എം.ടിയുടെ പരാമര്‍ശത്തില്‍ പി.വി. അന്‍വറിന്റെ പേരില്‍ വ്യാജ പോസ്റ്റ്; പരാതിയുമായി എം.എല്‍.എ
Kerala News
എം.ടിയുടെ പരാമര്‍ശത്തില്‍ പി.വി. അന്‍വറിന്റെ പേരില്‍ വ്യാജ പോസ്റ്റ്; പരാതിയുമായി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th January 2024, 11:11 pm

നിലമ്പൂർ: രാജ്യത്ത് രൂപപ്പെട്ട് വരുന്ന അമിതാധികാരത്തെക്കുറിച്ചുള്ള എം.ടിയുടെ നിരീക്ഷണങ്ങളെ വിമര്‍ശിച്ചുകൊണ്ട് എം.എല്‍.എ പി.വി. അന്‍വറിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ്. വ്യാജത്തിന്റെ പിന്‍ബലമില്ലാതെ രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് അണികള്‍ക്ക് കെല്‍പ്പില്ലെന്ന് പി.വി. അന്‍വര്‍ വ്യാജ പോസ്റ്റില്‍ പ്രതികരിച്ചു.

വ്യാഴാഴ്ച മുതല്‍ വ്യാപകമായി യു.ഡി.എഫ് ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്ന ഒരു വ്യാജ പോസ്റ്റാണിതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. തന്റെ പേരിലുള്ള വ്യാജ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം അസംബ്ലിയിലെയും പാര്‍ലമെന്റിലെയും മന്ത്രിസഭയിലെയും സ്ഥാനം ഇന്ന് ആധിപത്യത്തിനുള്ള തുറന്ന അവസരമാണെന്നും ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട അവസരം എന്ന സിദ്ധാന്തമൊക്കെ കുഴിവെട്ടി മൂടിയെന്നും എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കെയായിരുന്നു എം.ടിയുടെ വിമര്‍ശനം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യമെന്നും എം.ടി പറഞ്ഞു.

‘രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വാധിപത്യമോ ആവാം. അസംബ്ലിയിലോ പാര്‍ലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാല്‍ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാല്‍, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി,’ എം.ടി ചൂണ്ടിക്കാട്ടി.

Content Highlight: In reference to M.T., Fake post in the name of P.V. Anwar