| Sunday, 17th September 2017, 4:31 pm

രാജസ്ഥാനിലെ കര്‍ഷകരാണ് താരം: 'ഗോമാതാ' രാഷ്ട്രീയം ബി.ജെ.പിയെ തിരിഞ്ഞു കുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

“പെഹ്‌ലു ഖാന് സംഭവിച്ചതൊക്കെ ഓര്‍മ്മയില്ലേ,” സുഭാഷ് ഭാഗരിയ പറയുന്നു. ഏപ്രില്‍ ഒന്നിന് രാജസ്ഥാനില്‍ ഗോരക്ഷകരുടെ ആക്രമണത്തിലാണ് ഖാന്‍ കൊല്ലപ്പെട്ടത്. മരണമൊഴിയില്‍ ആറുപേരുടെ പേര് ഖാന്‍ തന്നെ പറഞ്ഞിരുന്നു. എന്നിട്ടും രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസ് ഏതാണ്ട് ക്ലോസ് ചെയ്ത അവസ്ഥയിലാണ്. ” ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് കച്ചവടക്കാര്‍ കാലികളെ വിറ്റോ, വാങ്ങിയോ ജീവിതം തന്നെ അപകടപ്പെടുത്തുന്നത്?” അദ്ദേഹം ചോദിക്കുന്നു.


രാജസ്ഥാനിലെ സിക്കര്‍ ജില്ലയിലെ കര്‍ഷകനാണ് പ്രഹ്ലാദ് സിങ്. തന്റെ ബജ്‌റ (കമ്പം) കൃഷി തോട്ടത്തിനുചുറ്റും അദ്ദേഹം വേലിയും മതിലുമെല്ലാം കെട്ടിവെച്ചിരിക്കുകയാണ്. “ഇതൊക്കെ ചെയ്യണം. ഇല്ലെങ്കില്‍ അലഞ്ഞുതിരിയുന്ന പശുക്കള്‍ ഇതും തിന്ന് പോകും. ആയിരക്കണക്കിന് രൂപയാണ് ഇതില്‍ ചിലവഴിച്ചിരിക്കുന്നത്. അപ്പോള്‍ പിന്നെ ഞാനെന്തു ചെയ്യും?” അദ്ദേഹത്തിന്റെ ഈ ചോദ്യം തന്നെയാണ് ഈ മേഖലയിലെ മിക്ക കര്‍ഷകരും ചോദിക്കുന്നത്.

ബി.ജെ.പിയുടെ പ്രധാന തന്ത്രങ്ങളില്‍ ഒന്നായാണ് ഏറ്റവുമൊടുവിലായി രാജ്യത്ത് പശുരാഷ്ട്രീയം രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ഈ തന്ത്രത്തിലൂടെയുണ്ടാക്കിയ വര്‍ഗീയ ധ്രുവീകരണം തെരഞ്ഞെടുപ്പില്‍ അവരെ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. ഇപ്പോള്‍ 16 സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുണ്ട്. ഏറ്റവും ഒടുവിലായി യു.പിയില്‍, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തും അവര്‍ അധികാരം നേടി.

പശുവെന്നത് ഇന്ത്യയില്‍ മതപരമായ ഒരുമൃഗം മാത്രമല്ല, ഒരു സാമ്പത്തിക സ്രോതസ്സുകൂടിയാണ്. ബി.ജെ.പിയുടെ പശുസംരക്ഷണ നയം കന്നുകാലി സാമ്പത്തിക രംഗത്ത് വന്‍തിരിച്ചടിയാണുണ്ടാക്കിയത്. കാലികളെ വില്‍ക്കാനാവാതെ ബുദ്ധിമുട്ടുകയാണ് കര്‍ഷകര്‍. വരുമാനം കുറയുന്നു എന്നതിനൊപ്പം തന്നെ കര്‍ഷകര്‍ക്കു ഭീഷണിയായി പശുക്കളുടെ കൂട്ടം തെരുവില്‍ അലഞ്ഞുതിരിയുന്നത് അനുദിനം വര്‍ധിക്കുകയുമാണ്.

