| Thursday, 10th November 2022, 2:46 pm

'വിരാടും സ്‌കൈയുമല്ല, ഞാന്‍ തന്നെ താരം'; ആരാധകരെ അത്ഭുതപ്പെടുത്തി പന്തിന്റെ ടി20 ഡ്രീം ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിക്കര്‍കീപ്പര്‍- ബാറ്റര്‍ റിഷബ് പന്തിന്റെ ഡ്രീം ടി20 ടീമില്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവുമില്ല.

ഇന്ത്യ ലോകകപ്പ് സെമി ഫൈനലില്‍ എത്തിനില്‍ക്കെ, ടൂര്‍ണമെന്റില്‍ ഏറ്റവുമധികം കത്തിനില്‍ക്കുന്ന വിരാടിനെയും സ്‌കൈയെയും ഉള്‍പ്പെടുത്താതെയുള്ള പന്തിന്റെ ഡ്രീം ടി20 ടോപ് ഫൈവ് ടീം സെലക്ഷനോട് അത്ഭുതത്തോടെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ പ്രതികരിക്കുന്നത്.

വ്യാഴാഴ്ചയിലെ സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായ ഇംഗ്ലണ്ടിന്റെ താരങ്ങളെ പന്ത് കൂടുതലായി തെരഞ്ഞെടുത്തതും ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെയും ബുംറയെയും മാത്രമാണ് പന്ത് തെരഞ്ഞെടുത്തത്.

ഇംഗ്ലണ്ട് ടീമിന്റെ ക്യാപ്റ്റനും ഓപ്പണറുമായ ജോസ് ബട്‌ലര്‍, ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവരെ പന്ത് തന്റെ ഡ്രീം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പന്തും ടീമിലുണ്ട്.

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ, അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരും ടീമിലുണ്ട്.

”എന്റെ ടി20 ഇലവന്‍ ടീമിനായി ഞാന്‍ തെരഞ്ഞെടുക്കുന്ന ആദ്യത്തെ അഞ്ച് താരങ്ങളിലൊന്ന് ജോസ് ബട്‌ലറാണ്. കാരണം അദ്ദേഹം ബാറ്റ് ചെയ്യാന്‍ വരുമ്പോഴെല്ലാം, പ്രത്യേകിച്ചും ടി20യില്‍, ഈ ലോകത്തിലെവിടേക്ക് വേണമെങ്കിലും അദ്ദേഹത്തിന് അടിക്കാമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്,” പന്ത് പറഞ്ഞതായി ഐ.സി.സി വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ലിവിങ്സ്റ്റണിന്റെ കളിക്കുന്നത് കാണാന്‍ തനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ പന്ത് ബുംറയെ തെരഞ്ഞെടുക്കുന്നതില്‍ തനിക്ക് സംശയമൊന്നുമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

”പിന്നെ റാഷിദ്, കഴിഞ്ഞ ആറേഴ് വര്‍ഷങ്ങളായി അദ്ദേഹം ഒരു മിസ്റ്ററി സ്പിന്നറാണ്. ഞാന്‍ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. ബാറ്റിങ്ങിന്റെ കാര്യത്തിലും അദ്ദേഹത്തിന് വലിയ സംഭാവന നല്‍കാന്‍ കഴിയും.

ഞാന്‍ ഇങ്ങനെയൊരു ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ തന്നെ അതില്‍ ഉണ്ടായിരിക്കണമല്ലോ. എനിക്കെന്നെ തെരഞ്ഞെടുത്തേ മതിയാകൂ,” പന്ത് ചിരിച്ചുകൊണ്ട് പറഞ്ഞു.

അതേസമയം, ടി-20 ലോകകപ്പിലെ സൂപ്പര്‍ 12 സ്റ്റേജിലെ ആദ്യത്തെ നാല് മത്സരങ്ങളില്‍ പന്തിന് ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാനായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ മറികടന്നുകൊണ്ട് പന്ത് പ്ലേയിങ് ഇലവനില്‍ ഇടംനേടിയെങ്കിലും മികച്ച ഫോമിലെത്താനായില്ല. മൂന്ന് പന്തില്‍ അഞ്ച് റണ്‍സ് നേടി പന്ത് ഔട്ടാവുകയായിരുന്നു.

Content Highlight: In Rishabh Pant’s Dream T20I Team there is No Virat Kohli Or Suryakumar Yadav

Latest Stories

We use cookies to give you the best possible experience. Learn more