ന്യൂദല്‍ഹി: ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ദല്‍ഹി ബില്ലില്‍(നാഷണല്‍ കാപ്പിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി-ഭേദഗതി) രാഷ്ട്രപതി ഒപ്പുവെച്ചു.
ആം ആദ്മി പാര്‍ട്ടിയുടെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. ഇതോടെ രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ സര്‍ക്കാരിനേക്കാള്‍ അധികാരം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് ലഭിക്കും. ജനാധിപത്യ രീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനുള്ള അധികാരങ്ങളും അവകാശങ്ങളും തട്ടിയെടുക്കുന്നതാണ് പുതിയ നിയമഭേദഗതി.
ബില്ല് നിയമമായതോടുകൂടി ഇനിമുതല്‍ സര്‍ക്കാരിന്റെ എല്ലാ നടപടികളും പദ്ധതികളും ലെഫ്റ്റ്‌നന്റ് ഗവര്‍ണറുമായി കൂടിയാലോചിക്കാതെയോ അനുമതി വാങ്ങാതെയോ നടപ്പിലാക്കാന്‍ സാധിക്കില്ല. ദല്‍ഹി സര്‍ക്കാര്‍ എന്നാല്‍, തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുപകരം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ എന്ന നിര്‍വചനം നല്‍കിക്കൊണ്ടുള്ളതാണ് ഭേദഗതി.
ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യസഭയില്‍ ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കെജ്‌രിവാളിന്റെ ജനപിന്തുണ ഭയന്നാണ് കേന്ദ്രം ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ക്ക് സര്‍വ്വാധികാരവും നല്‍കുന്ന നിയമം കൊണ്ടുവന്നതെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. ബില്ലിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ആം ആദ്മി പാര്‍ട്ടി പറഞ്ഞു. ബില്ല് ജനാധിപത്യ വിരുദ്ധമാണെന്ന് കോണ്‍ഗ്രസും പ്രതികരിച്ചു.
ദേശീയ തലസ്ഥാനവുമായി ബന്ധപ്പെട്ട നിയമത്തിലെ 21, 24, 33, 44 വകുപ്പുകളില്‍ ഭേദഗതിക്കായാണ് ബില്ലവതരിപ്പിച്ചത്. ദല്‍ഹി നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളാണ് 21-ാം വകുപ്പില്‍. അതില്‍ സര്‍ക്കാര്‍ എന്നു പറയുന്നിടത്തെല്ലാം ലെഫ്റ്റനന്റ് ഗവര്‍ണര്‍ എന്ന് അര്‍ത്ഥമാക്കണമെന്നും ബില്ലില്‍ പറയുന്നു.
നിയമസഭ പാസാക്കുന്ന ബില്ലിന് അനുമതി നല്‍കുകയോ തടഞ്ഞുവെക്കുകയോ രാഷ്ട്രപതിക്കു വിടുകയോ ചെയ്യാനുള്ള അധികാരം 24-ാം വകുപ്പു പ്രകാരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ലഭിക്കുന്നു.
ബില്ലിലെ 33ാം വകുപ്പ് ചില ചട്ടങ്ങളുണ്ടാക്കുന്നതിന് നിയമസഭയെ വിലക്കുകയും ചെയ്യുന്നുണ്ട്. ഭരണപരമായ നടപടികള്‍ക്ക് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടണമെന്ന് 44-ാം ഭേദഗതി നിര്‍ദേശിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: In Setback For Arvind Kejriwal, Centre’s Delhi Bill Becomes Law