| Tuesday, 15th September 2020, 2:27 pm

ഭഗത് സിങും അംബേദ്കറും സ്വപ്‌നം കണ്ട ഇന്ത്യയ്ക്കായുള്ള എന്റെ സഖാവിന്റെ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ ഇടം പിടിക്കും

ജിഗ്നേഷ് മേവാനി

ഭീമ കൊറേഗാവ്- ദല്‍ഹി കലാപ കേസുകളില്‍, പൗരാകാശ പ്രവര്‍ത്തകരും അഭിഭാഷകരുമടക്കം എതിരഭിപ്രായം പ്രകടിപ്പിക്കുന്ന എല്ലാവരെയും തെരഞ്ഞു പിടിച്ച് വേട്ടയാടുന്ന രാഷ്ട്രീയ പ്രേരിതമായ അറസ്റ്റുകളില്‍ എന്റെ പ്രിയ സുഹൃത്ത് ഉമര്‍ ഖാലിദിന്റെ ഊഴവും എത്തിയിരിക്കുകയാണ്.

ഞങ്ങളെല്ലാവരും ഇത് പ്രതീക്ഷിച്ചതുമാണ. അന്വേഷണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സഹകരിച്ചയാളാണ് ഉമര്‍ ഖാലിദ്. ജൂലായ് 31 ഞായറാഴ്ച്ച അഞ്ച് മണിക്കൂറോളം അവനെ ചോദ്യം ചെയ്തിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു.

മഹാമാരിക്കിടയിലും ഒരു രാത്രി മുഴുവന്‍ യാത്ര ചെയ്ത് ദല്‍ഹിയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് അന്വേഷണത്തിന്റെ ഭാഗമായി പോയവനാണ് അവന്‍.

യു.എ.പി.എ ചുമത്തി ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട ഉമര്‍, കലാപം പൊട്ടിപ്പുറപ്പെട്ട ഫെബ്രുവരി 23 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ അവിടെ ഉണ്ടായിരുന്നു പോലുമില്ല. എന്നിട്ടും അവനെ കലാപത്തിന്റെ സൂത്രധാരനായി മുദ്രകുത്തുകയാണ്.

ഇന്ത്യയിലെ അതോറിറ്റേറിയന്‍ ഭരണകൂടത്തിന്റെ വളര്‍ച്ച പ്രകടമായ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ രണ്ട് വീഡിയോയിലൂടെ മനസിലാക്കാവുന്നതാണ്. 2020 ഫെബ്രുവരി മാസം മുതല്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കപില്‍ മിശ്രയും, അനുരാഗ് താക്കൂറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗോലി മാരോ സാലോം കോ എന്ന് ഓണ്‍ റെക്കോര്‍ഡില്‍ അലറുന്നത് നാം കേട്ടതാണ്.

മറുഭാഗത്ത് ഞങ്ങള്‍ അക്രമത്തിന് അക്രമം കൊണ്ടും, വിദ്വേഷത്തിന് വിദ്വേഷം കൊണ്ടും മറുപടി പറയില്ലെന്ന് വ്യക്തമായി പറയുകയായിരുന്നു ഉമര്‍. അവര്‍ വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ ഞങ്ങള്‍ സ്നേഹം കൊണ്ട് പ്രതികരിക്കും, അവര്‍ ഞങ്ങളെ ലാത്തികൊണ്ട് മര്‍ദ്ദിക്കുമ്പോള്‍ ഞങ്ങള്‍ ത്രിവര്‍ണ പതാക മുറുകെ പിടിക്കുമെന്നുമായിരുന്നു അവന്‍ പറഞ്ഞത്.

സമാധാനം പ്രദോഷിക്കുന്നവര്‍ തീവ്രവാദികളായി മാത്രം മുദ്രകുത്തപ്പെടുന്നിടം

നരേന്ദ്ര മോദിയുടെ ഇന്ത്യയില്‍ സമാധാനം പ്രദോഷിക്കുന്ന ഉമര്‍ ഖാലിദിനെ പോലൊരാള്‍ തീവ്രവാദിയെന്നും വഞ്ചകനെന്നും വിളിക്കപ്പെടേണ്ടവനും, കൂടുതല്‍ മുസ്ലിങ്ങള്‍ ഇരയായ കലാപത്തില്‍ കുറ്റാരോപിതനാകേണ്ടയാളുമാണ്.

ഇവിടെ കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗവും ഉമര്‍ ഖാലിദിന്റെ അറസ്റ്റുമെല്ലാം പൊതുമധ്യത്തിലാണ് നടക്കുന്നത്. പക്ഷേ സര്‍ക്കാര്‍ സൗഹൃദ മാധ്യമങ്ങള്‍ കാര്യങ്ങളെല്ലാം മറ്റൊരു രീതിയില്‍ കണ്ട് സമാധാനത്തെ കുറിച്ച് പറയുന്നവരെ വില്ലന്മാരാക്കാനുള്ള ശ്രമമാണ് തുടരുന്നത്.

