ബെംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
29 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ഗോമാത, കര്‍ഷകര്‍ എന്നിവരുടെ നാമത്തിലും ദൈവനാമത്തിലുമായാണ് ചില മന്ത്രിമാര്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിയത്.
മന്ത്രിയായി അധികാരമേറ്റ പ്രഭു ചൗഹാന്‍ ഗോമാത നാമത്തിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. ലിംഗായത്ത് വിഭാഗത്തില്‍ നിന്നെത്തിയ മുരുഗേഷ് നിരാനി കര്‍ഷകരുടെയും ദൈവത്തിന്റെയും നാമത്തില്‍ അധികാരമേല്‍ക്കുന്നുവെന്നാണ് പ്രതിജ്ഞ ചെയ്തത്.
അതേസമയം യെദിയൂരപ്പയുടെ മകന്‍ വിജയേന്ദ്രയെ ഉള്‍പ്പെടുത്താതെയായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കര്‍ണാടകയില്‍ പുതിയ മന്ത്രിസഭാ വികസനം നടപ്പിലാക്കിയത്.
മകന് വേണ്ടി യെദിയൂരപ്പ സമ്മര്‍ദ്ദം ചെലത്തിയിരുന്നെങ്കിലും അവസാന നിമിഷത്തില്‍ ബസവരാജ് തന്റെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിമാരില്ല എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു.
യെദിയൂരപ്പയ്ക്കേറ്റ കനത്ത തിരിച്ചടിയായാണ് ബസവരാജയുടെ തീരുമാനത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ബസവരാജ് ബൊമ്മെയുടെ മന്ത്രിസഭയില്‍ ഇടപെടില്ലെന്ന് യെദിയൂരപ്പ പറഞ്ഞിരുന്നു. ബസവയ്ക്ക് ആരെ വേണമെങ്കിലും മന്ത്രിയാക്കാമെന്നും അത്തരം കാര്യങ്ങളില്‍ താന്‍ ഇടപെടില്ലെന്നുമാണ് യെദിയൂരപ്പ പറഞ്ഞിരുന്നത്.
പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് ആരെ വേണമെങ്കിലും മന്ത്രിയാക്കാന്‍ ബസവയ്ക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഈ വിഷയത്തില്‍ താന്‍ ഒരുതരത്തിലുമുള്ള അഭിപ്രായവും പറയില്ലെന്നും യെദിയൂരപ്പ പറഞ്ഞിരുന്നു.
എന്നാല്‍ മകനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള ശ്രമങ്ങള്‍ യെദിയൂരപ്പ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം, എല്ലാ സമുദായങ്ങള്‍ക്കും യുവനേതൃത്വത്തിനും പരിഗണന നല്‍കിയാണ് മന്ത്രിസഭാവികസനം.
Content Highlights: In Name of God, Gomatha, Farmers New Karnataka Ministers Take Oath in Unique Ways
കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത വാര്‍ത്തയില്‍ ‘ഗോമാതാവിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു’ എന്നത് ‘ഗോമൂത്ര നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു’ എന്ന് ന്യൂസ് 18 വാര്‍ത്തയെ അടിസ്ഥാനമാക്കി ഡൂള്‍ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.