| Thursday, 4th January 2024, 12:03 pm

ജിഫ്രി തങ്ങളുടെ പരിപാടിക്ക് വിലക്ക്, പട്ടിക്കാട് സമ്മേളനത്തില്‍ നിന്ന് മാറ്റി നിര്‍ത്തല്‍; സമസ്തയില്‍ ലീഗ് വിരുദ്ധരെ വെട്ടിത്തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സമസ്തയില്‍ പ്രാദേശിക തലം മുതല്‍ നേതൃതലം വരെ ലീഗ് വിരുദ്ധരെ വെട്ടാനുള്ള നീക്കങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ആദ്യ പടിയായിട്ടാണ് പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്ന് മുസ്‌ലിം ലീഗ് വിരുദ്ധ നിലപാടെടുക്കുന്ന പ്രഭാഷകരെ ഒഴിവാക്കിയതും തിരുവമ്പാടി കാരശ്ശേരി മുരിങ്ങുമ്പാറയിലെ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ജിഫ്രി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് വിലക്കേര്‍പ്പെടുത്തിയതും.

ലീഗ് വിരുദ്ധരെ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവര്‍ ഖാസിമാരായ മഹല്ലുകളുടെ ഒരു യോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കോഴിക്കോട് വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ സ്വാഗതസംഘ രൂപീകരണവും പ്രാഥമിക യോഗവും കഴിഞ്ഞദിവസം കോഴിക്കോട് നടന്നിരുന്നു.

ജനുവരി 17ന് കോഴിക്കോട് സരോവരത്താണ് വിപുലമായ യോഗം സംഘടിപ്പിക്കുന്നത്. സാദിഖലി തങ്ങളെ പിന്തുണക്കുന്നവരെ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ യോഗത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചിരിക്കുന്നത്. എം.സി.മായിന്‍ഹാജി ചെയര്‍മാനും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കണ്‍വീനറുമായ സ്വാഗത സംഘത്തില്‍ മറുവിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ പോലുമില്ല. യോഗത്തിന് ശേഷം പാണക്കാട് കേന്ദ്രീകരിച്ച് ഖാസി ഭവന്‍ സ്ഥാപിക്കുകയും ചെയ്യും.

ലീഗ് വിരുദ്ധരെ പൂര്‍ണമായും വെട്ടിനിരത്തി സമസ്തയെ പൂര്‍ണമായും ലീഗിന്റെ വരുതിയിലാക്കാനുള്ള നീക്കങ്ങളുടെ തുടക്കമായിട്ടാണ് കോഴിക്കോട് സരോവരത്ത് നടക്കുന്ന യോഗത്തെ നോക്കിക്കാണുന്നത്. ലീഗിന്റെ നിലപാടുകളെയും പാണക്കാട് കുടുംബത്തെയും അംഗീകരിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികള്‍ വരും ദിവസങ്ങളലുണ്ടാകുമെന്നും സൂചനയുണ്ട്.

സമസ്തയുടെ പോഷക സംഘടനകളായ എസ്.കെ.എസ്.എസ്.എഫ്, സുന്നി മഹല്ല് ഫെഡറേഷന്‍, എസ്.വൈ.എസ് എന്നിവയുടെ നേതൃനിരയില്‍ നിന്നും പ്രാദേശിക തലത്തിലും ലീഗ് വിരുദ്ധരായ ആളുകളെ വെട്ടിമാറ്റാനും നീക്കം നടക്കുന്നുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തില്‍ നിന്ന് ലീഗിനെ എതിര്‍ക്കുന്ന സമസ്തയുടെ ഭാഗമായി നില്‍ക്കുന്ന യുവനേതാക്കളെ ഒഴിവാക്കിയത് പാണക്കാട് സാദിഖലി തങ്ങള്‍ നേരിട്ടാണെന്ന് കഴിഞ്ഞ ദിവസം തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ സമ്മേളന വേദിക്കരികില്‍ തന്നെ ലഘുലേഖ വിതരണവും നടന്നിരുന്നു.

കഴിഞ്ഞ ദിവസം മുരിങ്ങമ്പാറയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച, ജിഫ്രി തങ്ങള്‍ പങ്കെടുക്കുന്ന പരിപാടിക്ക് മുസ്‌ലിം ലീഗിന് മേല്‍ക്കോയ്മയുള്ള മഹല്ല് കമ്മിറ്റി വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പാണക്കാട് കുടുംബത്തില്‍ നിന്നുള്ളവരെ പങ്കെടുപ്പിക്കാത്ത പരിപാടിയുമായി സഹകരിക്കാനാകില്ലെന്നായിരുന്നു മഹല്ല് കമ്മിറ്റിയുടെ നിലപാട്. എന്നാല്‍ വിലക്ക് മറികടന്ന് നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുക്കയും ചെയ്തു.

ഇത്തരത്തില്‍ പ്രാദേശിക തലത്തിലും നേതൃതലത്തിലും ലീഗ് വിരുദ്ധരെ വെട്ടിമാറ്റി സമസ്തയെ പൂര്‍ണമായും ലീഗിന്റെ വരുതിയിലാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത് എന്നാണ് കോഴിക്കോട് 17ന് നടക്കുന്ന യോഗത്തെ കുറിച്ചുള്ള ആരോപണം.

content highlights: In Samasta, the anti-League started to be cut down

We use cookies to give you the best possible experience. Learn more