രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ വർഗീയ പരാമർശങ്ങളടങ്ങിയ ബോർഡുകൾ പ്രത്യക്ഷപ്പെടുന്നതായി റിപ്പോർട്ട്. ഹിന്ദുത്വ അനുകൂല സംഘടനയായ ഭൈരവ് സേനയുടെ നേതൃത്വത്തിലാണ് ബോർഡുകൾ സ്ഥാപിച്ചത്. അഹിന്ദുക്കൾക്കും റോഹിങ്ക്യകൾക്കും പ്രവേശനമില്ലെന്ന് തുടങ്ങുന്ന ബോർഡുകളാണ് ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പൊലീസ് ഇടപെടുകയും ബോർഡുകൾ മാറ്റുകയും ചെയ്തു. എങ്കിലും സംഘർഷാത്മകമായ അന്തരീക്ഷം ഇപ്പോഴും നിലനിൽക്കുന്നുവെന്ന് പ്രദേശവാസികൾ ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
‘ഞാൻ എൻ്റെ ജീവിതകാലം മുഴുവൻ ഇവിടെ ചെലവഴിച്ചു. പക്ഷേ ആദ്യമായിട്ടാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത്,’ ഷേർസി ഗ്രാമത്തിൽ ബാർബർ ഷോപ്പ് നടത്തുന്ന നദീം പറഞ്ഞു. മെയ്കണ്ഡയ്ക്കും ഷെർസിക്കും പുറമെ നിയാൽസു, ത്രിയുഗിനാരായണൻ, ബഡാസു, ജാമു, ആര്യ, രവിഗ്രാം, സോൻപ്രയാഗ്, ഗൗരികുണ്ഡ് തുടങ്ങിയ ഗ്രാമങ്ങളിലും സമാനമായ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ബോർഡുകൾ നീക്കം ചെയ്യുന്നതിനായി ഈ ഗ്രാമങ്ങളിലേക്ക് സംഘങ്ങളെ അയച്ചതായി ഗുപ്‌ത്കാശി പൊലീസ് പറഞ്ഞു.
ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും ജോലി ചെയ്യുന്നതിനും എതിരെ അഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്ന ഒരു ബോർഡിനെക്കുറിച്ച് ഒരാഴ്ച മുമ്പ് താൻ അറിഞ്ഞിരുന്നെന്ന് അഹമ്മദ് എന്ന വ്യക്തി പറഞ്ഞു. ‘എൻ്റെ ഭാര്യയിൽ നിന്നാണ് ഞാൻ വിവരം അറിഞ്ഞത്. അപ്പോൾ ഞാൻ വീട്ടിൽ ഇല്ലായിരുന്നു. ഭാര്യ ഞങ്ങളുടെ രണ്ട് കുട്ടികളുമായി വീട്ടിൽ തനിച്ചായിരുന്നു അവൾ ഭയന്നു. ആരെങ്കിലും നമ്മുടെ വീട്ടിൽ വന്ന് എന്തെങ്കിലും പറഞ്ഞോ എന്ന് ഞാൻ ചോദിച്ചു. അവൾ ഇല്ല എന്ന് പറഞ്ഞു, എങ്കിലും ഇത്തരം പ്രവർത്തികൾ ആശങ്ക ഉയർത്തുന്നതാണ്,’ ഗ്രാമത്തിൽ ഒരു ലോഡ്ജും ഹെയർകട്ടിങ് സലൂണും വാടകയ്ക്ക് നടത്തുന്ന അഹമ്മദ് പറഞ്ഞു.
ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്നു, ഇതരമതസ്ഥർ വ്യാപാരസ്ഥാപനങ്ങൾ ഏറ്റെടുക്കുന്നു തുടങ്ങിയ കാരണമാണ് തങ്ങൾ ബോർഡ് വെച്ചതെന്നാണ് ഹിന്ദുത്വ അനുകൂല സംഘടനയായ ഭൈരവ് സേനയുടെ വാദം.
തങ്ങളുടെ സംഘടനയാണ് ബോർഡുകൾ സ്ഥാപിച്ചതെന്ന് ഹിന്ദുത്വ അനുകൂല സംഘടനയായ ഭൈരവ് സേനയുടെ ജില്ലാ പ്രസിഡന്റായ പ്രദേശവാസി അശോക് സെംവാൾ പറഞ്ഞു. ‘സുരക്ഷാ പ്രശ്‌നങ്ങൾ കാരണം പുറത്തുനിന്നുള്ള ആളുകളെ തടയാൻ ഞാൻ രണ്ട് മാസം മുമ്പ് ഷേർസിയിൽ ബോർഡ് സ്ഥാപിച്ചിരുന്നു. അടുത്ത കാലത്തായി ക്ഷേത്രങ്ങളിൽ മോഷണം നടക്കുന്ന സംഭവങ്ങൾ പുറത്തുവരുന്നുണ്ട്. കച്ചവടം എന്ന വ്യാജേന പുറത്ത് നിന്ന് വരുന്നവരെ ഞങ്ങൾക്ക് സംശയമുണ്ട് അതിനാലാണ് ബോർഡുകൾ സ്ഥാപിച്ചത്,’ അശോക് പറഞ്ഞു.
ഷെർസിയിലെ ബോർഡുകൾ നീക്കം ചെയ്ത ഫാറ്റ ഔട്ട്‌പോസ്റ്റ് ഇൻ-ചാർജ് സബ് ഇൻസ്പെക്ടർ ജഗദീഷ് റാവത്ത് സോഷ്യൽ മീഡിയയിലെ ഫോട്ടോകളിലൂടെയാണ് ബോർഡുകളെക്കുറിച്ച് അറിഞ്ഞതെന്ന് മാധ്യമങ്ങളോട് പറഞ്ഞു. പരിചയമില്ലാത്ത പുറത്തുനിന്നുള്ളവരെ വിലക്കുന്ന ബോർഡുകൾ സ്ഥാപിക്കാമെന്നും എന്നാൽ വർഗീയ പദങ്ങൾ ഉപയോഗിക്കരുതെന്നും ഞങ്ങൾ ആളുകളോട് പറഞ്ഞിട്ടുണ്ട്,’ ജഗദീഷ് പറഞ്ഞു.
Content Highlight: In Rudraprayag, ‘non-Hindu’ warning by local outfits triggers fear & unease