2016 ഫെബ്രുവരിയില്‍ രാജ്യദ്രോഹകുറ്റത്തിന് ഉമര്‍ ഖാലിദിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാധ്യമ വിചാരണ നടക്കുന്ന സമയം മുതല്‍ എനിക്ക് അദ്ദേഹത്തെ അറിയാം.

അധികാരത്തോട് സത്യം പറയുന്ന, വിയോജിപ്പിനാല്‍ ഒരു തിരമാല തന്നെ തീര്‍ത്ത, മോദിയുടെ ഭൂരിപക്ഷ ജനാധിപത്യത്തെ വിമര്‍ശിച്ച ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍പെടുന്നയാളാണ് ഉമറും.

വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ മോദിയുടെ ഭരണത്തിനെതിരായ വിയോജിപ്പറിയിക്കാന്‍ എങ്ങിനെയാണ് ഉമര്‍ ഖാലിദും, കന്നയ്യ കുമാറും, അനിര്‍ബന്‍ ഭട്ടാചാരിയും വ്യത്യസ്ത മാര്‍ഗങ്ങള്‍ തെരഞ്ഞെടുത്തതെന്ന് നമ്മള്‍ കണ്ടതാണ്.

ഹിന്ദി ഭാഷയിലെ പ്രാവീണ്യവും മികച്ച ആശയ വിനിമയ ശേഷിയും ബീഹാറുമായുള്ള വേരുകളും ഒരു ഭാവി രാഷ്ട്രീയ നേതാവായി കന്നയ്യ കുമാറിനെ ഉയര്‍ത്തി. ഉമറും അനിര്‍ബനും അക്കാദമിക് മേഖലയിലുള്ള താത്പര്യങ്ങളെ മുന്‍നിര്‍ത്തി മുന്നോട്ട് പോയി.

ഉമര്‍ ഒരു പ്രോമിസിങ്ങ് അക്കാദമിഷ്യനും ആക്റ്റിവിസ്റ്റുമായിരുന്നു ആദ്യം. രാഷ്ട്രീയത്തിലേക്ക് അദ്ദേഹത്തിന് തീരെ താത്പര്യമില്ലെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.

പൗരത്വ ഭേദഗതി നിയമത്തിന് ശേഷമുള്ള അരക്ഷിതാവസ്ഥയില്‍ ഉമര്‍ ഒരു മാസ് ലീഡറായി മാറുന്ന കാഴ്ച്ചയാണ് കണ്ടത്. 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ ഇന്ത്യയിലങ്ങോളമിങ്ങോളം അദ്ദേഹം യാത്ര ചെയ്തു, മതേതരത്വത്തെക്കുറിച്ചും, ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും സംസാരിച്ചു.

പലരെയും സംബന്ധിച്ചിടത്തോളം മുസ്ലിം വിഭാഗത്തിന്റെ ശബ്ദമാണ് ഉമര്‍ ഇപ്പോഴെന്ന് എനിക്കറിയാം. പക്ഷേ അദ്ദേഹത്തെ ഒരു മുസ്ലിം നേതാവായല്ല മറിച്ച് ഒരു ബഹുജന യുവനേതാവായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

2018ല്‍ ഭീമ കൊറേഗാവ് സംഭവം നടക്കുമ്പോള്‍ ഉമര്‍ അവിടെയുണ്ടായിരുന്നു. ഉമര്‍ ഒരു മുസ്ലിം ശബ്ദം മാത്രമായിരുന്നില്ല. ഒരു ജാതിവിരുദ്ധ സോഷ്യലിസ്റ്റ് ശബ്ദം കൂടിയായിരുന്നു. അംബേദ്കറുടെ സാമൂഹിക നീതിയെക്കുറിച്ചും, പൗരാവകാശത്തെക്കുറിച്ചുമുള്ള കാഴ്ച്ചപ്പാടുകളില്‍ ഉറച്ച് വിശ്വസിക്കുന്നവനുമായിരുന്നു.

മാധ്യമ വിചാരണ നേരിട്ടവന്‍

മാധ്യമങ്ങള്‍ എന്നെ ഒരു ദളിത് നേതാവായി മാത്രമാണ് കണ്ടത്. അതേസമയം അവര്‍ രാഹുല്‍ ഗാന്ധിയേയും അമിത് ഷായേയും ഒരു ബ്രാഹ്മണ്‍ നേതാവായും, ജൈന നേതാവായും കാണില്ല.

ഇതുകൊണ്ടാണ് സ്വത്വത്തിന് അപ്പുറം ഒരു വ്യക്തിയെ കാണണമെന്ന് ഞാന്‍ പറയുന്നത്. (സ്വത്വത്തെ അടിസ്ഥാനമാക്കിയുള്ള അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള അവകാശങ്ങളെ മാനിച്ചു കൊണ്ട്).