ഈ പ്രതിസന്ധിയാണ് സിക്കര്‍ ജില്ലയിലെ കര്‍ഷകരുടെ പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയത്. സി.പി.ഐ.എമ്മിന്റെ കര്‍ഷക സംഘടനയായ ഓള്‍ ഇന്ത്യാ കിസാന് സഭ സെപ്റ്റംബര്‍ ഒന്നുമുതല്‍ സിക്കാര്‍ നഗരത്തിലെ അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിങ് കമ്മിറ്റിക്കു മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. അവര്‍ റോഡ് ഉപരോധവും പ്രതിഷേധ റാലിയുമെല്ലാം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

വരുമാനം കുറയുന്നതില്‍ കര്‍ഷകര്‍ രോഷാകുലരായിരുന്നു. അവര്‍ കടം എഴുതി തള്ളാനും കൂടുതല്‍ വില നല്‍കാനും രാജസ്ഥാനിലെ കന്നുകാലി കശാപ്പിനെ തടയുന്ന നിയമങ്ങള്‍ എടുത്തുകളയാനും ആവശ്യപ്പെട്ടു. പതിമൂന്നുദിവസത്തെ അവരുടെ സമരത്തിനുശേഷമാണ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയത്.

“കന്നുകാലികളാണ് കര്‍ഷകന്റെ എ.ടി.എം” എന്നാണ് കിസാന്‍ സഭയുടെ ദേശീയ പ്രസിഡന്റും സി.പി.ഐ.എം മുന്‍ എം.എല്‍.എയുമായ അംറ റാം പറയുന്നത്. “അവന് പണത്തിന് ആവശ്യം വരുമ്പോള്‍ അദ്ദേഹം പശുവിനെ അല്ലെങ്കില്‍ ആടിനെ വില്‍ക്കും.”

“കര്‍ഷകരുടെ വരുമാനത്തിന്റെ 30% വരുന്നത് പാലും മൃഗങ്ങളെയും വില്‍ക്കുന്നതിലൂടെയാണ്. ആദ്യമായി കര്‍ഷകരെ നോട്ടുനിരോധനം തകര്‍ത്തു. അവര്‍ അതില്‍ നിന്നും ഇപ്പോഴും കരകയറിക്കൊണ്ടിരിക്കുകയാണ്. കാലി കച്ചവടത്തെ നിങ്ങള്‍ ഇല്ലാതാക്കിയാല്‍ കര്‍ഷകര്‍ക്ക് ഒരിക്കലും അതില്‍ നിന്നും കരകയറാനാവില്ല.” ലൈവ്‌സ്‌റ്റോക്ക് കര്‍ഷകര്‍ക്ക് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വിശദീകരിച്ചുകൊണ്ട് റാം പറയുന്നു.

ഊഷരമായ, ജനസാന്ദ്രത കുറഞ്ഞ ഒരു സംസ്ഥാനം എന്ന നിലയില്‍ ലൈവ്‌സ്റ്റോക്ക് രാജസ്ഥാനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്സ്ഥാനിലാണ് ഏറ്റവുമധികം കന്നുകാലികളുള്ളതെന്നാണ് 2012ലെ ലൈവ്‌സ്‌റ്റോക്ക് സെന്‍സസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2003നും 2007നും ഇടയില്‍ കന്നുകാലി സംഖ്യ15.3% ആണ് വര്‍ധിച്ചതെങ്കില്‍ 20072012 കാലയളവില്‍ 1.9% വര്‍ധനവ് മാത്രമാണുണ്ടായത്.

പശുസംരക്ഷണം

1995ല്‍ രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാര്‍ പശു കശാപ്പിനെതിരെ നിയമം കൊണ്ടുവന്നതിനു പിന്നാലെയാണ് തകര്‍ച്ച നേരിട്ടതെന്നാണ് ബഡാഡാര് ഗ്രാമത്തിലെ കര്‍ഷകനും കിസാന്‍ സഭ അംഗവുമായ ഭഗവാന്‍ ഭാഗരിയ പറയുന്നത്. രാജസ്ഥാന് പശുസംരക്ഷണത്തിനായി മാത്രം ഒരു മന്ത്രാലയം വരെയുണ്ട്.

“മുമ്പൊക്കെ മൂരിക്കുട്ടന്‍ ജനിച്ചാല്‍ കര്‍ഷകരും കുടുംബവുമെല്ലാം സന്തോഷിക്കും.” അദ്ദേഹം പറയുന്നു. ” അതിനര്‍ത്ഥം അതിലൂടെ കര്‍ഷകന് 20,000 മുതല്‍ 30,000 രൂപവരെ നേടാമെന്നായിരുന്നു. പക്ഷെ ഇപ്പോള്‍ അതൊക്കെ ഏതാണ്ട് അവസാനിച്ചു. അതിനെയൊന്നും വാങ്ങാന്‍ ആരുമുണ്ടാവില്ല.” ഭാഗരിയ വിശദീകരിക്കുന്നു.

