| Wednesday, 24th January 2024, 4:59 pm

ഇന്ത്യാ സഖ്യത്തിന് പഞ്ചാബിലും ഭിന്നത; എല്ലാ ലോക്‌സഭാ സീറ്റിലേക്കും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭഗവന്ത് മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഡ്: പ്രതിപക്ഷ മുന്നണിയായ ഇന്ത്യാ സഖ്യത്തിന് പഞ്ചാബിലും ഭിന്നത. പഞ്ചാബിലെ എല്ലാ ലോക്‌സഭാ സീറ്റിലും ആം ആദ്മി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം അറിയിച്ചു.

പഞ്ചാബിലെ 13 ലോക്സഭാ സീറ്റുകളിലേക്ക് ആം ആദ്മി പാര്‍ട്ടി 40 സ്ഥാനാര്‍ത്ഥികളെ വീതം ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തീരുമാനിക്കുന്നതിന് മുമ്പേ സംസ്ഥാനത്ത് തങ്ങള്‍ ഒരു സര്‍വേ നടത്തുകയാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. മത്സരിക്കുന്ന എല്ലാ സീറ്റിലും ആം ആദ്മി വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പൊതുതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ആം ആദ്മി പഞ്ചാബ് ഘടകത്തിന്റെ നിര്‍ദേശത്തിന് പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ അംഗീകാരം നല്‍കിയതായി സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ദേശീയതലത്തിലെ സഖ്യവുമായി ബന്ധപ്പെട്ട തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം അറിയിക്കുമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പഞ്ചാബില്‍ ആം ആദ്മിയുടെ ഈ തീരുമാനം.

തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയെ വിമര്‍ശിക്കുകയും അവസരവാദിയെന്ന് വിളിക്കുകയും അവരുടെ സഹായമില്ലാതെ തന്നെ പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറയുകയും ചെയ്ത പശ്ചിമ ബംഗാള്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുമായുള്ള അഭിപ്രായ ഭിന്നതക്ക് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കുന്നതായി മമത പ്രഖ്യാപിച്ചത്.

എന്നാല്‍ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാടുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയില്ലാത്ത ഒരു പ്രതിപക്ഷ സഖ്യം സങ്കല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. ഭാവിയില്‍ തൃണമൂലുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ഫലം കാണുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: In Punjab too, the Indian alliance is divided

Latest Stories

We use cookies to give you the best possible experience. Learn more