| Wednesday, 10th August 2022, 5:47 pm

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ചാനല്‍ പൂട്ടിച്ചു; തൊട്ടുപിന്നാലെ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: പാകിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. പ്രമുഖ പാകിസ്ഥാനി വാര്‍ത്താ ചാനലായ എ.ആര്‍.വൈ ന്യൂസിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും മാധ്യമപ്രവര്‍ത്തകനുമായ അമ്മദ് യൂസഫിനെയാണ് (Ammad Yousaf) പാകിസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ കറാച്ചിയിലെ വസതിയില്‍ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വാറണ്ടില്ലാതെയാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്നാണ് എ.ആര്‍.വൈ ന്യൂസ് ചാനല്‍ അധികൃതര്‍ ആരോപിക്കുന്നത്.

”അമ്മദ് യൂസഫിന്റെ വീട്ടിലേക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി ഇടിച്ചുകയറി. യൂസഫിന്റെ വീട്ടിലെ സി.സി.ടി.വി ക്യാമറകള്‍ തിരിച്ചുവെച്ച സംഘം വീട്ടിലേക്കുള്ള പ്രധാന എന്‍ട്രന്‍സിന് മുകളില്‍ നിന്ന് കോമ്പൗണ്ടിലേക്ക് ചാടുകയായിരുന്നു,” എ.ആര്‍.വൈ ന്യൂസ് ചാനല്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

യൂസുഫിന്റെ അറസ്റ്റ് ചാനലിനെതിരായ സര്‍ക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ച ‘കുറ്റ’ത്തിനും ‘രാജ്യദ്രോഹ’പരമായ കണ്ടന്റുകള്‍ പ്രക്ഷേപണം ചെയ്തു എന്നാരോപിച്ചും എ.ആര്‍.വൈ ന്യൂസിന്റെ സംപ്രേഷണം സര്‍ക്കാരിന്റെ റെഗുലേറ്ററി അതോറിറ്റി നിര്‍ത്തിവെച്ചിരുന്നു. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു അമ്മദ് യൂസഫിന്റെ അറസ്റ്റ്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചാനല്‍ തെറ്റായ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്തു എന്നാണ് അതോറിറ്റി ആരോപിക്കുന്നത്. വാര്‍ത്താ അവതാരകര്‍ പക്ഷപാതപരമായാണ് വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതെന്നും അതോറിറ്റി പറയുന്നു.

‘തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, സൈന്യവും സര്‍ക്കാരും തമ്മില്‍ ഭിന്നത സൃഷ്ടിക്കുവാനും കലാപമുണ്ടാക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട് വിദ്വേഷപരവും രാജ്യദ്രോഹപരവുമായ കണ്ടന്റുകള്‍ പ്രക്ഷേപണം ചെയ്തതിന്’ ചാനലിന്റെ സംപ്രേഷണം നിര്‍ത്തിവെക്കുന്നു, എന്നായിരുന്നു എ.ആര്‍.വൈ ന്യൂസിന് പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (Pakistan Electronic Media Regulatory Authortiy- PEMRA) അയച്ച നോട്ടീസില്‍ പറഞ്ഞത്.

തിങ്കളാഴ്ചയായിരുന്നു റെഗുലേറ്ററി അതോറിറ്റി ചാനലിന് കാരണംകാണിക്കല്‍ നോട്ടീസ് അയച്ചത്.

ഹിയറിങ്ങിന് വേണ്ടി ചാനലിന്റെ സി.ഇ.ഒയോട് ഓഗസ്റ്റ് പത്തിന് നേരിട്ട് ഹാജരാകാനും പാകിസ്ഥാന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി നിര്‍ദേശിച്ചിരുന്നു.

പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ചെയര്‍മാനും മുന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനെ അപകീര്‍ത്തിപ്പെടുത്താന്‍ ഭരണകക്ഷിയായ, പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് (പി.എം.എല്‍-എന്‍) അവരുടെ മീഡിയ സെല്ലിനെ എങ്ങനെ ഉപയോഗിച്ചു, എന്നതിനെക്കുറിച്ച് എ.ആര്‍.വൈ ന്യൂസ് ചാനല്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് പാകിസ്ഥാന്‍ സര്‍ക്കാര്‍ ചാനലിനെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ചത്.

പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രൈവറ്റ് ബ്രോഡ്കാസ്റ്ററാണ് എ.ആര്‍.വൈ ന്യൂസ് ചാനല്‍.

Content Highlight: In Pakistan ARY News TV journalist arrested hours after the channel was taken off air for criticism against government

We use cookies to give you the best possible experience. Learn more