| Monday, 21st December 2020, 3:10 pm

അമിത് ഷാ ഇറങ്ങിയാലും ബി.ജെ.പി ബംഗാളില്‍ അധികാരത്തിലെത്തില്ല; താങ്ങി നടക്കുന്ന മാധ്യമങ്ങളെക്കണ്ട് അമിതാവേശം വേണ്ടെന്ന് ബി.ജെ.പിയോട് പ്രശാന്ത് കിഷോര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒരുതരത്തിലും നേട്ടമുണ്ടാക്കാന്‍ പോകുന്നില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.

ഒരു കൂട്ടം മാധ്യമങ്ങളെ കണ്ടുകൊണ്ടുള്ള അമിതാവേശം മാത്രമാണ് ബി.ജെ.പിയുടേതെന്നും തെരഞ്ഞെടുപ്പില്‍ രണ്ടക്ക സീറ്റ് സ്വന്തമാക്കാന്‍ ബി.ജെ.പി പാടുപെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ ഈ ട്വീറ്റ് സൂക്ഷിച്ചു വെക്കണമെന്നും താന്‍ പറയുന്നതില്‍ നിന്ന് ബി.ജെ.പി വിജയിച്ചാല്‍  ഈ ഇടത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും കിഷോര്‍ പറഞ്ഞു.

ബംഗാളില്‍ അടിത്തറയില്ലാതിരുന്ന അമിത് ഷായും സംഘവും തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

294 അംഗ നിയമസഭയില്‍ 200 സീറ്റും പിടിച്ച് മമത ബാനര്‍ജിയെ വെറും പുല്‍ക്കൊടി മാത്രമാക്കി മാറ്റുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം. അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പ്രചരണങ്ങളും ബംഗാളില്‍ നടക്കുന്നത്.

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ സുവേന്തു അധികാരി കഴ്ഞ്ഞ ദിവസം പാര്‍ട്ടി വിട്ടിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ റാലിയില്‍ വെച്ച് കഴിഞ്ഞ ദിവസം സുവേന്തു ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തു.

സുവേന്തു ബി.ജെ.പിയില്‍ ചേര്‍ന്നത് രാഷ്ട്രീയായുധമാക്കാനുള്ള ശ്രമത്തിനിടെ വലിയ തിരിച്ചടിയാണ് ബി.ജെ.പിക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്നത്.

മുകുള്‍ റോയ്, സുവേന്തു അധികാരി എന്നിവര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ 2016ല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്തുവന്നിരുന്നു. അന്ന് തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ ബി.ജെ.പി ഇത് വലിയ രാഷ്ട്രീയ ആയുധമാക്കുകയും സ്റ്റിങ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ബി.ജെ.പിയുടെ ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

ഈ വീഡിയോയുടെ പേരില്‍ ഇപ്പോള്‍ ബി.ജെ.പിക്കെതിരെ വലിയ രീതിയിലുള്ള പരിഹാസം ഉയര്‍ന്നുവരുന്നുണ്ട്.

പ്രതിപക്ഷത്തിരിക്കുമ്പോള്‍ അഴിമതി നടത്തിയവരെ പ്രതിക്കൂട്ടിയാക്കിയ ബി.ജെ.പി സ്വന്തം പാര്‍ട്ടിയില്‍ അവരെത്തിയതോടെ വിശുദ്ധരാക്കിയെന്നാണ് ഒരുവിഭാഗം പറയുന്നത്. അന്നത്തെ വീഡിയോ ഇനി ബി.ജെ.പി ഔദ്യോഗിക പേജില്‍ നിന്നും ഒഴിവാക്കുമായിരിക്കുമെന്നാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: In reality BJP will struggle to CROSS DOUBLE DIGITS in #WestBengal

Latest Stories

We use cookies to give you the best possible experience. Learn more