| Sunday, 21st July 2019, 11:33 am

കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒറ്റ പെണ്‍കുഞ്ഞ് പോലും പിറക്കാതെ ഉത്തരകാശിയിലെ 132 ഗ്രാമങ്ങള്‍; വന്‍ പെണ്‍ ഭ്രൂണഹത്യയെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ഗ്രാമത്തില്‍ വന്‍തോതില്‍ പെണ്‍ ഭ്രൂണഹത്യ നടക്കുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തിലാണ് ഉത്തരകാശിയിലെ 132 ഗ്രാമങ്ങളില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഒരു പെണ്‍കുഞ്ഞ് പോലും ജനിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം വെളിച്ചത്തുവന്നത്.

216 കുഞ്ഞുങ്ങളാണ് ഇക്കാലയളവില്‍ ജനിച്ചത്. അതെല്ലാം ആണ്‍കുഞ്ഞുങ്ങളാണു താനും. ഇത് വന്‍തോതിലുള്ള പെണ്‍ ഭ്രൂണഹത്യയിലേക്കാണു വിരല്‍ ചൂണ്ടുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാന്‍ പറഞ്ഞു.

‘അടുത്ത ആറുമാസത്തേക്ക് ഗ്രാമത്തില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിക്കും. സാഹചര്യം മെച്ചപ്പെട്ടില്ലെങ്കില്‍ ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുറ്റക്കാരെന്നു കണ്ടെത്തുന്ന കുടുംബങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’- അദ്ദേഹം പറഞ്ഞു.

ജില്ലാ ഭരണകൂടം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരോട് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.

സംസ്ഥാനത്തെ സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്താണ് ഉത്തരകാശി. ആയിരം പുരുഷന്മാര്‍ക്ക് 963 സ്ത്രീകള്‍ എന്നാണ് കണക്ക്. 2011-ലെ സെന്‍സസ് പ്രകാരമാണിത്.

അതേസമയം നൂറുവര്‍ഷം മുന്‍പ് ജില്ലയിലെ അനുപാതത്തില്‍ മുന്‍പില്‍ സ്ത്രീകളായിരുന്നു. 1901-ല്‍ 1015 സ്ത്രീകളാണ് ആ സ്ഥാനത്തുണ്ടായിരുന്നത്. 1931-ഓടുകൂടിയാണ് ഇതില്‍ കുറവുവന്നത്.

2011-ലെ സെന്‍സസ് പ്രകാരം നഗരങ്ങളിലേക്കാള്‍ ഗ്രാമീണ മേഖലകളിലാണ് അനുപാതം മെച്ചപ്പെട്ട നിലയിലുള്ളത്. നഗരമേഖലകളിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ ഏറ്റവും പിന്നിലുള്ളത് ഉത്തരാഖണ്ഡാണ്, 816. ഹരിയാനയാണ് തൊട്ടടുത്ത്, 833. ഛത്തീസ്ഗഢിലാണ് ഏറ്റവും മികച്ച അനുപാതം, 961.

We use cookies to give you the best possible experience. Learn more