പാലക്കാട്: പല്ലശ്ശനയില്‍ വധൂവരന്‍മാരെ തലമുട്ടിച്ച സംഭവത്തില്‍ വരന്റെ ബന്ധുവിനെതിരെ കേസെടുത്ത് കൊല്ലങ്കോട് പൊലീസ്. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ചുമത്തിയിരിക്കുന്നത്. ബന്ധു സുഭാഷിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വധൂവരന്മാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
പല്ലശ്ശനയില്‍ സച്ചിനും ഭാര്യ മുക്കം സ്വദേശി സജ്‌ലയ്ക്കുമാണ് ദുരാചാരത്തിന്റെ പേരില്‍ തലയില്‍ ഇടി കിട്ടിയത്. ഇതിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. തുടര്‍ന്ന് വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു.
സംഭവത്തില്‍ വധുവും വരനും നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു. തന്റെ അനുഭവം ഇനി വേറെ ഒരാള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന് വധു സജ്ലയും വേദനിപ്പിച്ചിട്ടുള്ള ആചാരങ്ങളോട് യോജിപ്പില്ലെന്ന് വരന്‍ സച്ചിനും പറഞ്ഞിരുന്നു.
‘അപ്രതീക്ഷിതമായിരുന്നു ആ അടി. ചേട്ടന്റെ അനിയത്തി ആദ്യമേ പറഞ്ഞിരുന്നു, വേദനിപ്പിച്ചുള്ള ആചാരം വേണ്ടായെന്ന്. അങ്ങനെ പറഞ്ഞത് കൊണ്ട് ഇങ്ങനെയുണ്ടാകില്ലെന്നാണ് ഞാന്‍ കരുതിയത്. സത്യത്തില്‍ ആരുടെയും മുമ്പില്‍ കരയാത്ത ആളാണ് ഞാന്‍. പക്ഷേ ഇടി കിട്ടിയപ്പോള്‍ പകച്ചുപോയി,’ എന്നാണ് വീഡിയോ വൈറലായതിന് പിന്നാലെ സജ്‌ല പറഞ്ഞത്.
വധു സച്ചിന്റെ വീട്ടില്‍ എത്തിയപ്പോഴായായിരുന്നു വിചിത്ര ആചാരം നടന്നത്. പിറകില്‍ നിന്ന് ഒരാള്‍വന്ന് ഇരുവരുടെയും തല തമ്മില്‍ മുട്ടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
content highlights: In Pallasshana, the head of the bride and groom was knocked; The police registered a case against the groom’s relative