| Tuesday, 21st July 2020, 10:10 am

കശ്മീരിലെ പാഠഭാഗത്തില്‍ നിന്നും വിഘടനവാദ രാഷ്ട്രീയ ഭാഗങ്ങള്‍ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനഭാരം കുറയ്ക്കുന്നതിനായി പാഠഭാഗങ്ങളില്‍ നിന്ന നിര്‍ണായകമായ ഭാഗങ്ങള്‍ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരെവെ വീണ്ടും വെട്ടിതിരുത്തല്‍. എന്‍.സി.ആര്‍.ടി പന്ത്രണ്ടാം തരത്തിലെ രാഷ്ട്രമീമാംസയിലെ കശ്മീരിനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

കശ്മീര്‍ രാഷ്ട്രീയത്തിലെ നിര്‍ണായകമെന്ന് വിലയിരുത്തപ്പെടുന്ന വിഘടനവാദ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്ത് സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമാക്കിയത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ‘റീജിയണല്‍ ആസ്പിരേഷന്‍സ്’ എന്ന പാഠത്തിലാണ് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2019 ആഗ്‌സ്ത് 5നാണ് കശ്മീരിന് പ്രത്യേക ഭരണഘടന പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 പാര്‍ലമെന്റ് എടുത്ത് കളഞ്ഞത്.

‘1989കളില്‍ കശ്മീരില്‍ ഉയര്‍ന്നുവന്ന വിഘടനവാദ രാഷ്ട്രീയം വ്യത്യസ്ത രൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇവരില്‍ ചിലര്‍ ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നും സ്വതന്ത്രമായി ഒരു പ്രത്യേക കശ്മീരി രാഷ്ട്രം ആഗ്രഹിക്കുന്നവരാണ്. കശ്മീര്‍ പാകിസ്താനുമായി ലയിക്കണമെന്ന് ആഗ്രഹിക്കുന്ന ഗ്രൂപ്പുകളുമുണ്ട്. ഇന്ത്യന്‍ യൂണിയനുള്ളില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വയംഭരണാവകാശം ആവശ്യപ്പെടുന്നവരാണ് മൂന്നാമത്തെ വിഭാഗം. സ്വയംഭരണമെന്ന ആശയം ജമ്മു, ലഡാക്ക് പ്രദേശങ്ങളിലെ ജനങ്ങളെ വ്യത്യസ്തമായ രീതിയിലാണ് ആകര്‍ഷിക്കുന്നത്. അവഗണനയെയും പിന്നോക്കാവസ്ഥയെയും കുറിച്ച് അവര്‍ പലപ്പോഴും പരാതിപ്പെടുന്നുണ്ട്. അതിനാല്‍, സംസ്ഥാന സ്വയംഭരണത്തിനുള്ള ആവശ്യം ശക്തമാണ്’. പാഠപുസ്തകത്തിലെ ഒഴിവാക്കിയ പ്രസക്ത ഭാഗങ്ങളില്‍ ഒന്നാണിത്.

രാജ്യത്തെ സി.ബി.എസ്.സി അംഗീകൃത സ്‌കൂളുകളിലെല്ലാം ഉപയോഗിക്കുന്നത് എന്‍.സി. ഇ.ആര്‍.ടി. ടെക്സ്റ്റ് ബുക്കുകളാണ്.

We use cookies to give you the best possible experience. Learn more