| Monday, 28th August 2023, 9:52 am

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ മിത്രമോ ഇല്ല; ജനങ്ങള്‍ക്ക് വേണ്ടിയാണ് ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്: അജിത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ മിത്രമോയില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ബി.ജെ.പിയുടെയും ഏക്‌നാഥ് ഷിന്‍ഡെയുടെയും ഖ്യത്തില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ബിഡില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അജിത് പവാര്‍.

‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണ് ഞങ്ങള്‍ സഖ്യത്തില്‍ ചേര്‍ന്നത്. രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുവോ മിത്രമോ ഉണ്ടായിരിക്കില്ല. ഞങ്ങള്‍ മഹായുതി സഖ്യത്തിലാണെങ്കിലും എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകളെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് മഹാരാഷ്ട്രയിലെ എല്ലാവരോടും പറയാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ എല്ലായിപ്പോഴും കര്‍ഷകര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു.

‘ഞങ്ങള്‍ എല്ലായിപ്പോഴും കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും. വയലില്‍ വെള്ളമില്ലാതെ കൃഷി നടക്കില്ല. സംസ്ഥാനത്ത് ജല വിഭവ വകുപ്പിലായിരുന്നപ്പോള്‍ ഞാന്‍ ഒരുപാട് ജോലികള്‍ ചെയ്തിട്ടുണ്ട്.

സവാളയുടെ വിഷയം വന്നപ്പോള്‍ നിരവധി ഫോണ്‍ കോളുകള്‍ വന്നു. പ്രതിപക്ഷം പലപ്പോഴും തെറ്റായ വിവരമാണ് നല്‍കിയത്. ഞാന്‍ കൃഷി മന്ത്രി ധനഞ്ജയ് മുണ്ടയോട് കേന്ദ്ര നേതാക്കളെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഉടന്‍ തന്നെ ആഭ്യന്തര മന്ത്രി അമിത് ഷാ ഒരു കിലോക്ക് 24 രൂപയ്ക്ക് രണ്ട് ലക്ഷം സവാള വാങ്ങി,’ അദ്ദേഹം പറഞ്ഞു.

അതേസമയം നേരത്തെ എന്‍.സി.പി പിളര്‍ന്നില്ലെന്നും അജിത് പവാര്‍ തങ്ങളുടെ നേതാവാണെന്നും ശരദ് പവാര്‍ പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ആ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് ശരദ് രംഗത്തെത്തിയിരുന്നു. അജിത് പവാര്‍ എന്‍.സി.പി നേതാവാണെന്ന് താന്‍ പറയില്ലെന്നാണ് ശരദ് പറഞ്ഞത്.

CONTENT HIGHLIGHTS: In politics there is no permanent enemy or friend; Joined BJP for people: Ajit

We use cookies to give you the best possible experience. Learn more