ഇഗ്നേഷ്യസ് ഈനാസ്
ആഫ്രിക്കയില്‍ മസൈ മാര, വിക്ടോറിയ വെള്ളച്ചാട്ടം ഒക്കെ പോലെത്തന്നെ പ്രശസ്തമായ ഒന്നാണ് മൗണ്ടന്‍ ഗോറില്ല ട്രെക്കിങ്ങ്. മനുഷ്യനുമായി ജനിതകഘടനയില്‍ വളരെയധികം സാമ്യമുള്ള മൗണ്ടന്‍ ഗൊറില്ലകള്‍ ഉഗാണ്ടയിലുള്ള ബിവിണ്ടി, മഹാഗിങ്ങാ (Bwindi Impenetrable & Mgahinga) നാഷണല്‍ പാര്‍ക്കുകള്‍, റുവാണ്ടയിലുള്ള വോള്‍കാനോസ് നാഷണല്‍ പാര്‍ക്ക് (Volcanoes National Park) കോംഗോയിലുള്ള വിരുന്ക്ഗ നാഷണല്‍ പാര്‍ക്ക് (Virunga National Park) എന്നിവിടങ്ങളിലെ ഉയരം കൂടിയ നിത്യ ഹരിത വനങ്ങളില്‍ മാത്രം ആണ് കാണപ്പെടുന്നത്. ഇന്ന് ഏകദേശം 800 ല്‍ താഴെ മൗണ്ടന്‍ ഗോറില്ലകളാണ് ഭൂമുഖത്തുള്ളത്. യുനെസ്‌കോയുടെ ഗുരുതരമായി വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയിലാണ് ഇന്ന് ഇവയുടെ സ്ഥാനം. മൗണ്ടന്‍ ഗൊറില്ലകള്‍ ചെറിയ ഗ്രൂപ്പുകള്‍ ആയാണ് താമസം. സില്‍വര്‍ ബാക് എന്നറിയപ്പെടുന്ന ആണ്‍ ഗൊറില്ലകളാണ് ഗ്രൂപ്പിനെ നയിക്കുന്നത്.മിക്ക ഗ്രൂപ്പുകളിലും ഒന്നോ രണ്ടോ ആണ്‍ ഗൊറില്ലകളാണ് ഉണ്ടാവാറുള്ളത് . എന്നാല്‍ ചില ഗ്രൂപ്പുകളില്‍ നാലോ അതില്‍ കൂടുതലോ സില്‍വര്‍ ബാക്കുകള്‍ കാണാറുണ്ട്. ഗ്രൂപ്പുകള്‍ തമ്മില്‍ കണ്ടുമുട്ടിയായാല്‍, സില്‍വര്‍ ബാക്കുകള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ട്. പൊതുവെ സസ്യാഹാരിയായ ഗൊറില്ലകള്‍ ചിലപ്പോള്‍ ഉറുമ്പുകളെയും ചെറിയ പ്രാണികളെയും ഭക്ഷിക്കാറുണ്ട്. ദിവസവും ആറുമണിക്കൂറോളം ഭക്ഷണം കഴിക്കലാണ് പരിപാടി. ഗൊറില്ലകള്‍ പൊതുവെ നിരുപദ്രവകാരികളും നാണം കുണുങ്ങികളും ആണ്.
