| Saturday, 17th August 2024, 7:32 pm

ഫലസ്തീന് പിന്തുണ പ്രഖ്യാപിക്കാനായി നെൽസൺ മണ്ടേലയുടെ ചെറുമകനെ കണ്ട് തുർക്കി പാർലമെന്റ് സ്പീക്കർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: ഫലസ്തിനായുള്ള പിന്തുണ പ്രഖ്യാപിച്ച് നെൽസൺ മണ്ടേലയുടെ ചെറുമകൻ സ്വെലിവെലിലെ മണ്ടേലയുമായി കൂടിക്കാഴ്ച നടത്തി തുർക്കി പാർലമെന്റ് സ്പീക്കർ നുമാൻ കുർത്തുൽമസ്. സ്വെലിവെലിലെ മണ്ടേലയോടൊപ്പം അടുത്തിടെ ഇസ്‌ലാം മതം സ്വീകരിച്ച മുൻ ആയോധനകല പോരാളി ജെഫ് മോൺസണുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചക്ക് പിന്നാലെ യൂറോപ്യൻ മുസ്‌ലിം ഫോറം, ഗ്ലോബൽ ഫലസ്തീൻ ഉച്ചകോടി എന്നിവയുടെ പ്രതിനിധികൾക്കൊപ്പം ദക്ഷിണാഫ്രിക്കൻ പാർലമെൻ്റ് അംഗമായ എൻകോസി സ്വെലിവെലിലെ മണ്ടേല, മുൻ അൾട്ടിമേറ്റ് ഫൈറ്റിങ് ചാമ്പ്യൻഷിപ്പ് മത്സരാർത്ഥി ജെഫ് മോൺസൺ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചു.

‘ഇസ്രഈലിന്റെ അടിച്ചമർത്തലിനെതിരെ നീതിയുടെയും മാനവികതയുടെയും പക്ഷത്ത് നിന്ന് ധീരമായ നിലപാടെടുത്തതിന് എന്റെ സഹോദരന്മാർക്ക് ആത്മാർത്ഥമായി നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,’ കുർത്തുൽമസ് കൂട്ടിച്ചേർത്തു.

അടുത്തിടെയാണ് മോൺസൺ ഇസ്‌ലാം മതം സ്വീകരിച്ചത്. ഫലസ്തീനികൾക്കുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് താൻ ഇസ്‌ലാം മതം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്സ് ഗെയിംസിൽ നിന്ന് ഇസ്രഈലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത് തുടരണമെന്ന് ദക്ഷിണാഫ്രിക്കൻ ഒളിമ്പിക്സ് കമ്മിറ്റിയോട് സ്വെലിവെലിലെ അഭ്യർത്ഥിച്ചിരുന്നു.

‘ഗസയിൽ വംശഹത്യ നടത്തുന്ന ഇസ്രഈലിനെ പാരീസ് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിച്ചതിൽ ഞാൻ എന്റെ അമർഷം വ്യക്തമാക്കുന്നു. ഫലസ്തീൻ ഒളിമ്പിക്സ് കമ്മിറ്റിയുടെ തലവനെ അവർ തടങ്കലിൽ വെച്ചു. ഇതിനെതിരെ ഞങ്ങൾ അപലപിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഇസ്രഈലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) ദക്ഷിണാഫ്രിക്ക വംശഹത്യ കേസ് ഫയൽ ചെയ്തിരുന്നു. ഒപ്പം ഗസയിലെ സൈനിക പ്രവർത്തനങ്ങൾക്ക് വിരാമമിടാൻ ഇസ്രഈലിനെ നിർബന്ധിക്കുന്നതിനായി അഭിഭാഷകരെ അയക്കുകയും ചെയ്തിരുന്നു. ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (ANC) വളരെക്കാലമായി തന്നെ ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഒക്‌ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.

Content Highlight: In show of support for Palestine Turkiye Parliament Speaker meets Nelson Mandela’s grandson

Latest Stories

We use cookies to give you the best possible experience. Learn more