| Thursday, 6th January 2022, 1:42 pm

കൊവിഡ് വാക്‌സിനെടുക്കുന്നത് ഒഴിവാക്കാന്‍ അമ്മ മക്കളെ 'തട്ടിക്കൊണ്ടുപോയി'; പരാതിയുമായി മുന്‍ ഭര്‍ത്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഡ്രിഡ്: കൊവിഡ് വാക്‌സിന്‍ എടുക്കുന്നത് ഒഴിവാക്കാനായി മക്കളെ അമ്മ തട്ടിക്കൊണ്ട് പോയെന്ന് പരാതി. കുട്ടികളുടെ പിതാവായ യുവതിയുടെ മുന്‍ ഭര്‍ത്താവാണ് പരാതിയുമായി രംഗത്തെത്തിയത്.

പ്രായപൂര്‍ത്തിയാവാത്ത മക്കളെ തട്ടിക്കൊട്ട് പോയി എന്നാരോപിച്ചാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. 14, 12 വയസുള്ള ആണ്‍കുട്ടികളെയായിരുന്നു കാണാതായത്.

ഡിസംബറിലായിരുന്നു പരാതി നല്‍കിയത്.

നവംബര്‍ നാല് മുതല്‍ കുട്ടികളെ താന്‍ കണ്ടിട്ടില്ലെന്നും അവരെ സ്‌കൂളില്‍ നിന്നും മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞ് ഭാര്യ കത്തയച്ചിരുന്നെന്നും യുവാവ് പരാതിയില്‍ പറഞ്ഞിരുന്നു.

സംഭവത്തിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മക്കള്‍ക്ക് വാക്‌സിനെടുക്കുന്ന കാര്യത്തില്‍ യുവാവിന് തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്ന് കോടതി ഉത്തരവിട്ടിരുന്നു.

പരാതിയെത്തുടര്‍ന്ന് യുവതിക്കെതിരെ അധികൃതര്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് 46കാരിയായ യുവതി കഴിഞ്ഞ ദിവസം അധികൃതര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു.

തന്റെ രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു ബുധനാഴ്ച രാവിലെ യുവതി സെവില്ലയിലെ ജഡ്ജിക്ക് മുന്നില്‍ ഹാജരായത്. ഇവരെ റിമാന്‍ഡ് കസ്റ്റഡിയില്‍ വിടാന്‍ ജഡ്ജി ഉത്തരവിട്ടു.

കുട്ടികളെ അവരുടെ പിതാവിനൊപ്പം വിട്ടു.

ഡിസംബര്‍ 15 മുതലായിരുന്നു അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ സ്‌പെയിന്‍ അനുമതി നല്‍കിയത്.

നേരത്തെ 17കാരനായ വിദ്യാര്‍ത്ഥിക്ക് വാക്‌സിന്‍ കുത്തിവെക്കാന്‍ ശ്രമിച്ചതിന് അമേരിക്കയില്‍ ഹൈസ്‌കൂള്‍ അധ്യാപിക അറസ്റ്റിലായിരുന്നു.

ഔദ്യോഗികമായി മെഡിക്കല്‍ ക്വാളിഫിക്കേഷന്‍ ഇല്ലാതെയാണ് അധ്യാപിക തന്റെ വീട്ടില്‍ വെച്ച് വിദ്യാര്‍ത്ഥിക്ക് വാക്‌സിനെടുക്കാന്‍ ശ്രമിച്ചത് എന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.

വാക്‌സിനെടുക്കാന്‍ ശ്രമിച്ചതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: In Spain Ex-Husband Files Complaint against woman that she Kidnapped Sons To Avoid Covid Vaccine

We use cookies to give you the best possible experience. Learn more