ന്യൂദല്‍ഹി: ഞങ്ങള്‍ ജീവിക്കുന്നിടത്ത് പുരുഷന്മാര്‍ മാപ്പുപറയേണ്ടതില്ലെന്ന് ബംഗ്ലദേശി എഴുത്തുകാരി തസ്ലിമ നസ്രിന്‍. ശവസംസ്‌കാര ചടങ്ങില്‍ വച്ച് അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡിനെ കടന്നുപിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത ബിഷപ്പ് മാപ്പു പറഞ്ഞ വിഷയത്തില്‍ പ്രതികരിക്കവെയാണ് തസ്ലിമയുടെ പരിഹാസസൂചകമായ പ്രസ്താവന.
കഴിഞ്ഞ ദിവസം അന്തരിച്ച ഗായിക അരീത്ത ഫ്രാങ്ക്‌ലിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിഷപ്പ് ചാള്‍സ് എല്ലിസ് ഗ്രാന്‍ഡിനോട് അപമര്യാദയായി പെരുമാറുകയും സ്പര്‍ശിക്കുകയും ചെയ്തത്. ദൃശ്യങ്ങള്‍ പുറത്തായതോടെ ലോകവ്യാപകമായി പ്രതിഷേധമുയരുകയും ബിഷപ്പ് മാപ്പു പറയുകയും ചെയ്തിരുന്നു.
Also Read: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പാസ്റ്റര്‍ പിടിയില്‍
വിഷയത്തെക്കുറിച്ച് പ്രതികരിച്ച തസ്ലിമ, പുരുഷന്മാര്‍ മാപ്പു പറയുക എന്ന രീതി ഞങ്ങളുടെ സ്ഥലത്ത് ഇല്ലെന്നും, അവര്‍ക്കിഷ്ടമുള്ളതു ചെയ്യാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും ട്വിറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അതിക്രമങ്ങളും ഇന്ത്യയിലെ അവസ്ഥയും താരതമ്യപ്പെടുത്തിയായിരുന്നു തസ്ലിമയുടെ പരിഹാസം.
“ബിഷപ്പ് ചാള്‍സ് എല്ലിസ് അരിയാനാ ഗ്രാന്‍ഡിന്റെ മാറിടത്തില്‍ സ്പര്‍ശിച്ചു. പിന്നീട് അദ്ദേഹം ഖേദപ്രകടനം നടത്തി. എന്നാല്‍ ഞങ്ങള്‍ ജീവിക്കുന്നയിടത്ത് സ്ത്രീകള്‍കളോടുള്ള മോശം പെരുമാറ്റത്തിന് പുരുഷന്മാര്‍ മാപ്പു പറയേണ്ടതില്ല. തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള അധികാരമുണ്ടെന്നാണ് അവരുടെ വിശ്വാസം” തസ്ലിമ കുറിച്ചു.
ഗ്രാന്‍ഡിനോടും ആരാധകരോടും വിശ്വാസി സമൂഹത്തോടും മാപ്പു പറയുന്നതായി ബിഷപ്പ് എല്ലിസ് പറഞ്ഞിരുന്നു. സംസാരത്തിനിടയില്‍ അറിയാതെയാണ് അപമര്യാദയായ സംസാരം ഉണ്ടായതെന്നും ബിഷപ്പ് ഒരു അഭിമുഖത്തിനിടെ ഏറ്റു പറഞ്ഞിരുന്നു.