എന്റെ ഫോട്ടോ ഷെയര്‍ ചെയ്തതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പില്‍ വിജയിക്കില്ല; മുസ്‌ലീങ്ങള്‍ക്കെതിരായ പ്രസംഗത്തെ പ്രതിരോധിക്കാത്ത ബി.ജെ.പി ഐ.ടി സെല്‍ പ്രതിനിധികളോട് പൊട്ടിത്തെറിച്ച് മനേകാ ഗാന്ധി
ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള പ്രസംഗം വിവാദമായപ്പോള്‍ ബി.ജെ.പി ഐ.ടി സെല്‍ തന്നെ പിന്തുണച്ചില്ലെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി മനേകാ ഗാന്ധി. ബി.ജെ.പി ഐ.ടി സെല്‍ പ്രതിനിധികളും നേതാക്കളും പങ്കെടുത്ത യോഗത്തിലായിരുന്നു മനേകാ പൊട്ടിത്തെറിച്ചത്.
” ഐ.ടി സെല്‍ നന്നായിട്ടല്ല ഈ വിഷയം കൈകാര്യം ചെയ്തത്. അവര്‍ എന്റെ പ്രസംഗം പുറത്തുവിട്ടില്ല. അതിനെ തുടര്‍ന്നുണ്ടായ വിവാദവും ശ്രദ്ധിക്കാന്‍ പോയില്ല. എനിക്ക് ഇങ്ങനെയൊരു ഐ.ടി സെല്ലിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ദിവസം മുഴുവന്‍ ഫേസ്ബുക്കില്‍ എന്റെ ഫോട്ടോ കൊടുത്തതുകൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കുമെന്ന് നിങ്ങള്‍ കരുതുണ്ട.
ഞങ്ങളെ ആളുകള്‍ ടാര്‍ഗറ്റ് ചെയ്യുന്നത് നിങ്ങള്‍ എപ്പോള്‍ കാണുന്നുണ്ടോ അപ്പോള്‍ പ്രതികരിക്കണം. ശക്തമായി. ഒരാള്‍ ടാര്‍ഗറ്റ് ചെയ്യാന്‍ തുടങ്ങിയാല്‍ അതിന് പിന്നാലെ നിരവധി ആക്രമണങ്ങള്‍ വരും. അതിനെയെല്ലാം പ്രതിരോധിക്കാനാവണം. നിങ്ങള്‍ ഇനിയും ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഐ.ടി സെല്‍ എന്ന ഒരു വിഭാഗത്തിന്റെ ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല..- മനേകാ ഗാന്ധി പറഞ്ഞു.
മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയാണ് മനേകാ ഗാന്ധി ഐ.ടി സെല്‍ പ്രതിനിധികളോട് ദേഷ്യപ്പെടുന്ന വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ മുസ്‌ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ പ്രസംഗം പുറത്തുവന്നത്.
मेनका गांधी कल कह रही थी मुस्लिम वोटर की जरुरत नहीं, आज कह रही हैं उन्हें अपने आईटी सेल की जरुरत नहीं? अब उल्टा पुल्टा बोलोगे तो विडियो में तो दिखेगा ही इसमें आईटी सेल क्या करेगा बेचारा? pic.twitter.com/ebSSQgOWPi
തനിക്കുവോട്ടു ചെയ്തില്ലെങ്കില്‍ മുസ്ലീങ്ങള്‍ അവരുടെ ആവശ്യവുമായി തന്നെ സമീപിച്ചാല്‍ പരിഗണിക്കില്ലെന്നായിരുന്നു മനേകാ ഗാന്ധി പറഞ്ഞത്. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മനേകാ ഗാന്ധിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
‘ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്’ എന്നും മനേകാ ഗാന്ധി മുന്നറിയിപ്പു നല്‍കിയിരുന്നു.
‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്‌ലീങ്ങളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്നത്തിലാവും. ഏതെങ്കിലും മുസ്‌ലീം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? (ചിരിക്കുന്നു) . ‘ എന്നായിരുന്നു മനേകാ ഗാന്ധി പറഞ്ഞത്.
‘ഞാന്‍ ഇതിനകം തെരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞു. പക്ഷേ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ട്. അതിന് തുടക്കമിടാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന അവസരമാണിത്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ 100 ഓ 50 ഓ വോട്ടുനല്‍കി നിങ്ങള്‍ വന്നുനോക്കൂ, നമുക്ക് കാണാം… ഞനൊരു വേര്‍തിരിവും കാണിക്കില്ല, എനിക്ക് വേദനയും ദു:ഖവും സ്നേഹവും മാത്രമേ കാണാനാവൂ. അതിനാല്‍ എല്ലാം നിങ്ങളുടെ കൈകളിലാണ്.’ എന്നായിരുന്നു മനേക പറഞ്ഞത്.
പിലിബിറ്റില്‍ നിന്നുള്ള എം.പിയായ മനേകാ ഗാന്ധി പത്തുദിവസം മുമ്പ് സുല്‍ത്താന്‍പൂര്‍ സീറ്റില്‍ നിന്നാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. വരുണ്‍ ഗാന്ധിയുടേതാണ് നിലവില്‍ ഈ സീറ്റ്. എന്നാല്‍ ഇത്തവണ വരുണ്‍ പിലിബിറ്റിലേക്ക് മാറുകയായിരുന്നു.