അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു.
നവ്‌ജ്യോത് സിംഗ് സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് സ്ഥാനത്തേക്ക് ഉടന്‍ എത്തുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ നീക്കവുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
നവജ്യോത് സിംഗ് സിദ്ദുവിനെ സംസ്ഥാന കോണ്‍ഗ്രസ് മേധാവിയായി ഉയര്‍ത്തുന്നതിനെ എതിര്‍ത്തുകൊണ്ട് ലോക്‌സഭയിലും രാജ്യസഭയിലുമുള്ള പഞ്ചാബിലെ കോണ്‍ഗ്രസ് എം.പിമാരുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ കൂടിക്കാഴ്ച ഒരുക്കിയതായാണ് പുതിയ വിവരം.
നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ സംസ്ഥാന കോണ്‍ഗ്രസ് മേധാവിയായി നിയമിക്കരുതെന്ന് എം.പിമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുമെന്നാണ് വൃത്തങ്ങള്‍ അറിയിച്ചത്.
ബി.ജെ.പി.തള്ളിക്കളഞ്ഞ സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസിന്റെ തലപ്പത്ത് ഇരുത്താനുള്ള കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ പാര്‍ട്ടിയിലെ പഴയ കാല നേതാക്കള്‍ക്ക് വിയോജിപ്പുണ്ടെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
സിദ്ദു നേതൃത്വത്തിലെത്തുന്നത് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അമരീന്ദര്‍ സിംഗ്. സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുമെന്നും നിരവധി നേതാക്കള്‍ രാജിവെക്കുമെന്നും സൂചിപ്പിച്ച് അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.