അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ 62 എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി നവ്‌ജ്യോത് സിംഗ് സിദ്ദു.
അമൃത്സറിലെ വസതയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. മാറ്റത്തിന്റെ കാറ്റടിച്ചു തുടങ്ങി എന്നാണ് സിദ്ദു കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. ജൂലൈ 18 നാണ് സിദ്ദുവിനെ നേതൃത്വം പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചത്.
അമരീന്ദറും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകുന്നതിനിടെയാണ് പഞ്ചാബ് പി.സി.സി. അധ്യക്ഷനായി സിദ്ദുവിനെ ഉന്നത നേതൃത്വം നിയമിച്ചത്. ഇതോടെ ഇരുവരും തമ്മിലുള്ള വാക്‌പ്പോര് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങി.
സോണിയാ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞെങ്കിലും സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന നിലപാടാണ് അമരീന്ദര്‍ എടുത്തത്.
സിദ്ദു പരസ്യമായി മാപ്പ് പറയണമെന്ന അമരീന്ദര്‍ സിംഗിന്റെ ആവശ്യം നവജ്യോത് സിംഗ് സിദ്ദു ക്യാമ്പ് നിരസിച്ചു. സിദ്ദുവല്ല പകരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് തന്റെ അഹംഭാവം കളഞ്ഞ് ജനങ്ങളോട് മാപ്പ് പറയേണ്ടതെന്ന് സിദ്ദു ക്യാംപ് പറഞ്ഞു.
സിദ്ദു ഇപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാണെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് സിദ്ദുവിന്റെ പക്ഷത്തുള്ള എം.എല്‍.എമാരുടെ വാദം.
”സിദ്ദു എന്തിനുവേണ്ടിയാണ് മുഖ്യമന്ത്രിയോട് മാപ്പ് പറയേണ്ടത് ? ഇതൊരു പൊതു പ്രശ്നമല്ല. തന്റെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ മുഖ്യമന്ത്രി പൊതുജനങ്ങളോട് ക്ഷമ ചോദിക്കണം,” സിദ്ദുവിന്റെ ഏറ്റവും അടുത്ത സഹായിയും എം.എല്‍.എയുമായ പര്‍ഗത് സിംഗ് പറഞ്ഞു.
ഹൈക്കമാന്റ് തൈരഞ്ഞെടുത്ത പി.സി.സി. പ്രസിഡന്റാണ് സിദ്ദുവെന്നും ജനങ്ങളുടെ മനസ്സ് എന്താണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും സിദ്ദു മാപ്പ് പറയരുതെന്നും എം.എല്‍.എ. മദന്‍ ലാല്‍ ജലാല്‍പൂര്‍ പറഞ്ഞു.
സിദ്ദുവിനൊപ്പം നാല് വര്‍ക്കിങ് പ്രസിഡന്റുമാരെയും ഹൈക്കമാന്റ് നിയമിച്ചിരുന്നു. ദളിത്, ഹിന്ദു പ്രാതിനിധ്യം ഉറപ്പാക്കിയാണ് വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനം. അമരീന്ദര്‍ സിംഗുമായി അടുത്ത ബന്ധമുള്ളവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.