ലാഹോര്‍: പാകിസ്ഥാനില്‍ അതിജീവിതയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് പീഡനക്കേസ് പ്രതിയെ വെറുതെവിട്ടു.
പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ മുതിര്‍ന്നവരുടെ ഒരു കൗണ്‍സിലിന്റെ (council of elders) മധ്യസ്ഥതയില്‍ അതിജീവിതയുടെ കുടുംംബവുമായി ഉണ്ടാക്കിയ ‘ഒത്തുതീര്‍പ്പി’ന് ശേഷമാണ് പ്രതി ഇരയെ വിവാഹം കഴിച്ചതും പിന്നാലെ ഇയാളെ കോടതി വെറുതെവിട്ടതും.
പ്രതിയെ കോടതി മോചിപ്പിച്ചതായ വിവരം ഇയാളുടെ അഭിഭാഷകന്‍ തന്നെയാണ് പുറത്തുവിട്ടത്.
ബധിരയായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ 25കാരന്‍ ദൗലത്ത് ഖാനെ (Dawlat Khan) ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ (Khyber Pakhtunkhwa) ബുനര്‍ (Buner) ജില്ലയിലെ കീഴ്‌ക്കോടതി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍ അതിജീവിതയായ പെണ്‍കുട്ടിയുടെ കുടുംബവുമായി പ്രതി കോടതിക്ക് പുറത്തുവെച്ച് ഒത്തുതീര്‍പ്പാവുകയും ഇത് പെഷവാര്‍ ഹൈക്കോടതി (Peshawar High Court) അംഗീകരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച ഇയാള്‍ ജയില്‍ മോചിതനാകുകയായിരുന്നു.
അതിജീവിതയുടെ അകന്ന ഒരു ബന്ധു കൂടിയാണ് പ്രതിയായ ദൗലത്ത് ഖാന്‍.
പാക് കോടതിയുടെ നടപടിക്കെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളുമടക്കമാണ് പീഡനക്കേസ് പ്രതിയെ ‘കല്യാണ ഒത്തുതീര്‍പ്പിന്റെ പേരില്‍’ വെറുതെവിട്ട നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഭൂരിഭാഗം ബലാത്സംഗ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന പാകിസ്ഥാന്‍ പോലെ ഒരു രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ നിയമവിധേയമാക്കുന്ന തരത്തിലുള്ളതാണ് പീഡനക്കേസ് പ്രതിയെ വെറുതെവിട്ട ഈ കോടതി നടപടി എന്ന് ഇവര്‍ പ്രതികരിച്ചു.
പെഷവാര്‍ ഹൈക്കോടതി വിധി തങ്ങളെ പരിഭ്രാന്തരാക്കിയെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷനും പ്രതികരിച്ചു.
”ബലാത്സംഗം എന്നത് ഒത്തുതീര്‍പ്പ് ചെയ്യപ്പെടാന്‍ പാടില്ലാത്ത കുറ്റമാണ്. അത് ദുര്‍ബലമായ ഒരു ‘കോംപ്രമൈസ് വിവാഹ’ത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന ഒന്നല്ല,” മനുഷ്യാവകാശ കമ്മീഷന്‍ ട്വീറ്റ് ചെയ്തു.
Content Highlight: In Pakistan rapist released from jail on the condition he marries the victim