| Monday, 12th August 2019, 12:44 pm

ഞങ്ങളുടെ നിശബ്ദത കീഴടങ്ങലാണെന്ന് ധരിക്കേണ്ട; കശ്മീര്‍ വിഷയത്തില്‍ വിഘടനവാദികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: ഞങ്ങളുടെ നിശബ്ദത കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്ന് ജമ്മുകശ്മീരിലെ വിഘടനവാദികളുടെ ശക്തികേന്ദ്രമായ സോപൂര്‍ നിവാസികള്‍.

‘ഞങ്ങള്‍ ശാന്തരാണ്. പക്ഷേ ഞങ്ങളുടെ ശാന്തത കീഴടങ്ങലാണെന്ന് തെറ്റിദ്ധരിക്കേണ്ട.’ സോപൂരിലെ നൂര്‍ബാങ് നിവാസിയായ അല്‍ത്താഫ് അഹമ്മദ് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ‘ഈ മൗനം തന്ത്രപരമാണ്. ഞങ്ങള്‍ പ്രതികരിക്കാനാണ് അവര്‍ താല്‍പര്യപ്പെടുന്നത്. പക്ഷേ ഞങ്ങള്‍ക്കറിയാം, വരാനിരിക്കുന്നത് നീണ്ട പോരാട്ടമാണെന്ന്.’

പറ്റിയ സമയത്തിനുവേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും അവരെ ഞെട്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ രോഷത്തിലാണെന്നും വിധ്വംസകമായിരിക്കും തങ്ങളുടെ പ്രതികരണമെന്നുമാണ് സോപൂര്‍ നിവാസികള്‍ പറയുന്നത്. ‘ ഈ വര്‍ഷങ്ങളില്‍, ഒരു ടൂറിസ്റ്റോ അല്ലെങ്കില്‍ കശ്മീരിയല്ലാത്തയാളോ വിഘടനവാദികളാല്‍ കൊല്ലപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ദു:ഖം തോന്നുമായിരുന്നു. ബോധപൂര്‍വ്വമോ അല്ലാതയോ ഉണ്ടാവുന്ന അത്തരം കൊലപാതകങ്ങളില്‍ ഞങ്ങള്‍ മാപ്പു ചോദിച്ചിരുന്നു. ഇപ്പോള്‍ ഞങ്ങളെ സംബന്ധിച്ച് എല്ലാ ടൂറിസ്റ്റുകളും അല്ലെങ്കില്‍ കശ്മീരികളല്ലാത്ത തൊഴിലളികളും തീര്‍ക്കപ്പെടേണ്ടവരാണ്.’ കൊളജ് വിദ്യാര്‍ഥിയായ റാഷിദ് നാബിയെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ശനിയാഴ്ച മുതല്‍ കശ്മീരിന്റെ വിവിധ ഭാഗങ്ങളിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ സ്വദേശമായ സോപൂരിലെ റോഡുകളില്‍ ബാരിക്കേഡുകള്‍ തുടരുകയാണ്. ചില വാഹനങ്ങളെ മാത്രമാണ് സൈന്യം അകത്തേക്ക് കടത്തിവിടുന്നത്.

We use cookies to give you the best possible experience. Learn more