പേരാമ്പ്രയില്‍ രണ്ട് തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകരെ കാപ്പ ചുമത്തി നാടുകടത്തി
Kerala News
പേരാമ്പ്രയില്‍ രണ്ട് തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകരെ കാപ്പ ചുമത്തി നാടുകടത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th September 2023, 4:15 pm

കോഴിക്കോട്: പേരാമ്പ്രയില്‍ രണ്ട് ശിവജി സേനക്കാരെ കാപ്പ ചുമത്തി നാടുകടത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് ശിവജി സേന. പരപ്പില്‍ പ്രസൂണ്‍, കഴിഞ്ഞാണ്യം തൈവെച്ച പറമ്പില്‍ ധനേഷ് എന്നിവര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയിരിക്കുന്നത്.

രണ്ടാം തവണയാണ് ഈ സംഘടയിലെ പ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തുന്നത്. നേരത്തെ ചങ്ങരോത്ത് പഞ്ചായത്ത് ജാനകി വയല്‍ സ്വദേശി അരുണ്‍ ബാലകൃഷ്ണനെയും കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പേരാമ്പ്ര കേന്ദ്രീകരിച്ചുള്ള വിവിധ ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നവരാണ് ഇവര്‍.

ഇപ്പോള്‍ കാപ്പ ചുമത്തിയെ രണ്ട് പേര്‍ക്കെതിരെയും നേരത്തെ കാപ്പ ചുമത്തിയ അരുണിനെതിരെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. പ്രസൂണിന്റെ പേരില്‍ പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ രണ്ടും, കൂരാച്ചുണ്ട്, വയനാട് ജില്ലയിലെ തൊണ്ടര്‍നാട് എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവുമുണ്ട്. ധനേഷിന്റെ പേരില്‍ പേരാമ്പ്രയിലും കൂരാച്ചുണ്ടിലും കേസുകളുണ്ട്.

നേരത്തെ ചങ്ങരോത്ത് കുളക്കണ്ടത്ത് യുവാവിനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ അറസ്റ്റിലായിരുന്ന സംഘത്തിലുണ്ടായിരുന്നവരാണ് ഇപ്പോള്‍ കാപ്പ ചുമത്തപ്പെട്ട പ്രസൂണും, ധനേഷും. കാപ്പ സെക്ഷന്‍ 15 പ്രകാരം ഇരുവരെയും ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്.

പേരാമ്പ്രയിലെ എളമാരന്‍കുളങ്ങര ക്ഷേത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പാണ് ശിവജി സേന. ഇവിടെ വെച്ച് ആയുധ പരിശീലിനവും നടത്താറുണ്ടായിരുന്നതായി നേരത്തെ വന്ന കേസുകളുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ഈ സംഘടനയില്‍ പെട്ട നിരവധി പേര്‍ പങ്കാളികളാകുകയും പിടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ വയനാട്ടിലെ വെള്ളമുണ്ടയില്‍ പെട്രോള്‍ പമ്പ് ഉടമയെ അക്രമിച്ച കേസിലും ഈ സംഘത്തിലുണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടായിരുന്നു.

നേരത്തെ പേരാമ്പ്ര നഗരത്തിലടക്കം ശിവജി സേനക്കാരുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നതായും പ്രദേശവാസികള്‍ പറയുന്നുണ്ട്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരരുതെന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററുകളില്‍ ശിവജി സേനയിലേക്ക് ക്ഷണിക്കുന്ന വാചകങ്ങളുമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

content highlights: In Perambra, two extremist Hindu activists were arrested and deported under Kappa