| Friday, 11th February 2022, 9:41 am

കത്തോലിക്കാ പള്ളി കേന്ദ്രീകരിച്ചുള്ള ലൈംഗിക പീഡന പരാതികള്‍; അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായത് 200ലധികം പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ കത്തോലിക്കാ പള്ളിയില്‍ നടന്ന ലൈംഗിക ചൂഷണങ്ങള്‍ അന്വേഷിക്കുന്ന കമ്മീഷന് മുന്നില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട 200ലധികം പേര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്.

214ന് പേര്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായി തങ്ങള്‍ അനുഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞതായാണ് റിപ്പോര്‍ട്ട്. പലരും ഓണ്‍ലൈന്‍ വഴിയാണ് കമ്മീഷന് മുന്നില്‍ മൊഴി നല്‍കുന്നത്.

ഒരു മാസം മുമ്പായിരുന്നു പള്ളികള്‍ കേന്ദ്രീകരിച്ച് നടന്ന ലൈംഗിക പീഡനക്കേസുകളില്‍ അന്വേഷണം ആരംഭിച്ചത്.

1933നും 2006നും ഇടയില്‍ ജനിച്ച ആളുകളാണ് പീഡന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. പോര്‍ച്ചുഗലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്ന പോര്‍ച്ചുഗീസ് പൗരന്മാരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിരുന്നു.

”ഈ ആരോപണങ്ങളെല്ലാം സൂചിപ്പിക്കുന്നത് ഒരുപാട് പേരുടെ സഹനമാണ്. ഇതില്‍ പലതും പതിറ്റാണ്ടുകളായി ഒളിച്ചു വെക്കപ്പെട്ടതാണ്.

ഇതില്‍ പലരും ആദ്യമായായിരിക്കും തങ്ങളുടെ മൗനം വെടിഞ്ഞ് രംഗത്തെത്തുന്നത്,” അന്വേഷണ കമ്മീഷന്‍ പറഞ്ഞു.

2022 ജനുവരി ആരംഭത്തിലായിരുന്നു കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്.

ആറംഗ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത് റോമന്‍ കത്തോലിക് ചര്‍ച്ച് തന്നെയാണ്.

കഴിഞ്ഞ 70 വര്‍ഷത്തിനുള്ളില്‍ പോര്‍ച്ചുഗലില്‍, ഏകദേശം 3000 പുരോഹിതരും മറ്റ് മത നേതാക്കന്മാരും ചേര്‍ന്ന് രണ്ട് ലക്ഷത്തിലധികം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്, എന്ന് കഴിഞ്ഞ വര്‍ഷം പുറത്തുവന്ന ഒരു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മീഷന്‍ അന്വേഷണം ആരംഭിച്ചത്.

എന്നാല്‍ 2001 മുതല്‍ പോര്‍ച്ചുഗീസ് പുരോഹിതര്‍ ഉള്‍പ്പെട്ട ഒരു ഡസനോളം പീഡനക്കേസുകള്‍ മാത്രമാണ് അധികൃതര്‍ അന്വേഷിച്ചിട്ടുള്ളത് എന്ന് പോര്‍ച്ചുഗീസ് ചര്‍ച്ച് ഒഫീഷ്യല്‍സ് തന്നെ നേരത്തെ പറഞ്ഞിരുന്നു.

വേണ്ടത്ര തെളിവുകളില്ല, എന്ന് പറഞ്ഞ് പകുതിയിലധികം കേസുകളും പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ചര്‍ച്ചുകള്‍ കേന്ദ്രീകരിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ടവര്‍ മുന്നോട്ട് വരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അന്വേഷണ കമ്മീഷന് സ്വന്തമായി വെബ്‌സൈറ്റും ഫോണ്‍ലൈന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ ചാരിറ്റി സംഘടനകള്‍, സിവിക് അസോസിയേഷന്‍സ്, പാരിഷ് കൗണ്‍സിലുകള്‍ എന്നിവയുടെ സഹായത്തോട് കൂടിയാണ് അന്വേഷണം നടത്തുന്നത്.


Content Highlight: In Portugal, Catholic Church sex abuse panel reveals more than 200 cases

We use cookies to give you the best possible experience. Learn more