ഇറ്റാര്‍സി: ഓണ്‍ലൈന്‍ പരീക്ഷാ സംമ്പ്രദായം മാറ്റിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്ത് മധ്യപ്രദേശിലെ ഗവണ്‍മെന്റ് ഐ.ടി.ഐ വിദ്യാര്‍ത്ഥികളും അധ്യാപകരും. അധ്യാപകരുടെ നിര്‍ദ്ദേശത്തെതുടര്‍ന്നാണ് ഇറ്റാര്‍സിയിലെ വിദ്യാര്‍ത്ഥികള്‍ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്ന പ്രതിജ്ഞയെടുത്തത്.
ഇറ്റാര്‍സിയിലെ വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും അധികൃതരും പ്രതിജ്ഞയെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.
ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം ഉടന്‍ മാറ്റണമെന്നാണ് ഐ.ടി.ഐ അധികൃതരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം. അല്ലെങ്കില്‍ ബി.ജെ.പിയുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും ഓരോ 24 മണിക്കൂറിലും മൂന്ന് പേരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞയെടുപ്പിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
“മോദി സര്‍ക്കാര്‍ ഓണ്‍ലൈന്‍ പരീക്ഷാ സമ്പ്രദായം അവസാനിപ്പിച്ചില്ലെങ്കില്‍ ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയ്ക്ക് വോട്ടു ചെയ്യില്ല. ഒരു തരത്തിലും ഒരു ബി.ജെ.പി പ്രവര്‍ത്തകനെയും പിന്തുണക്കുകയുമില്ല. ഓരോ 24 മണിക്കൂറിലും മൂന്ന് പേരെ കൊണ്ട് ഇങ്ങനെ പ്രതിജ്ഞയെടുപ്പിക്കുമെന്നും ഞാന്‍ പ്രതിജ്ഞയെടുക്കുന്നു” വിജയലക്ഷ്മി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു.
റിപ്പബ്ലിക് ദിനത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഈവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണിത്.