മുംബൈ: എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്‍.ഡി.എയ്ക്ക് കേവലഭൂരിപക്ഷം കുറയുകയാണെങ്കില്‍ പ്രതിപക്ഷത്തെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യമിട്ട് എന്‍.സി.പി നേതാവ് ശരത് പവാര്‍. ചിരവൈരികളായി നില്‍ക്കുന്ന പ്രതിപക്ഷത്തെ പറഞ്ഞ് ബോധ്യപ്പെടുത്തി ഒരുമിക്കുകയന്ന ദൗത്യമാണ് ശരത് പവാര്‍ ഏറ്റെടുത്തിരിക്കുന്നത്.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, തെലങ്കാന രാഷ്ട്ര സമിതി നേതാവ് കെ. ചന്ദ്രശേഖര റാവു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തുടങ്ങിയവരുമായി ശരത് പവാര്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം ലഭിക്കുകയാണെങ്കില്‍ പിന്തുണയ്ക്കണമെന്നാണ് ശരത് പവാര്‍ ആവശ്യപ്പെട്ടത്.
യു.പി.എയ്ക്ക് തങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ തങ്ങള്‍ പിന്തുണ നല്‍കുമെന്ന കാര്യം ചന്ദ്രശേഖര റാവുവും നവീന്‍ പട്‌നായിക്കും ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം ജഗന്‍ മോഹന്‍ റെഡ്ഡി പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അദ്ദേഹം യാത്രയിലായതിനാല്‍ എന്‍.സി.പിക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജഗന്‍ മോഹന്‍ റെഡ്ഡിയെ എന്‍.ഡി.എയും നോട്ടമിടുന്നുണ്ട്. കേവലഭൂരിപക്ഷം ഇല്ലാത്ത അവസ്ഥവന്നാല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടാനുള്ള ശ്രമങ്ങള്‍ എന്‍.ഡി.എ ഇതിനകം തുടങ്ങിയിട്ടുണ്ട്.
പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശ്രമിക്കുന്ന ചന്ദ്രബാബു നായിഡുവുമായും ശരത് പവാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബി.ജെ.പി ഇതര സര്‍ക്കാര്‍ എന്ന ലക്ഷ്യം ഉയര്‍ത്തിക്കാട്ടി ചന്ദ്രബാബു നായിഡു പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളായ മായാവതി, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.