മൗണ്ടന്‍ ഗൊറില്ലയെ കാണുവാനുള്ള ആദ്യപടി ഒരു ഗൊറില്ല പെര്‍മിറ്റു സംഘടിപ്പിക്കുകയാണ്. പതിനാറു വയസില്‍ താഴെയുള്ള കുട്ടികളെ ട്രെക്കിങ്ങിനു അനുവദിക്കുന്നതല്ല. കോംഗോയില്‍ സെക്യൂരിറ്റി പ്രശനങ്ങള്‍ ഉള്ളതിനാല്‍ ഉഗാണ്ടയിലും റുവാണ്ടയിലും ആണ് ഗൊറില്ല ട്രക്കിങ് നടത്താന്‍ സാധിക്കുന്നത്. എട്ടു പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് ഒരു മണിക്കൂറാണ് ഗൊറില്ലകളുടെ കൂടെ ചിലവഴിക്കാന്‍ അനുവദിച്ചിരിക്കുന്നത് . ഉഗാണ്ടയില്‍ 600 ഡോളറും റുവാണ്ടയില്‍ 1500 ഡോളറുമാണ് പെര്‍മിറ്റ് ഫീസ്. നമുക്ക് നേരിട്ട് അപേക്ഷിക്കാമെങ്കിലും ടൂര്‍ ഏജന്റുകള്‍ വഴി തരപ്പെടുത്തുന്നതാണു എളുപ്പം. ആവശ്യക്കാര്‍ കൂടുതല്‍ ആയതിനാല്‍ തന്നെ മിക്കപ്പോഴും പെര്‍മിറ്റുകള്‍ കിട്ടാന്‍ വിഷമമാണ്. . ഈ ഫീസിന്റെ ഒരു ഭാഗം ഗൊറില്ലകളുടെ ഉന്നമനത്തിനും കുറച്ചു ചുറ്റും താമസിക്കുന്ന ആള്‍ക്കാരുടെ പുരോഗതിക്കുമായി ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ ഗൊറില്ലകളുടെ സംരക്ഷണത്തില്‍ വനത്തിനു ചുറ്റുമുള്ള താമസക്കാര്‍ ബദ്ധശ്രദ്ധരാണ്. മൂന്ന് പാര്‍ക്കിലും കൂടി ഏകദേശം നാനൂറോളം ഗൊറില്ലകളെ ആണ് ടൂറിസ്റ്റുകള്‍ക്ക് കാണുവാന്‍ സാധിക്കുന്നത്.
ഉഗാണ്ടയിലുള്ള ബിവിണ്ടി നാഷണല്‍ പാര്‍ക്കാണ് ഗൊറില്ല ട്രെക്കിങ്ങ് നടത്താന്‍ ഞാന്‍ തിരഞ്ഞെടുത്തത്. കമ്പാലയില്‍ നിന്നും പത്തുമണിക്കൂര്‍ അധികം റോഡുയാത്രയുണ്ട് ഇവിടേക്ക്. എന്നാല്‍ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ എത്താനായാല്‍ (35 മിനിറ്റ് വിമാന യാത്ര), അവിടെ നിന്നും മൂന്നു മണിക്കൂര്‍ യാത്രകൊണ്ട് പാര്‍ക്കിലെത്താം. ഞാനും ആ വഴി തന്നെയാണ് സ്വീകരിച്ചത്. റുവാണ്ടയിലും ഗൊറില്ലകള്‍ ഉണ്ടെങ്കിലും ഉയര്‍ന്ന ഗൊറില്ല ട്രെക്കിങ്ങ് ഫീസുകാരണം പലരും ഈ ഓപ്ഷന്‍ ആണ് സ്വീകരിക്കുന്നത്. “Lets Go Tours Rwanda” എന്ന കമ്പനി ആണ് എനിക്കുവേണ്ടി പെര്‍മിറ്റു, താമസം, യാത്ര സൗകര്യങ്ങള്‍ എല്ലാം ഒരുക്കി തന്നത്. 13-01-18 നു രാവിലെ ഏഴിന് പുറപ്പെട്ടു ഏഴിന് തന്നെ അവിടെ എത്തിച്ചേര്‍ന്നു (റുവാണ്ട, ഉഗാണ്ടയെക്കാളും ഒരു മണിക്കൂര്‍ പുറകിലാണ്). രണ്ടു ദിവസത്തേക്ക് എന്റെ സാരഥിയും ഗൈഡും ഒക്കെയായ ജോണ്‍ എയര്‍പോര്‍ട്ടില്‍ തന്നെ ഉണ്ടായിരുന്നു.