കന്നുകാലി വില്‍പനയിലെ കുറവിന്റെ കാരണം നിയമം മാത്രമല്ല. ഗോരക്ഷാ സംഘങ്ങളും കൂടിയാണ്. അവര്‍ പശുവിനെ, പോത്തിനെ, എന്തിന് ആടിനെ വാഹനത്തില്‍ കൊണ്ടുപോകുന്നവരെ വരെ ആക്രമിക്കുകയാണ്. “ഞങ്ങള്‍ ഞങ്ങളുടെ വളര്‍ത്തുമൃഗങ്ങളുമായി പുറത്തിറങ്ങിയാല്‍ തന്നെ ഗോരക്ഷാ ദളിലുള്ളവര്‍ തടയും.

പെഹ്‌ലുഖാന്‍

ഇതുകാരണം കച്ചവടക്കാര്‍ക്ക് ഭയമാണ്. അവര്‍ ഞങ്ങളുടെ കാലികളെ വാങ്ങാന്‍ ഗ്രാമങ്ങളില്‍ വരുന്ന പരിപാടി തന്നെ നിര്‍ത്തി.” സിക്കറിലെ രാഷിദ്പുര ഗ്രാമവാസിയായ ഗുര്‍ദീപ് സിങ് പറയുന്നു.

“പെഹ്‌ലു ഖാന് സംഭവിച്ചതൊക്കെ ഓര്‍മ്മയില്ലേ,” സുഭാഷ് ഭാഗരിയ പറയുന്നു. ഏപ്രില്‍ ഒന്നിന് രാജസ്ഥാനില്‍ ഗോരക്ഷകരുടെ ആക്രമണത്തിലാണ് ഖാന്‍ കൊല്ലപ്പെട്ടത്. മരണമൊഴിയില്‍ ആറുപേരുടെ പേര് ഖാന്‍ തന്നെ പറഞ്ഞിരുന്നു. എന്നിട്ടും രാജസ്ഥാന്‍ സര്‍ക്കാര്‍ ഈ കേസ് ഏതാണ്ട് ക്ലോസ് ചെയ്ത അവസ്ഥയിലാണ്. ” ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് കച്ചവടക്കാര്‍ കാലികളെ വിറ്റോ, വാങ്ങിയോ ജീവിതം തന്നെ അപകടപ്പെടുത്തുന്നത്?” അദ്ദേഹം ചോദിക്കുന്നു.

രാഷ്ട്രീയമായി പശുതന്ത്രം ഗുണകരമാണെന്നു മനസിലാക്കിയ ബി.ജെ.പി അത് കൂടുതല്‍ തീവ്രമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. 2015ല്‍ കന്നുകാലി കടത്തുമായി ബന്ധപ്പെട്ട നിയമം രാജസ്ഥാന്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമാക്കി. ഈ വര്‍ഷമാദ്യം കന്നുകാലി കശാപ്പും വില്പനയും നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഒരു നിയമം കൊണ്ടുവന്നു.

ഒട്ടകങ്ങളുടെ വില്‍പനയ്ക്ക് വലിയ നിയന്ത്രണം ഏര്‍പ്പെടുത്തി 2015ല്‍ രാജസ്ഥാന്‍ സര്‍ക്കൊര്‍ ഒരു നിയമം കൊണ്ടുവന്നിരുന്നു. ഇത് ആ വ്യവസായ മേഖലയെ തന്നെ തകര്‍ത്തു. ഒരു ദശാബ്ദം മുമ്പ് 40,000ത്തിലേറെ ഒട്ടകങ്ങള്‍ ഉണ്ടാവാറുണ്ടായിരുന്ന കാമല്‍ ഫെയറില്‍ 2016ല്‍ ഉണ്ടായത് വെറും 2500 ഒട്ടകങ്ങള്‍ മാത്രമാണ്.

ഗുര്‍ദീപ് സിങ്

“കുറച്ചുകാലം മുമ്പു വരെ ഈ മേഖലയില്‍ ഒരുപാട് ഒട്ടകങ്ങളുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം ഇല്ലാതായിരിക്കുകയാണ്.” സുഭാഷ് ഭരിയ പറയുന്നു.

ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച കിഷന്‍ സിങ്ങും പുതിയ നിയമങ്ങളെ നിശിതമായി വിമര്‍ശിക്കുകയാണ്. “ഈ രാഷ്ട്രീയക്കാരോ ഗോരക്ഷകരോ ഒരിക്കലും പശുവിനെ വളര്‍ത്തിയിട്ടില്ല എന്നാണ് തോന്നുന്നത്. ഈ പുതിയ നിയമങ്ങളിലൂടെ അര്‍ത്ഥമാക്കുന്നത് ഞങ്ങള്‍ക്ക് കാലികളെ വില്‍ക്കാനാവില്ല എന്നാണ്. ഒരു പശുവിനെ ഒരുവര്‍ഷം വളര്‍ത്താന്‍ 50,000ത്തോളം രൂപ ചിലവാകും. കര്‍ഷകന് എങ്ങനെയാണിത് താങ്ങാനാവുക?” അദ്ദേഹം ചോദിക്കുന്നു.