ജെ.എന്‍.യുവില്‍ പഠിക്കുന്ന സമയം മുതല്‍ എനിക്കറിയുന്ന ഉമര്‍ മതപരമായ ആയൊരാളല്ല. 2016 ല്‍ സര്‍ക്കാരിന്റെ മാധ്യമങ്ങളാണ് ഉമറിനെ ഇസ് ലാമാക്കി മാറ്റാനുള്ള ദൗത്യം ഏറ്റെടുത്തത്.

തന്റെ മുസ്ലിം പേരുകൊണ്ടും മുസ്ലിം മതവിശ്വാസം പിന്തുടരുന്ന കുടുംബത്തില്‍ നിന്ന് വരുന്നതുകൊണ്ടും ഇന്ത്യന്‍ മുസ്ലിമുകള്‍ക്ക് നേരെയുള്ള അനീതിക്കെതിരെ സംസാരിച്ചതുകൊണ്ടുമാണ് ഉമര്‍ വേട്ടയാടപ്പെടുന്നത്, മാര്‍ക്സിസം മനസിലാകുന്ന ദളിത് കുടുംബത്തില്‍ നിന്ന് വരുന്ന ആനന്ദ് തെല്‍തുംദയേപ്പോലുള്ളവര്‍ നക്സലൈറ്റുകള്‍ ആയതു പോലെ തന്നെ.

ഒരു തെളിവുമില്ലാതെ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തതു പോലെ. അതുപോലെ കോടതിയും, പൊലീസും, മോദിയും അമിത് ഷായും മറ്റെല്ലാ മെഷിനറിയും ചേര്‍ന്ന് നിരീശ്വരവാദിയായ ഉമറിനെ മുസ്ലിമാക്കുകയായിരുന്നു, എന്തെന്നാല്‍ അവനെ വില്ലനാക്കാന്‍ അതിനേക്കാള്‍ മികച്ച ഒന്നില്ല എന്നതുകൊണ്ട് തന്നെ.

ഭീകരവാദികളോട് അനുതപിക്കുന്നവനായി മുദ്രകുത്തി അവന്റെ നേര്‍ക്ക് കെട്ടിചമച്ച കുറ്റകൃത്യങ്ങള്‍ എങ്ങിനെയാണ് സൃഷ്ടിച്ചെടുത്തത് എന്നത് ഞെട്ടലുളവാക്കുന്നതാണ്.

ഇന്ത്യയില്‍ ഇപ്പോഴുള്ള രാഷ്ട്രീയ തടവുകാരെല്ലാം ഇടതുപക്ഷമായതിന്റെയോ മുസ്ലിമായതിന്റയോ വില കൊടുക്കേണ്ടി വന്നവരാണ്.

ദല്‍ഹി കലാപകേസിന്റെ കുറ്റപത്രത്തില്‍ ഉമറും, യുണൈറ്റഡ് എഗയിന്‍സ്റ്റ് ഹേറ്റിന്റെ സ്ഥാപകന്‍ ഖാലിദ് സെയിഫിയും, പിഞ്ച്റ തോഡില്‍ നിന്നുള്ള എന്റെ സുഹൃത്തുക്കളായ ദേവാങ്കണ കലിത, നതാഷ നര്‍വാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വലിയൊരു ഗൂഢാലോചന നടത്തി എന്നാണ് പറയുന്നത്. പക്ഷേ ഏറ്റവും വലിയ ഗൂഢാലോചന മറ്റെവിടെ നിന്നോ ആണ് വരുന്നത്.

ഭരണഘടനാപരമായ നീതിക്ക് വേണ്ടിയും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും അനുകൂലമായ ശബ്ദമുണ്ടാക്കിയവരെ, ജിഹാദികളും നക്സലൈറ്റുകളും, ഇന്ത്യയെ നശിപ്പിക്കാന്‍ വരുന്ന ഇസ്ലാമിസ്റ്റ് മാവോയിസ്റ്റ് ഗൂഢാലോചകരുമാക്കുന്ന തിരക്കഥയുടെ ഭാഗമാണത്.
അതെ ഇന്ത്യ നശിപ്പിക്കപ്പെടുക തന്നെ ചെയ്തു. പക്ഷേ ഉമര്‍ ഖാലിദിനാലല്ല, അധികാരത്തിലിരിക്കുന്നവരാലാണ്.

ഏറെ തമാശകള്‍ പറയുന്ന, എന്റെ പ്രിയ സുഹൃത്തും സഖാവുമായ ഉമര്‍ ഖാലിദിന്റെ പോരാട്ടങ്ങള്‍ ചരിത്ര പുസ്തകങ്ങളില്‍ ഇടംപിടിക്കുക ഇന്ത്യയെ നശിപ്പിച്ചവനായിട്ടല്ല, ഭഗത് സിങും അംബേദ്കറും സ്വപ്നം കണ്ട ഇന്ത്യയുടെ മറ്റൊരു ശില്‍പ്പിയായിട്ടാണ്.

മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി പ്രിന്റിന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ജിഗ്നേഷ് മേവാനി

രാഷ്ട്രീയപ്രവര്‍ത്തകന്‍. ഗുജറാത്തിലെ വാദ്ഗാം മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ

We use cookies to give you the best possible experience. Learn more