| Wednesday, 19th June 2019, 10:17 am

ഓരോ ദിവസവും വേദനയോടെയാണ് തള്ളിനീക്കുന്നത്; മുഖ്യമന്ത്രിയായതുകൊണ്ട് കാരണം വെളിപ്പെടുത്തുന്നില്ല: എച്ച്.ഡി കുമാരസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ ജെ.ഡി.യു കോണ്‍ഗ്രസ് സഖ്യത്തില്‍ അസ്വാരസ്യങ്ങള്‍ തുടരവെ ഓരോ ദിവസവും താന്‍ ഏറെ വേദനയോടെയാണ് തള്ളിനീക്കുന്നതെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ അതിന്റെ കാരണം തനിക്ക് വെളിപ്പെടുത്താനാവില്ലെന്നും കുമാരസ്വാമി പറഞ്ഞു.

” എന്റെ വേദനയെ കുറിച്ച് നിങ്ങളോട് പറയുന്നില്ല. കാരണം ഞാന്‍ ഒരു മുഖ്യമന്ത്രികൂടിയാണ്. ഓരോ ദിവസവും ഈ വേദന സഹിച്ചാണ് മുന്നോട്ടുപോകുന്നത്. അത് ഞാന്‍ പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ആര് പരിഹരിക്കും”- കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കുമാരസ്വാമിയുടെ മറുപടി.

സര്‍ക്കാര്‍ നന്നായി തന്നെ മുന്നോട്ടു പോകണം. ഉദ്യോഗസ്ഥരില്‍ എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. അതുകൊണ്ട് സര്‍ക്കാരും സുരക്ഷിതമായിരിക്കും. ഇതെല്ലാമാണ് എന്റെ ഉത്തരവാദിത്തങ്ങള്‍- കുമാരസ്വാമി പറഞ്ഞു.

സര്‍ക്കാരിനെ വീഴ്ത്താന്‍ ഓപ്പറേഷന്‍ താമര ശ്രമങ്ങളുമായി ബി.ജെ.പി ഇപ്പോഴും സജീവമാണെന്ന് കുമാരസ്വാമി പറഞ്ഞിരുന്നു. കൂറുമാറാനായി ദള്‍ എം.എല്‍.എയ്ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്.

അതേസമയം സര്‍ക്കാരിന് മുന്നിലെ വെല്ലുവിളികളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ധരിപ്പിക്കാനായി ഏകോപന സമിതി അധ്യക്ഷന്‍ സിദ്ധരാമയ്യ ദല്‍ഹിയില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ വിമതസ്വരം ഉയര്‍ത്തുന്നതിനിടെയാണ് കൂടിക്കാഴ്ച.

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ താന്‍ ഏറെ ബുദ്ധിമുട്ടുന്നതായി മുന്‍പും കുമാരസ്വാമി പറഞ്ഞിരുന്നു. ലോകത്തെ രക്ഷിക്കാന്‍ കാളകൂട വിഷം കുടിച്ച പരമശിവന്റെ അവസ്ഥയിലാണ് താനെന്നായിരുന്നു അന്ന് കുമാരസ്വാമി പറഞ്ഞത്.

പ്രസ്താവനക്ക് പകരം സാഹചര്യങ്ങളെ ധൈര്യത്തോടെ നേരിടുകയാണ് കുമാരസ്വാമി ചെയ്യേണ്ടെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

നാടകീയ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ 2018 മെയ് 23 നാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യസര്‍ക്കാര്‍ അധികാരമേറ്റത്.

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം ബി.ജെ.പി.ക്ക് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം അധികാരത്തിലെത്തിയത്.

We use cookies to give you the best possible experience. Learn more