റുവാണ്ടയെക്കുറിച്ചു പറയുകയാണെങ്കില്‍ , വളരെ വേഗം പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന , കുറ്റകൃത്യങ്ങള്‍ വളരെ കുറവുള്ള , കൈക്കൂലി പോലുള്ള ദുഷിപ്പുകള്‍ വളരെ കുറവുള്ള മനോഹര രാജ്യം. പണ്ടൊരു വോള്‍ക്കാനിക് പ്രദേശം ആയിരുന്നതിനാല്‍ മലകള്‍ ധാരാളമാണ്. അതിനാല്‍ തന്നെ “Land of thousand hills” എന്ന പേരിലും റുവാണ്ട അറിയപ്പെടുന്നു.കൃഷിയും ടൂറിസവുമാണ് പ്രധാന വരുമാനം. ഇവിടെ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചിരിക്കുകയാണ്. ബമ്പുകള്‍ വളരെ കുറവുള്ള വൃത്തിയും വെടിപ്പുമുള്ള റോഡുകള്‍. എന്നാല്‍ അനുവദിച്ചിരിക്കുന്ന വേഗം തെറ്റിച്ചാല്‍ വിട്ടുവീഴ്ചയില്ലാത്ത വളരെ വലിയ പിഴ. ഫ്രഞ്ചും, ഇംഗ്ലീഷും, സ്വാഹിലിയും ഒക്കെ സംസാരിക്കുന്ന സമാധാന പ്രിയരായ ജനങ്ങള്‍. ഇന്ന് ഇതൊക്കെയാണെങ്കിലും അവര്‍ക്കും പറയാനുണ്ട് വേദനാജനകമായ ഒരു പൂര്‍വകാല ചരിത്രം. 1994 ല്‍ നടന്ന , നൂറു ദിവസം നീണ്ടുനിന്ന ഒരു കൂട്ടക്കുരുതിയുടെ കഥ. ഏകദേശം രണ്ടര ലക്ഷം ടുട്‌സി (tutsi) വംശജരെയാണ് ഹുട്ടു (Hutu) എന്ന മറ്റൊരു വര്‍ഗം കൊന്നൊടുക്കിയത്. “”ഹോട്ടല്‍ റുവാണ്ട”” എന്ന സിനിമ ഈ വംശഹത്യയെ ആധാരമാക്കിയുള്ളതാണ് . ഇന്ന് പുതിയ ഭരണകൂടം അതിന്റെ ഓര്‍മക്കായി ഒരു സ്മാരകം ഉണ്ടാക്കുകയും ഐഡിന്റി കാര്‍ഡില്‍ പോലും വംശമോ അതുപോലുള്ള വിവരങ്ങളോ പാടില്ലെന്നുള്ള നിയമവും കൊണ്ടുവന്നു.
എയര്‍പോര്‍ട്ടില്‍ നിന്നും, നേരത്തെ തന്നെ പ്ലാന്‍ ചെയ്തിരുന്നത് പ്രകാരം ഞങ്ങള്‍ “genocide memorial” കാണാന്‍ ആണ് പോയത്. ഇവിടെ എന്‍ട്രി ഫ്രീ ആണ്, എങ്കിലും ഡോനെഷന്‍ ആയി എന്തെങ്കിലും നല്‍കാം. പത്തുമിനിറ്റുള്ള ഒരു വീഡിയോ കണ്ടുകൊണ്ടാണ് തുടക്കം. സ്മാരക മ്യൂസിയം, കൂട്ടത്തോടെ മറവുചെയ്ത കല്ലറകള്‍, ഓര്‍മക്കായുള്ള പൂന്തോട്ടങ്ങള്‍, ചെറിയ വീഡിയോ പ്രദര്‍ശനങ്ങള്‍ എല്ലാം കഴിയുമ്പോള്‍ ഏതു കഠിന ഹൃദയനും കരഞ്ഞുപോവും. എനിക്ക് വളരെ ഹൃദയ ഭേദകമായി തോന്നിയത് കൊല്ലപ്പെട്ട കുട്ടികളുടെ വിഭാഗം ആണ്. എന്റെ ഡ്രൈവര്‍ ഗൈഡ് ജോണിന്റെ ബന്ധുക്കളെല്ലാം തന്നെ ഈ കൂട്ടക്കുരുതിയില്‍ മരണപ്പെട്ടത്രെ. ജോണും മാതാപിതാക്കളും ഉഗാണ്ടയില്‍ ആയിരുന്നതിനാല്‍ രക്ഷപ്പെട്ടു.
