| Monday, 8th October 2018, 2:43 pm

നജീബിന്റെ തിരോധനം: അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐയ്ക്ക് ദല്‍ഹി ഹൈക്കോടതിയുടെ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: രണ്ട് വര്‍ഷം മുന്‍പ് ജവഹര്‍ലാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കാണാതായ നജീബ് അഹമ്മദിന്റെ കേസിന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐക്ക് ദല്‍ഹി ഹൈക്കോടതിയുടെ അനുമതി. ജസ്റ്റിസുമാരായ എസ് മുരളീധര്‍, വിനോദ് ഗോയല്‍ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.

അന്വേഷണം നിരീക്ഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അപേക്ഷിച്ചുകൊണ്ട് നജീബിന്റെ അമ്മ ഫാത്തിമ നഫീസ് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. തനിക്കു ലഭ്യമായ എല്ലാ അവകാശങ്ങളും വിനിയോഗിച്ചുകൊണ്ട് നഫീസിനു വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

മകനെ കുറിച്ചന്വേഷിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഫീസ് 2016 നവംബര്‍ ഇരുപത്തിയഞ്ചിന് കോടതിയെ സമീപിച്ചിരുന്നു. ഏഴു മാസത്തോളമായിട്ടും കേസില്‍ യാതൊരു പുരോഗതിയും ഉണ്ടാക്കാന്‍ സാധിക്കാതിരുന്ന ദല്‍ഹി പോലീസില്‍നിന്നും സി.ബി.ഐ കേസ് ഏറ്റെടുക്കുകയായിരുന്നു. സി.ബി.ഐ അന്വേഷണത്തെ ദല്‍ഹി പോലീസ് എതിര്‍ത്തിരുന്നില്ല. തങ്ങളുടെ കടമ തങ്ങള്‍ നിര്‍വഹിച്ചു കഴിഞ്ഞു എന്നായിരുന്നു ദല്‍ഹി പൊലീസിന്റെ നിലപാട്.

Also Read:ബ്രൂവറി അനുമതി റദ്ദാക്കി; കീഴടങ്ങുകയല്ല നാടിന് വേണ്ടി വിട്ടുവീഴ്ച ചെയ്തതാണെന്ന് മുഖ്യമന്ത്രി

അന്ന് കേസിന്റെ വിധി സെപ്റ്റംബര്‍ നാലിലേക്ക് കോടതി മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് പതിനാറിന് കേസ് ഏറ്റെടുത്ത സി.ബി.ഐ, ഒരു വര്‍ഷത്തെ അന്വേഷണത്തിനു ശേഷവും നജീബിനെതിരായി യാതൊരു കുറ്റകൃത്യവും നടന്നതായി കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കോടതിയോട് പറയുകയായിരുന്നു. 2016 ഒക്ടോബര്‍ പതിനാറിനാണു ജെ.എന്‍.യുവിലെ മാഹി മാണ്ഡവി ഹോസ്റ്റലില്‍ നിന്നും നജീബിനെ കാണാതാകുന്നത്.

തലേദിവസം രാത്രിയില്‍ ഏതാനും എ.ബി.വി.പി വിദ്യാര്‍ഥികളുമായുണ്ടായ സംഘര്‍ഷത്തിന് ശേഷമായിരുന്നു നജീബിന്റെ തിരോധാനം. നജീബിന്റെ തിരോധാനത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമാണ് ഉള്ളതെന്നും, സി.ബി.ഐ തങ്ങളുടെ യജമാനരുടെ മുന്നില്‍ മുട്ടുമടക്കിയെന്നും നഫീസിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

നജീബിനെ അക്രമിക്കുന്നതിനു ദൃക്സാക്ഷികളായ 18 വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ എട്ടു അക്രമികളെ തിരിച്ചറിഞ്ഞുവെന്നും, അവരെ കണ്ടെത്താനോ മൊഴി എടുക്കാനോ സി.ബി.ഐ തയ്യാറായില്ലെന്നും അദ്ദേഹം കോടതിയില്‍ ആരോപിച്ചു. പരാതിയില്‍ പറയുന്ന എട്ടു പേര്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more