| Thursday, 20th June 2024, 10:20 am

മതപരിവർത്തന നിരോധന നിയമം: സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് രാജസ്ഥാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമം നടപ്പിലാക്കാനൊരുങ്ങി രാജസ്ഥാൻ. ബി.ജെ.പി നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ ചൊവ്വാഴ്ച സുപ്രീം കോടതിയിൽ നിയമം നടപ്പിലാക്കാനുള്ള സത്യവാങ്മൂലം സമർപ്പിച്ചു.

മത പരിവർത്തനവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പ്രത്യേക നിയമങ്ങൾ ഒന്നും ഇല്ലെന്നും, വിഷയത്തിൽ പുതിയ നിയമ നിർമാണം നടത്താനുള്ള ഒരുക്കത്തിലാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

‘രാജസ്ഥാൻ സംസ്ഥാനം നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരാനുള്ള പ്രക്രിയയിലാണ്, അതുവരെ ഈ വിഷയത്തെക്കുറിച്ച് കോടതി പാസാക്കിയ നിർദേശങ്ങൾ കർശനമായി പാലിക്കും,’ സർക്കാർ വ്യക്തമാക്കി.

വഞ്ചനാപരവും നിർബന്ധിതവുമായ മതപരിവർത്തനം തടയുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി സമർപ്പിച്ചിരുന്നത്.

2022 ൽ ഈ ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ എം.ആർ.ഷാ ഹിമ കൊഹ്‌ലി എന്നിവരടങ്ങുന്ന ബെഞ്ച്, ആരോപണങ്ങൾ ശരിയാണെങ്കിൽ രാജ്യത്തിന്റെ സുരക്ഷയെ ബാധിച്ചേക്കാവുന്ന ഗുരുതര പ്രശ്നമാണെന്ന് നിരീക്ഷിക്കുകയും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും നിരീക്ഷണം തേടുകയും ചെയ്തിരുന്നു.

2022-ൽ സമർപ്പിച്ച ഉപാധ്യായയുടെ പൊതുതാത്പര്യ ഹരജിയിൽ ഭീഷണികൾ, വഞ്ചനാപരമായ പ്രേരണകൾ, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവയിലൂടെയുള്ള നിർബന്ധിതമായ മതപരിവർത്തനങ്ങൾ തടയാൻ കേന്ദ്രവും സംസ്ഥാനങ്ങളും കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ടിരുന്നു.

കൂടാതെ, ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), ദേശീയ മനുഷ്യാവകാശ കമ്മീഷൻ (എൻ.എച്ച്.ആർ.സി), ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻ.സി.പി.സി.ആർ) തുടങ്ങിയ ഏജൻസികളുടെ ഇടപെടലും ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ന്യൂനപക്ഷ മതങ്ങളെ അവഹേളിക്കുന്ന തരത്തിൽ ഹരജിക്കാരൻ നടത്തിയ ചില പ്രസ്താവനകൾ കോടതി നീക്കം ചെയ്യുകയും ചെയ്തിരുന്നു. മതപരിവർത്തനം സംബന്ധിച്ച് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഗുജറാത്ത് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ പാസാക്കിയ നിയമങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച മറ്റ് പൊതുതാൽപര്യ ഹരജികളും സുപ്രീം കോടതി ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

Content Highlight: In process of enacting religious conversion law: Rajasthan to Supreme Court

We use cookies to give you the best possible experience. Learn more