ട്രംപിന്റെ ഡച്ച് പതിപ്പ്; നെതർലാൻഡ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇസ്‌ലാം വിരുദ്ധമായ പാർട്ടി ഫോർ ഫ്രീഡം
World News
ട്രംപിന്റെ ഡച്ച് പതിപ്പ്; നെതർലാൻഡ്സ് തെരഞ്ഞെടുപ്പിൽ വിജയിച്ച് ഇസ്‌ലാം വിരുദ്ധമായ പാർട്ടി ഫോർ ഫ്രീഡം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd November 2023, 10:35 pm

ആംസ്റ്റർഡാം: നെതർലാൻഡ്സ് പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച് തീവ്രവലതുപക്ഷ, ഇസ്‌ലാം വിരുദ്ധ രാഷ്ട്രീയ നേതാവായ ഗീർട്ട് വിൽഡേഴ്‌സിന്റെ പാർട്ടി ഫോർ ഫ്രീഡം (പി.വി.വി).

എതിരാളികളായ ഇടതുപക്ഷ മുന്നണിയിൽ നിന്ന് ബഹുദൂരം മുന്നിലാണ് പി.വി.വി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഡച്ച് രാഷ്ട്രീയത്തിലെ ഏറ്റവും ദുഖകരമായ വാർത്തയെന്നാണ് തെരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

മുഴുവൻ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ഗീർട്ട് വിൽഡേഴ്‌സിന്റെ പി.വി.വി പാർലമെന്റിലെ 150 സീറ്റുകളിൽ 37 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വെറും 17 സീറ്റുകൾ മാത്രമായിരുന്നു പി.വി.വി നേടിയിരുന്നത്.

നെതർലാൻഡ്സിനെ ഇസ്‌ലാം മുക്തമാക്കണമെന്ന് വാദിക്കുന്നവരിൽ പ്രധാനിയാണ് വിൽഡേഴ്സ്. നെതർലാൻഡ് ഒരു ഇസ്‌ലാമിക രാജ്യം അല്ലെന്നും പള്ളികളും ഇസ്‌ലാമിക് സ്കൂളുകളും അനുവദിക്കില്ലെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.

പി.വി.വിയുടെ വിജയം രാജ്യത്തെ മുസ്‌ലിം ജനതയിൽ വലിയ ആശങ്കകൾ സൃഷ്ടിച്ചതായി റിപ്പോർട്ടുകളുണ്ട്.

നെതർലാൻഡ്സിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കുമെന്നും വിൽഡേഴ്സ് വാഗ്ദാനം നൽകിയിരുന്നു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന വിഷയമായിരുന്നു കുടിയേറ്റം.

2016ൽ മൊറോക്കൻ വംശജർക്കെതിരെ മോശം പരാമർശം നടത്തിയതിന് വിൽഡേഴ്സിനെതിരെ കേസെടുത്തിരുന്നു.

യു.എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഡച്ച് പതിപ്പ് എന്നറിയപ്പെടുന്ന വിൽഡേഴ്സിന് ഭരണം നേടണമെങ്കിൽ സഖ്യ സർക്കാർ രൂപീകരിക്കേണ്ടതുണ്ട്. എന്നാൽ മുഖ്യധാരാ പാർട്ടികൾ അദ്ദേഹവുമായി സംഖ്യത്തിലേർപ്പെടാൻ വിമുഖത കാണിക്കുന്നതിനാൽ ഇത് പ്രയാസകരമായിരിക്കുമെന്നാണ് വിലയിരുത്തൽ.

Content Highlight: In Netherlands, anti-Islam Wilders wins general elections