| Wednesday, 11th April 2018, 11:21 am

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്: യു.എസ് സെനറ്റില്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ യു.എസ് സെനറ്റിന് മുന്നില്‍ ഹാജരാകവേ, ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ പരാമര്‍ശിച്ച് സക്കര്‍ബര്‍ഗ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നാണ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സെനറ്റില്‍ പറഞ്ഞത്.

“2018 ലോകത്തിന് തന്നെ പ്രധാനപ്പെട്ട ഒരു വര്‍ഷമാണ്. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ പലരാജ്യങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആ തെരഞ്ഞെടുപ്പുകള്‍ സുരക്ഷിതമായി നടക്കാന്‍ ഞങ്ങള്‍ പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.” മാര്‍ക്ക് വ്യക്തമാക്കി.

ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയ വിവരങ്ങള്‍ ഇന്ത്യയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്ന് കേംബ്രിഡ്ജ് അനലറ്റിക്ക മുന്‍ ജീവനക്കാരന്‍ ക്രിസ്റ്റഫര്‍ വൈലി വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഉപഭോക്താവായിരുന്നെന്ന ക്രിസ്റ്റഫര്‍ വൈലിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് രാജ്യത്ത് വന്‍ വിവാദങ്ങളുണ്ടായിരിക്കെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം.


Read Also: ‘ഹിന്ദുരാജാക്കന്‍മാരെക്കുറിച്ച് പഠിപ്പിക്കാതെ കമ്മ്യൂണിസ്റ്റ് ചരിത്രം പഠിപ്പിക്കുന്നു’; ത്രിപുരയിലെ സ്‌കൂള്‍ സിലബസ് മാറ്റുമെന്ന് ബിപ്ലബ് ദേബ്കുമാര്‍


അതേ സമയം, ഫേസ്ബുക്കുമായി ബന്ധപ്പെട്ട നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി താനാണെന്നും തന്റെ ചുമതലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫേസ്ബുക്ക് എന്നും സക്കര്‍ബര്‍ഗ് സഭയില്‍ ഏറ്റുപറഞ്ഞു.

“ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ചുമതലയും എന്റെതാണ്. ഒരുഘട്ടത്തില്‍ കേംബ്രിഡ്ജ് അനലിറ്റിക്കയെ വിശ്വസിച്ചുപോയി”- സക്കര്‍ബര്‍ഗ് പറഞ്ഞു.

ഫേസ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതും, പരസ്പര സംഘര്‍ഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിക്കുന്നതിനെയും വേണ്ടത്ര രീതിയില്‍ പരിഗണിക്കാത്തത് സ്ഥാപനത്തിന്റെ തെറ്റാണ്. സെനറ്റു കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ച സാക്ഷി പത്രത്തിലാണ് സക്കര്‍ബര്‍ഗിന്റെ വിശദീകരണം.


Read Also: ‘എന്തൊരു തള്ള്, ബീഹാര്‍ മുഖ്യമന്ത്രി പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല’; ഒരാഴ്ച കൊണ്ട് 8.5 ലക്ഷം ടോയ്‌ലെറ്റ് നിര്‍മ്മിച്ചെന്ന മോദിയുടെ അവകാശവാദം കണക്ക് പറഞ്ഞ് പൊളിച്ച് തേജസ്വി യാദവ്


അതേസമയം വിമര്‍ശനങ്ങള്‍ എല്ലാം താനെറ്റെടുക്കുന്നുവെന്നും ഫേസ്ബുക്ക് കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ സ്വീകരിക്കുമെന്നും സക്കര്‍ബര്‍ഗ് ഉറപ്പു നല്‍കി. അതോടൊപ്പം 2015 ല്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ഉപഭോക്താക്കളുടെ വിവരശേഖരണം നടത്തിയത് അറിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ നടത്തിയ വിവരശേഖരണം പിന്നീട് നടത്തില്ലെന്ന് കേംബ്രിഡ്ജ് അനലിറ്റിക്ക വാക്ക് നല്‍കിയത് താന്‍ വിശ്വസിച്ചുവെന്നുമാണ് സക്കര്‍ബര്‍ഗ് പറഞ്ഞത്. ആ വിശ്വാസമാണ് ഇപ്പോള്‍ നടന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി ഉപയോഗിച്ചതാണ് കേംബ്രിഡ്ജ് അനലിക്കയുമായി ബന്ധപ്പെട്ട് നടന്ന് പ്രധാന വിവാദം. അതിനു പിന്നാലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ബന്ധമുണ്ടെന്നും തെളിഞ്ഞു.

We use cookies to give you the best possible experience. Learn more