ലഖ്‌നൗ: കോടതി വിധി വന്നാലും ഇല്ലെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുമെന്ന് മുന്‍ ബി.ജെ.പി എം.പി കൂടിയായ രാം വിലാസ് വേദാന്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് ശ്രീരാം ജന്മഭൂമി ന്യാസ് അംഗമായ രാം വിലാസ് വേദാന്തി പ്രസ്താവന നടത്തിയത്.
“ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ സമയമെടുക്കും. പക്ഷെ തീര്‍ച്ചയായും ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് പണികള്‍ ആരംഭിച്ചിരിക്കും.” വേദാന്തി പറഞ്ഞു.
കോടതി വിധി അനുകൂലമാണെങ്കില്‍ അത്തരത്തില്‍ മുന്നോട്ട് പോകുമെന്നും ഇല്ലെങ്കില്‍ മറ്റു വഴികള്‍ നോക്കുമെന്നുമായിരുന്നു വേദാന്തി ചടങ്ങില്‍ വെച്ച് പ്രസ്താവിച്ചത്.
“മുഗള്‍ ചക്രവര്‍ത്തിയായ ബാബര്‍ യാതൊരുവിധ കോടതിവിധികളുമില്ലാതെയല്ലേ 1528ല്‍ ക്ഷേത്രം പൊളിച്ചത്? 1992ല്‍ ബാബറി മസ്ജിദ് പൊളിച്ചപ്പോഴും ആരും കോടതി വിധികള്‍ക്കുവേണ്ടി കാത്തുനിന്നില്ല” വേദാന്തി അഭിപ്രായപ്പെട്ടു.
രാമന്റെ ജന്മസ്ഥലമായ അയോധ്യയില്‍ തന്നെ രാമക്ഷേത്രം പണിയുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാമക്ഷേത്രം ഓരോ ഹിന്ദുവിന്റേയും ആവശ്യമാണ്. ജനങ്ങള്‍ക്ക് കൊടുത്ത വാക്കാണ് അവിടെ ക്ഷേത്രം ഉയരുമെന്നത്. അത് നടപ്പിലാക്കുമെന്നും വേദാന്തി പറഞ്ഞു.
Also Read: അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നു, സംഘടനയില്‍ തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ല; റിമ കല്ലിങ്കല്‍
ഒരല്പം കൂടി ക്ഷമിക്കണമെന്നും അയോധ്യയില്‍ തന്നെ രാമക്ഷേത്രം ഉയര്‍ന്നിരിക്കുമെന്നും ചടങ്ങില്‍ യോഗി ആദിത്യനാഥ് മറുപടിയായി പറഞ്ഞു. സര്‍ക്കാര്‍ നിയമങ്ങളും നീതിന്യായ വ്യവസ്ഥകളുമെല്ലാം ഇത്തരം കാര്യങ്ങളില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമക്ഷേത്രത്തിന്റെ വിഷയത്തില്‍ ജനങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുന്നതും, ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. “2019ലെ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ക്ഷേത്രവുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കരുതെന്നാണ് കോണ്‍ഗ്രസ്സ് വക്താക്കള്‍ കോടതിയിലാവശ്യപ്പെട്ടത്. ഇതില്‍ നിന്നു തന്നെ ഇവരുടെ ഉദ്ദേശങ്ങള്‍ വ്യക്തമാണ്.” ആദിത്യനാഥ് പറയുന്നു.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് വാദിക്കുന്ന സംഘടനയാണ് രാമ ജന്മഭൂമി ന്യാസ്. വിശ്വ ഹിന്ദു പരിഷത്തുമായി അടുത്ത ബന്ധമുള്ള ന്യാസ് അയോധ്യ വിഷയത്തില്‍ കോടതിയിലെ പ്രധാന അന്യായക്കാരിലൊരാളാണ്.