അലഞ്ഞുതിരിയുന്ന പശുക്കള്‍

പശുവിനെ വില്‍ക്കാനുമാവില്ല, വീട്ടില്‍ വെറുതെ വളര്‍ത്താനുമാവില്ല. അപ്പോള്‍ കര്‍ഷകന്റെ മുമ്പിലുള്ള ഏകവഴി അതിനെ ഉപേക്ഷിക്കുകയെന്നതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ വെറുതെ അലഞ്ഞുതിരിയുന്ന പശുക്കളുടെ എണ്ണം കൂടുകയാണ്.

പല സംസ്ഥാനങ്ങളിലും ഇത് വലിയ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശ് നിയമസഭഭയില്‍ അലഞ്ഞുതിരിയുന്ന പശുക്കളുടെ വിഷയം ചര്‍ച്ചയായിരുന്നു. സെപ്റ്റംബര്‍ 15 ഓടെ അലഞ്ഞുതിരിയുന്ന പശുക്കളെയെല്ലാം ഷെഡ്ഡില്‍ ആക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് യു.പിയില്‍ യോഗി ആദിത്യനാഥ്.

അലഞ്ഞുതിരിയുന്ന പശുക്കള്‍ക്കായി സംരക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഹരിയാനയും രാജസ്ഥാനുമൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്. കോട്ട സിറ്റി പറയുന്നത് കന്നുകാലി സമ്പത്ത് കുമിഞ്ഞ് കൂടുന്നത് ഇല്ലാതാക്കാന്‍ തെരുവില്‍ അലയുന്ന കാലികളെ വന്ധ്യംകരിക്കണമെന്നാണ്.

തെരുവില്‍ അലയുന്ന കാലികള്‍ മരണങ്ങള്‍ക്കുവരെ കാരണമാകാറുണ്ട്. ഗുജറാത്തിലെ സൂറത്തില്‍ ദിവസവും 25ഓളം വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നത് അലഞ്ഞുതിരിയുന്ന കാലികളാണ്. ദല്‍ഹിയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ അലഞ്ഞുതിരിയുന്ന കാളയുടെ കുത്തേറ്റ് മരിച്ചിരുന്നു.

ഇതിനോടു പ്രതികരിച്ചുകൊണ്ട് കാലികളെ ഉപേക്ഷിക്കുന്ന ലൈവ്‌സ്റ്റോക്ക് ഉടമകള്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് അഹമ്മദാബാദ് പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു.

സിക്കര്‍ പ്രക്ഷോഭത്തിലെ പ്രധാന ചോദ്യങ്ങളിലൊന്ന് തെരുവില്‍ അലയുന്ന കാലികളെക്കുറിച്ചുള്ളതായിരുന്നു. കര്‍ഷകരെല്ലാം രോഷത്തിലാണ്. അവരുടെ കൃഷി കാലികള്‍ നശിപ്പിക്കുകയാണ്. കാലികളില്‍ നിന്നും കൃഷി സംരക്ഷിക്കാനായി വേലികളും മറ്റും കെട്ടാനും തുക ചിലവാക്കേണ്ടിവരും.

കിസാന്‍ സഭയുമായി വ്യാഴാഴ്ചയുണ്ടാക്കിയ കരാറില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ കാലി സംരക്ഷണത്തിന് ഷെല്‍ട്ടറുകള്‍ ഉണ്ടാക്കാമെന്നും പാടങ്ങള്‍ സംരക്ഷിക്കാന്‍ വേലി പണിയാനുള്ള പദ്ധതി തയ്യാറാക്കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്.

അതിനേക്കാളൊക്കെ പ്രധാനമായി, കാലി വില്പന എളുപ്പമാക്കുമെന്ന് കര്‍ഷകര്‍ക്ക് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരിക്കുകയാണ്. കാലി വില്‍പ്പനക്കാരെ സംരക്ഷിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നടത്തുമെന്ന് സര്‍ക്കാര്‍ വാക്കുനല്‍കിയിരിക്കുകയാണ്. അങ്ങനെ കേന്ദ്രത്തില്‍ അധികാരം ഉറപ്പിച്ചശേഷം ആദ്യമായി ബി.ജെ.പി അവരുടെ പശുസംരക്ഷണ നയത്തില്‍ നിന്നും പിന്‍വാങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

കടപ്പാട്: സ്‌ക്രോള്‍

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

We use cookies to give you the best possible experience. Learn more