Advertisement
national news
അടുത്ത 25 വര്‍ഷത്തില്‍ ജമ്മുകശ്മീരിന്റെ മുഖഛായ മാറും: നരേന്ദ്ര മോദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Apr 24, 10:09 am
Sunday, 24th April 2022, 3:39 pm

ജമ്മു: ഇരുപതിനായിരം കോടി രൂപയുടെ പദ്ധതികള്‍ ജമ്മുകശ്മീരീല്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനകാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മോദി പറഞ്ഞു. മുന്‍പ് ഇല്ലാതിരുന്ന പല കേന്ദ്രനിയമങ്ങളും പ്രാബല്യത്തിലാക്കിയത് ജമ്മുകശ്മീരിലെ ജനങ്ങളെ ശാക്തീകരിക്കാനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാര്‍ ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. 3100 കോടി രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍-ഖാസിഗുണ്ട് റോഡ് ടണലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 8.45 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനുമിടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യും. ദല്‍ഹി-അമൃത്സര്‍-കത്ര എക്സ്പ്രസ് വേയുടെ തറക്കല്ലിടലും മോദി നിര്‍വഹിച്ചു.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് മോദി ഔദ്യോഗിക പരിപാടിക്കായി ജമ്മുകാശ്മീരില്‍ എത്തുന്നത്.

ജമ്മു കാശ്മീരിലെ യുവാക്കള്‍ക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കുമെന്നും മുന്‍ഗാമികള്‍ നേരിട്ട പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്തായാലും അവരിലേക്ക് എത്തില്ലെന്നും മോദി പറഞ്ഞു. ജനാധിപത്യം താഴെത്തട്ടില്‍ എത്തിയിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനായി ഞങ്ങള്‍ എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വര്‍ഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ആ അവകാശങ്ങള്‍ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വര്‍ഷത്തില്‍ ജമ്മുകശ്മീരിന്റെ മുഖഛായ പാടെ മാറുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

 

 

 

Content Highlights: In PM’s 1st J&K Rally In 3 Years, ₹ 20,000 Crore In Projects: