പൂനെ: പശുക്കടത്ത് ആരോപിച്ച് ടെമ്പോ തടഞ്ഞുവെച്ച ഗോരക്ഷാ പ്രവര്‍ത്തകരെ നേരിട്ട് ജനങ്ങള്‍. അഹമ്മദ് നഗര്‍ ജില്ലയിലെ ശ്രിഗോണ്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
ടെമ്പോ തടഞ്ഞുവെച്ച ഗോരക്ഷാ പ്രവര്‍ത്തകരെ 50 ഓളം വരുന്ന ജനക്കൂട്ടം നേരിടുകയായിരുന്നു. ഏഴോളം ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സംഭവത്തെ തുടര്‍ന്ന് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ടെമ്പോയുടെ ഉടമയായ വാഹിദ് ഷെയ്ക്കിനെയും ഡ്രൈവര്‍ രാജു ഫാട്രുഭായ് ഷെയ്ക്കിനെയും പൊലീസ് അറശ്റ്റു ചെയ്തു. മഹാരാഷ്ട്ര മൃഗസംരക്ഷണ വകുപ്പു പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കാഷ്തി ഗ്രാമത്തിലെ മാര്‍ക്കറ്റില്‍ നിന്നും നിയമവിരുദ്ധമായി പശുക്കളെ കടത്തുന്നുണ്ടെന്നും അക്കാര്യം പരിശോധിക്കാന്‍ ഒരുങ്ങിയ 11 അംഗ ഗോരക്ഷാ പ്രവര്‍ത്തകര്‍ ജനങ്ങള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് സംഘത്തില്‍ ഉള്‍പ്പെട്ട ശിവശങ്കര്‍ രാജേന്ദ്ര സ്വാമി പറയുന്നത്.
“ഒരു ടെമ്പോയില്‍ നിയമവിരുദ്ധമായി പശുക്കളെ കടത്തുകയാണെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഞങ്ങള്‍ ഇക്കാര്യം പൊലീസിനെഅറിയിച്ചു. പൊലീസ് സഹായത്തോടെ അഹമ്മദ് നഗര്‍- ഡൗണ്ട് റോഡിനു സമീപത്തുവെച്ച് ടെമ്പോ തടഞ്ഞുവെച്ചു. പത്തു കാളകളെയും രണ്ടു പശുക്കളെയും രക്ഷിച്ചു. പിന്നീട് ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ പോയി. ഞങ്ങള്‍ക്കു നല്ല വിശപ്പുണ്ടായിരുന്നു. ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ പോയപ്പോള്‍ അവിടെ ആയുധങ്ങളുമായി ജനക്കൂട്ടം നില്‍ക്കുന്നതുകണ്ടു.” സ്വാമി പറയുന്നു.
” ആറുമണിയോടെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി ഞങ്ങള്‍ തിരിച്ചുവന്നപ്പോള്‍ അവിടെ ചില മാധ്യമപ്രവര്‍ത്തകരുമുണ്ടായിരുന്നു. 50ഓളം വരുന്ന ജനക്കൂട്ടം മൂര്‍ച്ചയുള്ള ആയുധങ്ങളും കല്ലുകളുമായി ആക്രമിക്കുകയായിരുന്നു. ഞങ്ങളില്‍ പലര്‍ക്കും പരുക്കേറ്റു.” സ്വാമി പറുന്നു.
ജീവന് ഭീഷണിയുണ്ടെന്ന സ്വാമിയുടെ പരാതിയെ തുടര്‍ന്ന് അദ്ദേഹത്തിന് 12 മണിക്കൂര്‍ പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
ബീഫിന്റെ പേരില്‍ രാജ്യത്ത് ഗോരക്ഷാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പലയിടത്തും ആക്രമണം നടന്നിരുന്നു. ഇതിനെതിരെ വലിയ ജനരോഷമുയരുകയും ചെയ്തിരുന്നു. ചിലയിടങ്ങളില്‍ ജനങ്ങള്‍ ഗോരക്ഷയുടെ പേരില്‍ ആക്രമണം നടത്തുന്നവരെ നേരിട്ട സംഭവം നേരത്തെയും റിപ്പോര്‍ട്ടു ചെയ്തിരുന്നു.