പറ്റ്‌ന: യു.പിയില്‍ റോഡപകടത്തില്‍ പരിക്കേറ്റവരേയും കൊല്ലപ്പെട്ടവരേയും ഒരേ ട്രക്കില്‍ ജാര്‍ഖണ്ഡിലേക്ക് കയറ്റിവിട്ട് യു.പി സര്‍ക്കാര്‍. തുറന്ന ട്രക്കില്‍ പരിക്കേറ്റവര്‍ക്കൊപ്പം ടാര്‍പോളിനില്‍ പുതഞ്ഞായിരുന്നു മൃതദേഹം അയച്ചത്.
എന്നാല്‍ യു.പി സര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രംഗത്തെത്തി. മനുഷ്യത്വ രഹിതമായ നടപടിയാണ് യു.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ശനിയാഴ്ച രാവിലെ ലഖ്‌നൗവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള ഔറിയ എന്ന സ്ഥലത്ത് നടന്ന അപകടത്തിലാണ് അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് മൃതദേഹം ലോറിയില്‍ കയറ്റി വിട്ടത്. ഇതേ അപകടത്തില്‍ പരിക്കേറ്റവരേയും മൃതദേഹത്തിനൊപ്പം ട്രക്കില്‍ കയറ്റി വിടുകയായിരുന്നു.
‘കുടിയേറ്റ തൊഴിലാളികളെ കൈകാര്യം ചെയ്ത ഈ നടപടി ഒഴിവാക്കേണ്ടതായിരുന്നു. ജാര്‍ഖണ്ഡ് അതിര്‍ത്തി വരെയെങ്കിലും നിങ്ങള്‍ക്ക് അവരെ മറ്റൊരു വാഹനത്തില്‍ എത്തിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ ബൊകാറോയിലുള്ള അവരുടെ വസതിയിലേക്ക് ഞങ്ങള്‍ അവരെ എത്തിക്കുമായിരുന്നു’ യു.പി സര്‍ക്കാരിനേയും നിതീഷ് കുമാറിനേയും ടാഗ് ചെയ്തുകൊണ്ട് ഹേമന്ത് സോറന്‍ ട്വിറ്ററില്‍ കുറിച്ചു.