ഭോപ്പാല്‍: തെരഞ്ഞെടുപ്പ് അടുക്കുന്ന മധ്യപ്രദേശില്‍ പെറ്റി കേസുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ “പൊതുമാപ്പ്”. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരെയാണ് ഇളവു നല്‍കി സ്വതന്ത്രരാക്കുക.
ജൂലായ് 31ന് മുന്‍പായി അത്തരത്തിലുള്ളവരുടെ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാരോടും എസ്.പി മാരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിവരാജ് സിംഗ് പറഞ്ഞു. നീതിന്യായ വകുപ്പിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടരെത്തുടരെ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടതിന്റെ ചരിത്രമുള്ളവരെ ഇളവിനായി പരിഗണിക്കില്ല.
എത്രപേരെയാണ് ഇത്തരത്തില്‍ സ്വതന്ത്രരാക്കുക എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകള്‍ ലഭ്യമായിട്ടില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങളിലും ധര്‍ണകളിലും പങ്കെടുക്കുന്നതിനിടെയുള്ള നിയമലംഘനങ്ങള്‍ക്ക് പെറ്റികേസില്‍ അകപ്പെട്ട നേതാക്കള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ നീക്കം ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍, സര്‍വ്വീസില്‍ നിന്നും വിരമിച്ച ചില പൊലീസുദ്യോഗസ്ഥരും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ്സ് പാര്‍ട്ടിയും നീക്കത്തെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
“മധ്യപ്രദേശിലെ നീതിന്യായ വ്യവസ്ഥ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. കേസുകള്‍ പിന്‍വലിച്ച് ക്രിമിനലുകളെ വെറുതെവിടുന്നത് പൊലീസിന്റെ ആത്മവീര്യം കെടുത്തും” പേരു വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത മുന്‍ ഡി.ജി.പി. പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.
രാഷ്ട്രീയ ലാഭം മുന്നില്‍ക്കണ്ടാണ് ഈ നീക്കമെന്ന് മറ്റുദ്യോഗസ്ഥരും പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും സഹായിക്കാന്‍ മാത്രം ഉന്നംവച്ചുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്.
മുന്‍പ്, 2005ല്‍ മുഖ്യമന്ത്രിയായിരുന്ന ബാബുലാല്‍ ഗൗര്‍ 64,000 ക്രിമിനല്‍ കേസുകള്‍ ഇത്തരത്തില്‍ പിന്‍വലിച്ചിരുന്നു. 2012ല്‍ നിയമമന്ത്രിയായിരുന്നപ്പോഴും ഗൗര്‍ 18,000 കേസുകള്‍ പിന്‍വലിച്ച് പ്രതികളെ സ്വതന്ത്രരാക്കിയിരുന്നു.