| Thursday, 14th May 2020, 9:33 am

രാജ്യത്തെ ഭൂരിപക്ഷം വധശിക്ഷാ വിധികളും 'പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ' കൂടി എന്ന് പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: രാജ്യത്തെ ഭൂരിപക്ഷം വധശിക്ഷാ വിധികളും പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ  കൂടിയെന്ന് പഠനം. ദൽഹി ഹൈ​ക്കോടതി 2000 മുതൽ 2015 വരെ വധശിക്ഷ വിധിച്ച 72 ശതമാനം കേസുകളിലും പൊതുബോധം ഒരു നിർണായക ഘടകമായെന്ന് ക്രിമിനൽ റീഫോംസ് അഡ്വക്കസി ​ഗ്രൂപ്പ് പ്രൊജക്ട് 39 എ എന്ന് പേരിട്ട് നടത്തിയ പഠനം പറയുന്നു.

സമാനമായ രീതിയിൽ മധ്യപ്രദേശിൽ വധശിക്ഷ വിധിച്ച 42 ശതമാനം കേസുകളിലും, മഹാരാഷ്ട്രയിലെ 51 ശതമാനം കേസുകളിലും പൊതുബോധം നിർണായക ഘടകമായെന്നും ​പഠനം സൂചിപ്പിച്ചു.

ദൽഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കോടതികളിൽ വധശിക്ഷയ്ക്ക് വിധിച്ച 215 കോടതി വിധിപകർപ്പുകൾ പഠിച്ചാണ് പഠനം നടത്തിയത്. ദൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി വിഭാ​ഗത്തിൽ അസിസ്റ്റൻഡ് പ്രൊഫസറായ ഡോ. അനൂപ് സൂരേന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

വധശിക്ഷ ഏറ്റവും കൂടുതൽ നൽകിയ സംസ്ഥാനങ്ങൾ ആയതിനാലാണ് മധ്യപ്രദേശ്, മഹാരാഷ്ട്ര, ദൽഹി എന്നിവയെ പഠനത്തിന് തെരഞ്ഞെടുത്തത്. വധശിക്ഷ വിധിച്ച കേസുകളിലെല്ലാം തന്നെ സമൂഹ മനസാക്ഷിയെ മുറിവേൽപ്പിക്കുന്ന നടപടിയാണ് പ്രതികളുടേത്, അത് കൊണ്ട് അവർ കടുത്ത ശിക്ഷ തന്നെ അനുവഭിക്കണമെന്നാണ് കോടതി പറയുന്നതെന്നും പഠനത്തിൽ പറയുന്നു.

112 കേസുകളിലും കോടതിയെ നയിച്ചതിൽ സമൂഹ മനസാക്ഷിയ്ക്ക് നിർണായക പങ്കുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. വിചാരണക്കോടതികൾ പലതും വധശിക്ഷ നൽകുന്നതിൽ സാഹചര്യങ്ങളെയും ആശ്രയിക്കുന്നുവെന്നും പഠനം കണ്ടെത്തി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more