പത്തുമണിയോടെ അവിടുന്ന് ഇറങ്ങിയ ഞങ്ങള്‍ രാത്രി താമസിക്കാന്‍ പോകുന്ന ബകിഗ ലോഡ്ജ് (Bakiga Lodge) ലക്ഷ്യമാക്കി യാത്രയായി. കാട്ടുണ (Katuna) എന്ന അതിര്‍ത്തി വഴി വീണ്ടും ഉഗാണ്ടയില്‍ പ്രവേശിച്ചു. വഴിയില്‍ ഒരു ചെറിയ ഹോട്ടലില്‍ ഭക്ഷണവും കഴിഞ്ഞു മൂന്ന് മണിയോട് കൂടി ലോഡ്ജില്‍ എത്തിച്ചേര്‍ന്നു. ഈ ലോഡ്ജ് ബിവിണ്ടി വനത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലങ്ങള്‍ എല്ലാം തന്നെ ഒരു കാലത്തു വോള്‍ക്കാനിക് ആയിരുന്നു. അതിനാല്‍ തന്നെ എവിടെ നോക്കിയാലും മലകളും ഗര്‍ത്തങ്ങളും ആണുള്ളത്. തട്ടുതട്ടായി തിരിച്ചു ഇവിടങ്ങളിലെല്ലാം വാഴ, ഉരുളക്കിഴങ്ങു, ബീന്‍സുകള്‍, എല്ലാം ധാരാളമായി കൃഷി ചെയ്യുന്നു. ഒരു മലയുടെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ലോഡ്ജില്‍ നിന്നുള്ള കാഴ്ച വളരെ മനോഹരമാണ്. വൈകുന്നേരം ചെറുതായി മഴ പെയ്യുകയും നല്ല തണുപ്പ് ആരംഭിക്കുകയും ചെയ്തു. ഗൊറില്ല ട്രക്കിങ്ങിനുവേണ്ടി വന്നിരിക്കുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പലരെയും പരിചയപ്പെടുകയുണ്ടായി. ഏഴരക്ക് അത്താഴവും കഴിച്ചു കിടന്നു. രാവിലെ ചെയ്യാന്‍ പോകുന്ന ഗൊറില്ല ട്രെക്കിങ്ങിനെക്കുറിച്ചു ഓര്‍ത്തിട്ടു ഉറക്കം ഒട്ടും തന്നെ വന്നില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഗൊറില്ലസ് ഇന്‍ ദി മിസ്റ്റ് (Gorillas In The Mist) സിനിമയിലെ പല സീനുകളും മനസ്സില്‍ കൂടെ കടന്നുപോയി. എപ്പോഴോ ഉറങ്ങി.
രാവിലെ ആറുമണിക്കുണര്‍ന്നു റെഡിയായി (ട്രെക്കിങ് ഷൂസ്, റൈന്‍ കോട്ട് , ഒന്നര ലിറ്റര്‍ വെള്ളം ഇവയെല്ലാം നിര്‍ബന്ധം ആണ്) ഭക്ഷണവും കഴിച്ചു, ഉച്ചക്കുള്ളത് പായ്ക്കും ചെയ്തു , UWA ഓഫീസിലെത്തി. റൂഹിജ (Ruhija) എന്ന സ്ഥലത്തുള്ള ഉഗാണ്ട വൈല്‍ഡ് ലൈഫ് അതോറിറ്റിയുടെ ഓഫീസില്‍ നിന്നും നാലു ഗൊറില്ല ഗ്രൂപ്പുകളെ കാണാനാണ് സാധിക്കുന്നത്. എട്ടുപേര്‍ വീതമുള്ള നാലു ഗ്രൂപ്പുകള്‍ക്കാണ് ഒരു ദിവസം ട്രെക്കിങ്ങ് നടത്താന്‍ സാധിക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 7 മണി വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. എന്നാല്‍ എല്ലാവരും അതിനും വളരെ നേരത്തെ തിരിച്ചു എത്താറാണ് പതിവ്. ട്രെക്കിങ്ങ് എളുപ്പമാക്കാന്‍ വേണ്ടി ആദ്യമേ തന്നെ രണ്ടു മൂന്ന് ട്രാക്കറുമാരെ ഓരോ ഗൊറില്ല ഗ്രൂപ്പിനെയും പിറ്റേ ദിവസം അവസാനമായി എവിടെ കണ്ടോ , അങ്ങോട്ട് അയക്കുന്നു. അവിടുന്ന് അവര്‍ തേടാന്‍ തുടങ്ങുന്നു. നമ്മള്‍ ട്രെക്കിങ്ങ് തുടങ്ങിക്കഴിയുമ്പോഴേക്കും അവര്‍ മിക്കവാറും ഗൊറില്ലകളുടെ സ്ഥലം കണ്ടുപിടിച്ചിട്ടുണ്ടാവും.
