത്യന്‍ ഹൈകമ്മീഷന്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

ശ്രീലങ്കയില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും പ്രസിഡന്റ് ഗോതാബയ രാജപക്സെ ഒളിച്ചോടുകയും രാജി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്സെ രാജ്യം വിടാന്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രിയില്‍ കഠിന ശ്രമങ്ങള്‍ നടത്തിയെങ്കിലും വിമാനത്താവള ജീവനക്കാര്‍ വഴി തടഞ്ഞതിനെ തുടര്‍ന്ന് അപമാനിതനായി പിന്‍വാങ്ങേണ്ടി വന്നു. ബന്ദാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വി.ഐ.പി ക്യൂ ഉപയോഗിച്ച് രജപക്സെയുടെയും കുടുംബാംഗങ്ങളുടേയും പാസ്പോര്‍ട്ട് സ്റ്റാമ്പ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇമിഗ്രേഷന്‍ ജീവനക്കാര്‍ തടഞ്ഞു. പൊതുജനങ്ങളുടെ പ്രതിഷേധം ഭയന്ന് സാധാരണ ക്യൂ ഉപയോഗിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

ഇത്തരത്തില്‍ യു.എ.ഇയിലേക്കുള്ള നാല് വിമാനങ്ങളില്‍ കയറികൂടാനുള്ള രാജപക്സെയുടെ ശ്രമങ്ങള്‍ വിമാനത്താവള ജീവനക്കാര്‍ തടഞ്ഞുവെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി മുഴുവന്‍.