ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചേക്കുമെന്ന് സൂചന. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് സൂചന. നിരവധി എം.എല്‍.എമാര്‍ അമരീന്ദറിന്റെ മാറ്റം ആവശ്യപ്പെട്ട് നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി അമരീന്ദര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ‘ഇത്രയും അപമാനങ്ങള്‍ സഹിച്ച് പാര്‍ട്ടിയില്‍ തുടരാനാവില്ല’ എന്ന് സോണിയയെ അമരീന്ദര്‍ അറിയിച്ചതായാണ് വിവരം. ‘ഇത്തരത്തിലുള്ള അപമാനം സഹിച്ച് മതിയായി, മൂന്നാം തവണയാണ് ഇത് സംഭവിക്കുന്നത്. ഇത്തരം അപമാനങ്ങള്‍ സഹിച്ച് ഇനിയും പാര്‍ട്ടിയില്‍ തുടരാനാകില്ല,’ എന്ന് അമരീന്ദര്‍ സോണിയയെ അറിയിച്ചതായി അടുത്ത വൃത്തങ്ങള്‍ പറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അമരീന്ദറിന്റെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് 40 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. പുതിയ നേതൃത്വം സംസ്ഥാനത്ത് വേണമെന്നാണ് ഇവരുടെ ആവശ്യം.
അതേസമയം ശനിയാഴ്ച വൈകിട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നിര്‍ണായക നിയമസഭ കക്ഷി യോഗത്തില്‍ അമരീന്ദറിന്റെ രാജിയുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകുമെന്നാണ് വിവരം. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ സംസ്ഥാനത്ത് ശക്തമായ നേതൃത്വ മാറ്റത്തിനും ഈ യോഗം കാരണമായേക്കും.
സംസ്ഥാനത്ത് അമരിന്ദര്‍ സിംഗിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി അധികാര വടംവലി നടക്കുന്നുണ്ട്.
അതേസമയം എം.എല്‍.എമാരുടെ ആവശ്യപ്രകാരമാണ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നതെന്ന് പഞ്ചാബിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. ഇന്നു വൈകിട്ട് അഞ്ചിനാണ് നിയമസഭാ കക്ഷി യോഗം.
117 അംഗ പഞ്ചാബ് നിയമസഭയില്‍ നാല്‍പ്പത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരീന്ദറിനെതിരെ രംഗത്തെത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
എന്നാല്‍ അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.