ഒരു ചെറിയ വിവരണവും, എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല ഇതൊക്കെ പറഞ്ഞ ശേഷം ഞങ്ങളെ നാലു ഗ്രൂപ്പാക്കി തിരിച്ചു. എനിക്ക് കിട്ടിയത് മുകിസാ (Mukiza) എന്ന ഗൊറില്ല ഗ്രൂപ്പ് ആണ്. മുകിസാ എന്ന സില്‍വര്‍ ബാക്കുള്‍പ്പെടെ പതിമൂന്നോളം ഗൊറില്ലകളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. മുകിസാ എന്നാല്‍ “lucky” എന്നാണത്രെ അര്‍ഥം. ആദ്യമേതന്നെ എല്ലാവരും തമ്മില്‍ പരിചയപ്പെട്ടു. എന്റെ കൂടെയുള്ളത് അയര്‍ലണ്ടില്‍ നിന്നുള്ള ഒരു ഫാമിലി, അമേരിക്കയില്‍ നിന്നുള്ള ഒരു ഫാമിലി, ജര്‍മനിയില്‍ നിന്നുള്ള രണ്ടുപേര്‍ പിന്നെ UK യില്‍ നിന്നും ഒരാള്‍ ആയിരുന്നു. എല്ലാവരും ആദ്യമായി ആണ് ഗൊറില്ല ട്രെക്കിങ്ങ് നടത്തുന്നത്. ഗൈഡിനെ കൂടാതെ രണ്ടു തോക്കു ധാരികളും പോര്‍ട്ടര്‍മാരുമാണ് കൂടെ ഉള്ളത്. വനത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ ആനകള്‍ ഉള്ളതിനാല്‍ ആണ് തോക്കുധാരികള്‍ കൂടെ വരുന്നത്. മുകളിലേക്ക് വെടിവച്ചാല്‍ അവ ഓടി പൊയ്‌ക്കൊള്ളുമത്രെ.
ധാരാളം വനകളിലൂടെ ഒക്കെ സഞ്ചരിച്ചിട്ടുണ്ടെങ്കിലും കൊടും വനത്തില്‍ കൂടിയുള്ള ഈ ട്രെക്കിങ്ങ് വളരെ വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന അമേരിക്കന്‍ ഫാമിലി കുറച്ചു പ്രായം ആയവരായതിനാല്‍ നന്നായി കഷ്ടപ്പെട്ടു. തെന്നിയും, നിരങ്ങിയും, നടന്നും ഇടക്കൊക്കെ വീണും മെല്ലെ മെല്ലെ ഞങ്ങള്‍ ലക്ഷ്യത്തിലേക്കു നീങ്ങി. ഒരു രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അതിരാവിലെ തന്നെ വനത്തിനുള്ളില്‍ പോയ ട്രാക്കറുമാരുടെ മെസ്സേജ് കിട്ടി. അവര്‍ മുകിസ ഗ്രൂപ്പിനെ കണ്ടെത്തിയിരിക്കുന്നു. ഇനിയും ഒരു മണിക്കൂര്‍ കൂടി നടക്കണം. എല്ലാവരും ശരിക്കും മടുത്തു. എങ്കിലും ഗൊറില്ലയെ കാണാനുള്ള ആവേശത്തില്‍ വീണ്ടും മുന്നോട്ടു. ആദ്യം കണ്ടത് രണ്ടു ചെറിയ ഗൊറില്ലകള്‍ ഒരു മരത്തില്‍ ഇരുന്നു കായ്കനികള്‍ ഭക്ഷിക്കുന്നതായിരുന്നു. തുടര്‍ന്ന് മറ്റു അനേകം ഗൊറില്ലകളെയും. കുറച്ചു വിഷമം പിടിച്ചവ ആയതിനാല്‍ പേരുകളൊന്നും മനസ്സില്‍ നിന്നില്ല. സില്‍വര്‍ ബാക്കിനെ ഒന്ന് കാണേണ്ടത് തന്നെ ആണ്. 200 കിലോയോളം ഭാരം ഉണ്ടാവുമത്രെ. ഞങ്ങള്‍ക്ക് രണ്ടു കുട്ടി ഗൊറില്ലകളെയും ഏഴുമാസം പ്രായമുള്ള വളരെ ചെറിയ ഒന്നിനെയും കാണാന്‍ സാധിച്ചു. ഒരു കുട്ടി ഗൊറില്ല മെല്ലെ മെല്ലെ വന്നു എന്റെ അടുത്ത് കളിയായി. കൗതുകം തോന്നി ആശാന്‍ എന്നെ തൊട്ടൊക്കെ നോക്കാന്‍ തുടങ്ങി. കുറച്ചു സമയത്തിന് ശേഷം ഗൈഡ് നിര്‍ദേശിച്ചത് അനുസരിച്ചു ഞാന്‍ പുറകോട്ടു മാറി. ഒരു മണിക്കൂര്‍ കടന്നു പോയതേ അറിഞ്ഞില്ല. തിരിച്ചുള്ള കയറ്റമായിരുന്നു ഇറക്കത്തെക്കാള്‍ വിഷമം. തിരിച്ചു വൈല്‍ഡ് ലൈഫ് ഓഫീസില്‍ എത്തിയ ഞങ്ങള്‍ക്ക് ഒരു സര്‍ട്ടിഫിക്കറ്റ് തരുകയുണ്ടായി. ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്ത ശേഷം എല്ലാവരോടും യാത്ര പറഞ്ഞു ഒരിക്കലും മറക്കാന്‍ പറ്റാത്തത ഓര്‍മയും നെഞ്ചിലേറ്റി തിരിച്ചു റുവാണ്ടയിലേക്കു തിരിച്ചു.
