| Sunday, 22nd October 2023, 12:12 pm

അനുനയത്തിന് സൂചന നല്‍കി എസ്.പി; രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആശ്വാസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപെട്ട് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് ശേഷം കോണ്‍ഗ്രസിനോട് ഇടഞ്ഞു നിന്നിരുന്ന സമാജ്‌വാദി  പാര്‍ട്ടി അനുനയത്തിന്റെ സൂചന നല്‍കുന്നു. കോണ്‍ഗ്രസുമായുള്ള തന്റെ പാര്‍ട്ടിയുടെ പിരിമുറുക്കങ്ങള്‍ പരിഹരിക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയുടെ പാരമ്പര്യം നിലനിര്‍ത്തുമെന്നും എസ്.പി ദേശീയ അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

തനിക്ക് കോണ്‍ഗ്രസിന്റെ ഉന്നത നേതാവില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കേണ്ടതാണെന്നും അഖിലേഷ് പറഞ്ഞു. മുതിര്‍ന്ന നേതാക്കളുടെ സന്ദേശങ്ങള്‍ക്ക് താന്‍ മുന്‍ഗണന കൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മധ്യപ്രദേശ് വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കണമെന്ന് അഖിലേഷ് ആവര്‍ത്തിച്ചു. ചില ടിവി മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ സഖ്യം തീരുമാനിച്ചതുപോലെ സംസ്ഥാന തലത്തില്‍ സഖ്യമില്ലെങ്കില്‍ അത് മുന്‍കൂട്ടി അറിയിക്കണമായിരുന്നെന്നും തങ്ങള്‍ക്കെതിരെ ഗൂഢാലോചനയോ ചതിയൊ നടത്താന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുമായി കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുന്ന മധ്യപ്രദേശില്‍ എസ്.പി കടക്കാന്‍ പാടില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ് പറയുമ്പോള്‍, എസ്.പി ശക്തരായ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഇനി പിന്തുണ പ്രതീക്ഷിക്കേണ്ടന്നും അഖിലേഷ് പറഞ്ഞു.

‘ദലിതര്‍, പിന്നാക്കക്കാര്‍, ആദിവാസികള്‍, ന്യൂനപക്ഷക്കാര്‍ എന്നിവരുടെ വോട്ടുകള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസിനെ പിന്തുണക്കുന്നത്. ജാതി സെന്‍സസിന്റെ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാതിരിക്കുകയും സെന്‍സസ് നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് ഇതേ കോണ്‍ഗ്രസ് തന്നെയാണ്. അതില്‍ എനിക്ക് അത്ഭുതം തോന്നുന്നു. കോണ്‍ഗ്രസിന് ഇനി വോട്ട് ലഭിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം,’ അഖിലേഷ് പറഞ്ഞു.

തങ്ങളുടെ പാര്‍ട്ടി ശക്തമായ പ്രദേശങ്ങളില്‍ മത്സരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അത് എസ്.പിയെ ദോഷകരമായി ബാധിക്കുമെന്ന് ഏതെങ്കിലും പാര്‍ട്ടിക്ക് തോന്നിയാല്‍ അറിയിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

ഒരു പാര്‍ട്ടിയിലെയും മുതിര്‍ന്ന അത്താക്കളെ അപമാനിക്കാന്‍ തന്റെ പാര്‍ട്ടിയിലെ ആരെയും താന്‍ അനുവദിക്കില്ലെന്നും അത് എസ്.പിയുടെ സംസ്‌കാരം അല്ലെന്നും അഖിലേഷ് പറഞ്ഞു.

അതേസമയം എസ്.പി മേധാവി കോണ്‍ഗ്രസിലെ ഏത് നേതാവിനെ കുറിച്ചാണ് പറയുന്നതെന്ന് തനിക്ക് അറിയില്ലെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് എപ്പോഴും ജാതി സെന്‍സസിനെ പിന്തുണക്കുന്നുണ്ടെന്നും ജാതി സെന്‍സസ് സംസ്ഥാനതലത്തില്‍ നടപ്പിലാക്കാന്‍ സഹായിച്ച ബിഹാര്‍ സര്‍ക്കാരിനോട് നന്ദി അറിയിക്കുന്നതായും അജയ് റായ് പറഞ്ഞു.

Content Highlight: In Rajasthan, S.P gives a hint of persuasion

We use cookies to give you the best possible experience. Learn more