റുവാണ്ടയുടെ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മൂന്നുമണി ആയതേ ഉള്ളു. എന്റെ ഉഗാണ്ടക്കുള്ള വിമാനം രാത്രി 12 നാണു. ജോണിന്റെ നിര്‍ദേശ പ്രകാരം, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് കോംഗോ (DRC) യോട് ചേര്‍ന്ന് കിടക്കുന്ന കീവ് തടാകം (lake kivu) കാണാന്‍ പോകാന്‍ തീരുമാനിച്ചു (അതിനു ചെറിയൊരു കാശു പുള്ളിക്ക് കൊടുക്കണം). ക്യാനിക (Kyanica) എന്ന ഉഗാണ്ടന്‍ അതിര്‍ത്തിയില്‍ നിന്നും ഏകദേശം മൂന്നു മണിക്കൂറോളം യാത്ര ചെയ്തു അവിടെ എത്തിച്ചേര്‍ന്നു. വളരെ മനോഹരമായ സ്ഥലം. ചെറുതെങ്കിലും സുന്ദരമായ ബീച്ച്. എങ്ങും കോംഗോളീസ് തരുണീമണികള്‍.കിവു തടാകം പകുതി കോംഗോയിലും ബാക്കി റുവാണ്ടയിലും ആയിട്ടാണ് കിടക്കുന്നതു.
ഞാനും ജോണും കൂടി ചെറിയൊരു ബോട്ടിങ് ഓക്കെ നടത്തി. വെള്ളത്തില്‍ കൂടി ഞങ്ങള്‍ കോംഗോയില്‍ കടന്നു. അതിനു വിസ വേണ്ടല്ലോ . ഇവിടുത്തെ ഹോട്ടലുകളില്‍ ഈ തടാകത്തില്‍ വളരുന്ന, അതീവ രുചികരമായ ഒരു ചെറിയ മീന്‍ കിട്ടുമത്രേ. എന്നാ പിന്നെ മീന്‍ തിന്നിട്ടു തന്നെ കാര്യമെന്ന് വച്ച് ടം ടം (tam-tam) എന്നൊരു ബീച്ച് ബാറില്‍ കയറി. ബീച്ചില്‍ എല്ലാവരും ആഘോഷത്തിലാണ്. കോംഗോലീസ് സംഗീതം നല്ല ഉച്ചത്തില്‍ വച്ചിട്ടുണ്ട്. ചിലര്‍ ബീച്ചിലും മറ്റുചിലര്‍ വെള്ളത്തിലും നിന്ന് ഡാന്‍സ് കളിക്കുന്നുണ്ട്. ജോണ്‍ ചേട്ടന്‍ രണ്ടു പ്ലേറ്റ് മീന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്തു, കൂടെ ഉരുളക്കിഴങ്ങു വറുത്തതും. കുറച്ചു നേരത്തിനു ശേഷം ദാ വന്നിരിക്കുന്നു രണ്ടു പ്ലേറ്റ് നത്തോലി ഫ്രൈ (Nethili Fish). ഇതാണത്രേ ഈ തടാകത്തില്‍ മാത്രമുള്ള സ്‌പെഷ്യല്‍ മീന്‍. എന്തായാലും മീന്‍ ഫ്രൈ അടിപൊളി ആയിരുന്നു.
ഏഴുമണിയോടെ ഞങ്ങള്‍ തിരിച്ചു കിഗാലി ലക്ഷ്യമാക്കി യാത്ര തിരിച്ചു. പത്തരയോടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്നു. ജോണിനോട് നന്ദിയും പറഞ്ഞു രാത്രി പന്ത്രണ്ടു മണിയോടുകൂടി ഞാന്‍ ഉഗാണ്ടയിലേക്കു തിരിച്ചു. ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന ഓര്‍മകളുമായി.